കഴക്കൂട്ടം: ആർ.എസ്.എസുകാരെ പേടിച്ച് പൊലീസ് തന്റെ പിറകെ നടക്കുന്നു. ഒരു നല്ല കാര്യത്തിനു വേണ്ടി മരിക്കാൻ പോലും എനിക്ക് വിഷമമില്ല. ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് കരിങ്കൊടി കാണിക്കുന്നവരും പ്രതിഷേധിക്കുന്നവരും പറയാൻ ബാദ്ധ്യസ്ഥരാണ്. ബാർ കോഴക്കേസ് അന്വേഷിച്ച സുകേശന് ഐ.പി.എസ് കിട്ടിയതുമായി ബന്ധപ്പെട്ട് കുളത്തൂർ പൗരാവലിയും ശ്രീനാരായണ ഗ്രന്ഥശാലയും ചേർന്ന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ താനോ സർക്കാരോ എന്താണ് ചെയ്തത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന് ചൊല്ലുണ്ട്. അതിനെ അന്വർത്ഥമാക്കുന്ന നിലയിലാണ് കാര്യങ്ങൾ. കരിങ്കൊടി കാണിച്ച ആർ.എസ്.എസിന്റെ ഉന്നതരായിട്ടുള്ള അഞ്ച് വനിതകളാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. സുപ്രീംകോടതി ഒരു നിയമം പാസാക്കിയാൽ ഗവൺമെന്റിന് നടപ്പിലാക്കിയേ പറ്റൂ. നാളെ ആരെങ്കിലും പുനഃപരിശോധന ഹർജി കൊടുത്ത് വിധി മറ്റൊന്നായാൽ സർക്കാർ അതും അനുസരിക്കും. സമരം ചെയ്യുന്ന ഈ കൂട്ടർ കേന്ദ്രത്തോട് പറഞ്ഞ് പാർലമെന്റിൽ ഒരു നിയമം പാസാക്കിയാൽ മതി. അതിനു പകരം നിയമം കൈയിലെടുത്ത് നാട്ടിൽ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് കടകംപള്ളി പറഞ്ഞു. ചടങ്ങിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി മൺവിള രാധാകൃഷ്ണൻ, കൗൺസിലർമാരായ മേടയിൽ വിക്രമൻ, ശിവദത്ത്, പ്രതിഭ ജയകുമാർ എന്നിവർ സംസാരിച്ചു.