ദുബായ്: 'കേരളകൗമുദി' യു.എ.ഇയിലെ പ്രവാസികൾക്കായൊരുക്കുന്ന 'കെ.എസ്.എഫ്.ഇ പ്രവാസിചിട്ടി കൗമുദി നൈറ്റ് ' കലാവിരുന്ന് ഇന്ന് വൈകിട്ട് ആറിന് അജ്‌മാനിലെ റമദാ ഹോട്ടൽ ആൻ‌ഡ് സ്യൂട്ട്സിലെ ദി മജസ്‌റ്റിക് ബാൾ റൂമിൽ അരങ്ങേറും. യു.എ.ഇയിലെ ഏഴ് എമിറേറ്റ്‌സുകളിൽ നിന്നും പ്രവാസി മലയാളികൾ അജ്മാനിലേക്ക് ഒഴുകിയെത്തും. വിനീത് ശ്രീനിവാസന്റെ സംഗീത ബാൻഡിന്റെ യു.എ.ഇയിലെ അരങ്ങേറ്ര വേദിയെന്ന പ്രത്യേകതയും കൗമുദി നൈറ്റിനുണ്ട്.

പുതുമുഖ നായിക അനുസിതാരയുടെയും സംഘത്തിന്റെയും നൃത്തപരിപാടിയാണ് കൗമുദിനൈറ്റിന്റെ മറ്റൊരാകർഷണം. ഇന്നലെ അജ്മാനിലെത്തിയ അനുസിതാര, ഷാർജയിലെ ക്യാമ്പിലെത്തി പരിശീലനത്തിൽ പങ്കെടുത്തു. ചിരിയുടെ മാലപ്പടക്കവുമായി മനോജ് ഗിന്നസ്, പഴയകാല ഗാനങ്ങളുമായി ആലപ്പി ബെന്നി എന്നിവരും കെ.എസ്.എഫ്.ഇ പ്രവാസിചിട്ടി കൗമുദി നൈറ്റിൽ അണിനിരക്കും. സേവനം ഷാർജ എമിറേറ്റ്സ് സെന്റർ കമ്മിറ്റി അംഗങ്ങൾ ഒരുക്കുന്ന ശ്രീനാരായണഗുരുദേവന്റെ അർദ്ധനാരീശ്വര സ്‌തവത്തിന്റെ രംഗാവിഷ്‌കാരവും ഉണ്ടാകും.

വൈകിട്ട് നാലിന് പൊതുസമ്മേളനം വിനീത് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. സേവനം സെന്റർ ഷാർജ എമിറേറ്റ്‌സ് കമ്മിറ്റി പ്രസിഡന്റ് കെ.വി.ശശീന്ദ്രൻ അദ്ധ്യക്ഷനാവും. വൈസ് പ്രസിഡന്റ് ബിനുമനോഹർ സ്വാഗതം ആശംസിക്കും. സേവനം സെന്റർ സെൻട്രൽകമ്മിറ്റി പ്രസിഡന്റ് എം.കെ.രാജൻ, സെക്രട്ടറി പ്രദീപ്കുമാർ, ട്രഷറർ ബാബുകണ്ടശേരി, ഷാർജ എമിറേറ്റ്‌സ് കമ്മിറ്റി സെക്രട്ടറി ബിജുകുമാർ, ട്രഷറർ പ്രഭാകരൻ പയ്യന്നൂർ, കേരളകൗമുദി ബ്രോഡ്‌കാസ്റ്റിംഗ് ഹെഡ് എ.സി.റെജി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ, സെക്രട്ടറി അബ്‌ദുള്ള മല്ലശേരി, ട്രഷറർ ബാലകൃഷ്‌ണൻ, സേവനം വനിതാ വിഭാഗം ഭാരവാഹികളായ പത്മിനി ശശീന്ദ്രൻ, സുമാ പ്രദീപ്, വർണാ ബിജു, സെൻട്രൽ കമ്മിറ്റി കോ-ഓർഡിനേറ്റർ ലതാ വേണുഗോപാൽ എന്നിവർ പ്രസംഗിക്കും. കേരളകൗമുദി പരസ്യവിഭാഗം കോർപറേറ്റ് മാനേജർ സുധീർകുമാർ, കൗമുദി ടി.വി പരസ്യവിഭാഗം കോർപറേറ്റ് മാനേജർ രാജീവ്കുമാർ എന്നിവർ പങ്കെടുക്കും

മഹാഗുരു ട്രെയിലർ പ്രകാശനം

കൗമുദി ടി.വിയിൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന ശ്രീനാരായണഗുരുദേവന്റെ ജീവിതം ആധാരമാക്കിയുള്ള 'മഹാഗുരു' പരമ്പരയുടെ ട്രെയിലർ ലോഞ്ചിംഗ് കൗമുദി നൈറ്റിൽ നടക്കും. ഗുരുദേവന്റെ ജീവചരിത്രം 100 അദ്ധ്യായങ്ങളിൽ പ്രതിപാദിക്കുന്ന മെഗാപരമ്പരയാണിത്.മഞ്ചുവെള്ളായണിയുടെ തിരക്കഥയിൽ ഡോ.മഹേഷാണ് സംവിധാനം നിർവഹിക്കുന്നത്.