പ്രവർത്തകർക്കും പൊലീസിനും പരിക്ക്
തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിന്റെ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തൈക്കാട്ടെ ഔദ്യോഗിക വസതിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് അക്രമാസക്തമായി. എട്ടു യുവമോർച്ച പ്രവർത്തകർക്കും നാലു പൊലീസുകാർക്കും പരിക്കേറ്റു.
സംഗീതകോളേജിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം മന്ത്രിയുടെ വസതിക്ക് സമീപം ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് തള്ളിക്കയറാൻ ശ്രമിച്ചു. തുടർന്ന് പൊലീസിന് നേർക്ക് കല്ലേറുണ്ടായി. കല്ലേറ് വർദ്ധിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകഷെല്ലുകളും പ്രയോഗിച്ചു. വിഷ്ണു, രഞ്ജിത്ത്, ശ്യാം, വിനേഷ്, രാമേശ്വരം ഹരി, ശ്രീലാൽ, പൂങ്കുളം സതീഷ് എന്നിവർക്ക് പരിക്കേറ്റു. തലയ്ക്കു പരിക്കേറ്റ വിഷ്ണു, രഞ്ജിത്ത് എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രവർത്തകരുടെ കല്ലേറിൽ എ.ആർ ക്യാമ്പിലെ നാലു പൊലീസുകാർക്കും പരിക്കേറ്റു. ക്യാമ്പിലെ ശരത് ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഒരു മണിക്കൂറോളം നീണ്ട സംഘർഷത്തിനൊടുവിൽ പൊലീസ് അകാരണമായി മർദ്ദിച്ചെന്നാരോപിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു. തുടർന്നു നടന്ന ധർണ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന ട്രഷറർ ആർ. സമ്പത്ത്, ജില്ലാ പ്രസിഡന്റ് ജെ.ആർ. അനുരാജ്, സംസ്ഥാന സെക്രട്ടറി രാഗേന്ദു എന്നിവർ സംസാരിച്ചു.