ബാലരാമപുരം: ബാലരാമപുരം പഞ്ചായത്ത് സി.എച്ച്.സിയിൽ ഇ- ഹെൽത്ത് ഡ്യൂട്ടിയിൽ നിന്ന് ആശാവർക്കർമാരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റിന് കരിങ്കൊടികാട്ടി. ഇന്നലെ രാവിലെ 11 മണികഴിഞ്ഞാണ് സംഭവം. ബാലരാമപുരം പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ ജീവിതശൈലീ രോഗനിയന്ത്രണം, ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തൽ എന്നീ പദ്ധതികളുടെയും ഇ- ഹെൽത്ത് രജിസ്ട്രേഷന്റെയും ഉദ്ഘാടനം നടക്കുന്നതിനിടെയാണ് പുറത്ത് ബി.ജെ.പി പ്രതിഷേധം നടന്നത്.
സി.എച്ച്.യിൽ ഒ.പി ടിക്കറ്റ് ഇ- ഹെൽത്ത് വിഭാഗത്തിൽ 7 പേരെ പഞ്ചായത്ത് നിയമിച്ചിരുന്നു. നിലവിലെ ആശാപ്രവർത്തകരെ പരിഗണിക്കാതെയായിരുന്നു ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുമായി ചേർന്ന് ഈ നിയമനം. നിലവിലെ ആശാപ്രവർത്തകരെ ഒഴിവാക്കിയതിലും നിയമനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തിലെ മുഴുവൻ ആശാപ്രവർത്തകരും ജില്ലാ മെഡിക്കൽ ഓഫീസർക്കും പഞ്ചായത്ത് സെക്രട്ടറിക്കും, സി.എച്ച്.സി മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്ന് പഞ്ചായത്തിലെ 24 ആശാപ്രവർത്തകർ സി.എച്ച്.സിക്ക് മുന്നിൽ ഇന്നലെ മുദ്രാവാദ്യം മുഴക്കി പ്രതിഷേധിച്ചു. ഉദ്ഘാടനം കഴിഞ്ഞ് പുറത്ത് വന്ന പഞ്ചായത്ത് പ്രസിഡന്റിനെ ഇവർ തടയാൻ ശ്രമിച്ചു. പിന്നാലെ ബി.ജെ.പി പ്രവർത്തകർ കൂകിവിളിച്ച് കരിങ്കൊടി കാട്ടുകയായിരുന്നു. സി.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുരക്ഷവേലിതീർത്ത് പ്രസിഡന്റിനെ വാഹനത്തിൽ കയറ്റുകയായിരുന്നു. നിയമനം അനധികൃതമാണെന്നും സി.എച്ച്.സി ഒ.പി ടിക്കറ്റ് ഈ ഹെൽത്ത് സംവിധാനത്തിൽ ഒരു വേതനം പോലും കൈപ്പറ്റാതെയാണ് തങ്ങൾ ജോലിനോക്കിയിരുന്നതെന്നും പഞ്ചായത്ത് നടപടി പ്രതിഷേധാർഹമാണെന്നും ആശാപ്രവർത്തകർ അറിയിച്ചു. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ നടപടി സ്വീകാര്യമാണെന്ന നിലയിൽ കോൺഗ്രസ് മെമ്പർമാർ ഉദ്ഘാടനത്തിൽ പങ്കാളികളായി. ബി.ജെ.പി മെമ്പർമാരായ എസ്. രാജേഷ്, ഹേമലത, എം.ഐ. മിനി, സിന്ധു എന്നിവർ പഞ്ചായത്ത് പരിപാടി ബഹിഷ്കരിച്ച് ആശാപ്രവർത്തകരുടെ പ്രതിഷേധത്തിൽ പങ്കുചേർന്നു. ബി.ജെ.പി ബാലരാമപുരം പഞ്ചായത്ത് നോർത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു, ജനറൽ സെക്രട്ടറി അനീഷ് കർത്ത, സെക്രട്ടറിമാരായ ഷിബുമോൻ ഐ.കെ, സനൽ, മണ്ഡലം സെക്രട്ടറി എം.എസ്.ഷിബുകുമാർ, യുവമോർച്ച പ്രസിഡന്റ് ശ്രീജിത്ത്, സന്തോഷ് ചിറത്തല, വേണു, വിനോദ്, സതീഷ്, രഘു,കുട്ടൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.