ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദമത്സരം നാളെ
സുഷൗ: അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ഫുട്ബാൾ ടീം നാളെ ചൈനയെ നേരിടുന്നു. മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കരുണിയനും അടങ്ങുന്ന ഇന്ത്യൻ ടീം ചൈനീസ് നഗരമായ സുഷൗവിലാണ് മത്സരത്തിനിറങ്ങുന്നത്.
അടുത്ത വർഷത്തെ എ.എഫ്.സി കപ്പ് മുൻനിറുത്തിയുള്ള പരിചയമാണ് ഇൗ മത്സരത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ചൈനയ്ക്ക് ഇതൊരു സൗഹൃദ മത്സരമാണെങ്കിലും തങ്ങളെ സംബന്ധിച്ചിടത്തോളം ജീവൻമരണ പോരാട്ടമാണെന്നാണ് ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ വിശേഷിപ്പിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം യുവനിരയെയും അണിനിരത്തിയാണ് കോൺസ്റ്റന്റൈൻ ടീമിനെ ഒരുക്കിയിരിക്കുന്നത്.
. കഴിഞ്ഞ 13 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയാണ് ഇന്ത്യൻ ടീം. ഇതിൽ ഒൻപത് മത്സരങ്ങളിൽ വിജയിക്കാൻ കഴിഞ്ഞു.
. ഇന്ത്യയും ചൈനയും തമ്മിൽ ഇതുവരെ 17 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.
. അതിൽ 12 തവണയും വിജയം നേടിയത് ചൈനയാണ്.
ഇന്ത്യൻ ടീം
ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർസിംഗ്, കരൺജിത് സിംഗ്. ഡിഫൻഡർമാർ: പ്രീതം കോട്ടാൽ, സാർത്ഥക് ഹൊലുയി, സന്ദേശ് ജിംഗാൻ, അനസ് എടത്തൊട്ടിക, സലാം രഞ്ജൻ സിംഗ്, സുഭാഷിഷ് ബോസ്, നാരായൺദാസ്. മിഡ്ഫീൽഡേഴ്സ്: ഉദാന്ത സിംഗ്, നിഖിൽ പൂജാരി, പ്രണോയ് ഹാൽദർ, റൗളിൻ ബോർഗസ്, അനിരുദ്ധ് താഷ, വിനീത് റായ്, ഹാളിചരൺ നർസാറി, ആഷിഖ് കരുണിയൻ.
സ്ട്രൈക്കർമാർ: സുനിൽ ഛെത്രി, ജെജെ ലാൽ പെഖുല, സുമീത് വസി, ഫാറൂഖ് ചൗധരി.
ചൈനയുടെ മണ്ണിൽ ചെന്ന് അവരെ കീഴടക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ അത് അസാദ്ധ്യമൊന്നുമല്ല.
അനസ് എടത്തൊടിക
ഇന്ത്യൻ ഡിഫൻഡർ