തിരുവനന്തപുരം:ലൈംഗിക പീഡന വിവാദത്തിൽ ഷൊർണൂർ എം.എൽ.എയും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.കെ. ശശിക്കെതിരായ പാർട്ടിതല അച്ചടക്ക നടപടിയിൽ ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനം എടുത്തേക്കും.
മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതി എം.പിയും അടങ്ങിയ പാർട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ഇന്നത്തെ നേതൃയോഗം പരിഗണിച്ചേക്കും. നാളെ സംസ്ഥാന സമിതിയും ചേരുന്നുണ്ട്. ശശിക്കെതിരായ പരാതിക്കൊപ്പം, തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന ശശിയുടെ ആരോപണത്തിലും കമ്മിഷൻ റിപ്പോർട്ടിൽ ചില കണ്ടെത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും സി.പി.എം നേതൃത്വം അന്തിമതീരുമാനം എടുക്കുക.
പാലക്കാട് ജില്ലാ ഘടകത്തിലെ രൂക്ഷമായ ശീതസമരത്തിന്റെ തുടർച്ചയായി വിവാദത്തെ വിലയിരുത്തുന്നവരുണ്ട്. ജില്ലയിലെ പാർട്ടിയിൽ നിന്നുതന്നെ ശശിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കത്തുകൾ സംസ്ഥാന നേതൃത്വത്തിന് പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനം ജില്ലയിലെ പാർട്ടിയിൽ ചലനങ്ങൾ സൃഷ്ടിച്ചേക്കാം.
ശബരിമല സ്ത്രീപ്രവേശന വിവാദത്തിൽ ഇടതുമുന്നണിയും സി.പി.എം സ്വന്തം നിലയ്ക്കും പ്രചാരണ യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ചർച്ചകളും ഇന്നും നാളെയുമായുള്ള സെക്രട്ടേറിയറ്റ്, സംസ്ഥാനകമ്മിറ്റി യോഗങ്ങളിലുണ്ടാവും. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അടവ് നയം സംബന്ധിച്ച് ചർച്ച ചെയ്ത കഴിഞ്ഞ കേന്ദ്രകമ്മിറ്റി തീരുമാനം യോഗത്തിൽ റിപ്പോർട്ട് ചെയ്യും. കേരളത്തിലെ മുന്നണി വിപുലീകരണം ഇതിന്റെ ഭാഗമായി ചർച്ചയായേക്കാം. മുന്നണിക്ക് പുറത്ത് സഹകരിച്ച് നിൽക്കുന്ന ലോക്‌താന്ത്രിക് ജനതാദൾ, ഐ.എൻ.എൽ കക്ഷികളെ ഉൾപ്പെടുത്തുന്നതിൽ സി.പി.എമ്മിന് അനുകൂലസമീപനമാണെന്ന് സൂചനയുണ്ട്. കേന്ദ്രനേതാക്കളും യോഗത്തിനെത്തും.