ramesh-chennithala

തിരുവനന്തപുരം: ഉത്തരവ് റദ്ദാക്കിയാലും ബ്രൂവറി ലൈസൻസ് അഴിമതിയാരോപണത്തിൽ നിന്ന് മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും രക്ഷപ്പെടാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബ്രൂവറി, റാഫേൽ അഴിമതി കേസുകളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ യു.ഡി.എഫ്. നിയോജകമണ്ഡലങ്ങളിൽ നടത്തിയ സായാഹ്ന ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം അഴിമതിനിരോധന വകുപ്പിലെ 17എ ഭേദഗതിയനുസരിച്ച് നേരിട്ട് കേസിന് പോകാനാവില്ല. അതുകൊണ്ടാണ് അനുമതിക്കായി ഗവർണറെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് മൂന്ന് കത്തുകൾ നൽകിയിട്ടുണ്ട്.അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഉത്തരവ് റദ്ദാക്കിയാലും അഴിമതിക്ക് ശ്രമം നടത്തിയിട്ടുണ്ടെങ്കിൽ വിചാരണയിൽ നിന്ന് രക്ഷപ്പെടാനാവില്ല.ശബരിമല വിഷയത്തിൽ സംസ്ഥാനത്തെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതരത്തിലുള്ള സുപ്രീം കോടതി വിധി കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി അവധാനത കാട്ടിയില്ല. ആചാരങ്ങൾ സംരക്ഷിക്കപ്പെടണം. അത് പറയുമ്പോൾ നവോത്ഥാന ചരിത്രമാണ് മുഖ്യമന്ത്രി പറയുന്നത്. അതിനാകട്ടെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അവകാശവുമില്ല. ചെന്നിത്തല പറഞ്ഞു.

യു.ഡി. എഫ്. തിരുവനന്തപുരം നിയോജകമണ്ഡലം കമ്മിറ്റി കിഴക്കേക്കോട്ടയിൽ നടത്തിയ പരിപാടിയിൽ ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് അദ്ധ്യക്ഷത വഹിച്ചു. വി. എസ്. ശിവകുമാർ എം. എൽ. എ, യു.ഡി.എഫ് നേതാക്കളായ എം.പി.സാജു, പോൾ, രാംമോഹൻ, ഡി. സി. സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു.