. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ആസ്ട്രേലിയ പൊരുതി സമനില നേടി.
. അവസാനദിനം 362/8 എന്ന നിലയിൽ
പുറത്താകാതെ നിന്നു
. സമനില നൽകിയത് ഉസ്‌മാൻ ഖ്വാജ (141), ട്രാവിസ് ഹെഡ് (72),
ക്യാപ്ടൻ ടീം പെയ്ൻ (61 നോട്ടൗട്ട്) എന്നിവരുടെ പോരാട്ടം.
പാകിസ്ഥാന് പണികൊടുത്തത് പാകിസ്ഥാനിൽ
ജനിച്ച ആസ്ട്രേലിയൻ താരം ഉസ്‌മാൻ ഖ്വാജ
ദുബായ് : ആസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ വിജയം പ്രതീക്ഷിച്ചുനിന്ന പാകിസ്ഥാന് അക്കിടി പറ്റി. രണ്ടാം ഇന്നിംഗ്സിൽ ഒന്നര ദിവസത്തോളം ആൾ ഒൗട്ടാകാതെ പിടിച്ചുനിന്ന ആസ്ട്രേലിയ വിജയ തുല്യമായ സമനില നേടിയെടുത്തു.
നാലാം ദിവസം ലഞ്ചിന് ശേഷം 462 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗങ്ങസിനിറങ്ങിയ ആസ്ട്രേലിയ അവസാന ദിവസം സ്റ്റംപെടുക്കുമ്പോൾ 362/8 എന്ന നിലയിലായിരുന്നു. സെഞ്ച്വറി നേടിയ ഒാപ്പണർ ഉസ്‌മാൻ ഖ്വാജയുടെയും (141) അർദ്ധസെഞ്ച്വറികൾ നേടിയ ക്യാപ്ടൻ ടിം പെയ്‌നിന്റെയും (61 നോട്ടൗട്ട്), ട്രാവിസ്ഹെഡിന്റെയും (72) പോരാട്ടമാണ് ആസ്ട്രേലിയയെ സമനിലയിലെത്തിച്ചത്. ആദ്യ ഇന്നിംഗ്സിൽ 482 റൺസ് നേടിയ പാകിസ്ഥാനെതിരെ ആസ്ട്രേലിയ 202 ന് ആൾ ഒൗട്ടായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സ് പാകിസ്ഥാൻ 181/6ന് ഡിക്ളയർ ചെയ്തു.
അഞ്ചാംദിവസം കളി തുടങ്ങുമ്പോൾ ആസ്ട്രേലിയ 136/3 എന്ന നിലയിലായിരുന്നു ഖ്വാജയും ഹെഡുമായിരുന്നു ക്രീസിൽ. ആദ്യ സെഷനിൽ ഇവർ വിക്കറ്റ് നൽകിയില്ല. ചായയ്ക്ക് മുമ്പാണ് ഹെഡിനെയും ലാബുഷാംഗെയെയും (13) പാകിസ്ഥാൻ പുറത്താക്കിയത്. എന്നാൽ ചായ സമയം കഴിഞ്ഞും ഖ്വാജ ഒരറ്റത്ത് കരുതലോടെ നിന്നു. ടിം പെയ്‌ൻ കൂടിയെത്തിയതോടെ പാകിസ്ഥാന്റെ വിജയപ്രതീക്ഷകൾ അസ്തമിക്കാൻ തുടങ്ങി. കളി തീരാൻ 14.3 ഒാവർ ബാക്കിയുള്ളപ്പോഴാണ് ഖ്വാജ മടങ്ങിയത്. 524 മിനിട്ട് ക്രീസിൽ പിടിച്ചുനിന്ന ഖ്വാജ 302 പന്തുകൾ നേരിട്ട് 11 ബൗണ്ടറികൾ പായിച്ചു.ഖ്വാജ മടങ്ങിയത് ശേഷം സ്റ്റാർക്ക് (1), സിഡിൽ (0) എന്നിവർ പുറത്തായെങ്കിലും നഥാൻ ലയണിനെ (5 നോട്ടൗട്ട്) കൂട്ടുനിറുത്തി ടിം വെയ്‌ൻ സമനില കാത്തു.