rcc
ആർ.സി.സിയിലെ പേവാർഡിനോട് ചേർന്നുള്ള മാലിന്യ കൂമ്പാരം.

തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും പകർച്ചവ്യാധി ഭീഷണിയിൽ. ആശുപത്രിയിലെ ഇൻസിനറേറ്റർ കേടായതോടെ മൂന്നാഴ്‌ചയായി മാലിന്യ സംസ്‌കരണം നടക്കുന്നില്ല. ഇതോടെ പേവാർഡിനോട് ചേർന്ന് പ്ലാസ്റ്റിക് കവറിൽ കെട്ടിയ മാലിന്യങ്ങൾ കുന്നുകൂടുകയാണ്.

അതീവഗുരുതരാവസ്ഥയിലുള്ളവരാണ് പേ വാർഡിലുള്ളത്. ദിവസേന ചികിത്സയ്‌ക്കെത്തുന്നവരും പകർച്ചവ്യാധിയുടെ നിഴലിലാണ്. ഭക്ഷണാവശിഷ്‌ടങ്ങൾ, പഞ്ഞി, തുണി, സാനിറ്ററി നാപ്കിൻ തുടങ്ങിയവയാണ് കവറിൽ കെട്ടി കൂട്ടിയിട്ടിരിക്കുന്നത്. ഇതുകാരണം പേവാർഡിന് സമീപം മൂക്കുപൊത്താതെ വരാനാകില്ല.

ഇൻസിനറേറ്റർ കേടായതോടെ മാലിന്യങ്ങൾ ആശുപത്രി വളപ്പിൽ കുഴിച്ചിടാൻ തുടങ്ങിയിരുന്നു. എന്നാൽ മൂന്ന് ആഴ്ചയായി ഇതും നിലച്ചതോടെയാണ് കവറിൽ കെട്ടി കൂട്ടിയിടാൻ തുടങ്ങിയത്.

200 മുതൽ 300 കിലോ വരെ മാലിന്യം

ദിവസേന 200 മുതൽ 300 കിലോ വരെ മാലിന്യമാണ് ആർ.സി.സിയിൽ കുന്നുകൂടുന്നത്. വാർഡുകളിൽ നിന്നുൾപ്പെടെയുള്ള മാലിന്യമാണ് ഇൻസിനറേറ്ററിലൂടെ സംസ്‌കരിക്കുന്നത്. 400 മുതൽ 500 കിലോ വരെ സംസ്‌കരണ ശേഷിയുള്ള ഇൻസിനറേറ്രറാണ് ഇവിടെയുള്ളത്. കാലപ്പഴക്കമാണ് തകരാറിന് കാരണമെന്നാണ് വിവരം.

എൻ.എ.ബി.എച്ച് അക്രഡിറ്റേഷനുള്ള ആതുരാലയം

ചികിത്സാ സംവിധാനത്തിലും അടിസ്ഥാന സൗകര്യത്തിലും മുന്നിട്ടുനിൽക്കുന്ന ആശുപത്രികൾക്ക് ലഭിക്കുന്ന നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്‌പിറ്റൽ ആൻഡ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് (എൻ.ബി.എച്ച്) അംഗീകാരം ആർ.സി.സിക്കുണ്ട്. മൂന്നുവർഷം മുമ്പാണ് അംഗീകാരം ആർ.സി.സി സ്വന്തമാക്കിയത്. എന്നാൽ ഇൻസിനറേറ്റർ കേടായതോടെ മാലിന്യസംസ്‌കരണം പോലും കാര്യക്ഷമമായി നടത്താൻ കഴിയാതായി.

'ഇൻസിനറേറ്റർ കേടായിരിക്കുകയാണ്. അറ്റകുറ്റപ്പണി നടത്തിയാലേ പ്രവർത്തിക്കാനാകൂ. മാലിന്യം സംസ്കരിക്കുന്നതിന് സ്ഥലം ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ സമീപിച്ചിട്ടുണ്ട്."

- ഡോ. രാംദാസ്, ഡയറക്ടർ ഇൻ -ചാർജ്