sat
SAT

ഉള്ളൂർ : എസ്.എ.ടി ആശുപത്രിയിൽ സ്റ്റേ പാസ് വിറ്റ ജീവനക്കാരിയെ സുരക്ഷാ ജീവനക്കാർ പിടികൂടി. നാല് മാസം മുമ്പ് താത്കാലിക അടിസ്ഥാനത്തിൽ സുരക്ഷാ ജോലിക്ക് കയറിയ ജീവനക്കാരിയാണ് പാസ് വിൽക്കാൻ നേതൃത്വം നൽകിയത്. സ്ഥല പരിമിതിയിൽ വീർപ്പ് മുട്ടുന്ന ആശുപത്രിയിൽ നൂറു രൂപ ചെലവാക്കിയാൽ ഒരു രോഗിക്കൊപ്പം എത്രപേർക്ക് വേണമെങ്കിലും സ്റ്റേ പാസ് ലഭിക്കുമെന്ന അവസ്ഥയും ഇതോടെ അവസാനിച്ചു. കുറ്റം ചെയ്യുന്ന താത്കാലിക ജീവനക്കാരെ ആശുപത്രിയിൽ നിന്ന് ഒഴിവാക്കുകയാണ് കിഴ്‌വഴക്കം. എന്നാൽ ഈ ജീവനക്കാരിയുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല.

എസ്.എ.ടിയിലെ വിവിധ വാർഡുകളിൽ രോഗികൾ അഡ്മിറ്റ് ആകുമ്പോൾ സ്റ്റേ, ഭക്ഷണ പാസുകൾ നൽകാറുണ്ട്. എന്നാൽ ചിലരുടെ കൈയിൽ നിന്ന് പാസ് നഷ്ടപ്പെടാറുണ്ട്. അത്തരക്കാർക്ക് ബുദ്ധിമുട്ടൊഴിവാക്കാൻ വാർഡിൽ ഡ്യൂട്ടിയ്‌ക്കുള്ള നഴ്സിൽ നിന്ന് രേഖാമൂലം എഴുതി വാങ്ങാൻ ആവശ്യപ്പെടാറുണ്ട്. ഇത് സർജന്റ് വാർഡിൽ തിരക്കി ബോദ്ധ്യപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് പാസ് നൽകാനും ശുപാർശ ചെയ്യും. ഈ രേഖയുമായി ഇൻഫർമേഷൻ കൗണ്ടറിലെത്തിയാൽ 50 രൂപ ഫൈനടച്ച് ഡ്യൂപ്ലിക്കേറ്റ് പാസ് വാങ്ങാം. ഇത് മറയാക്കിയാണ് നാലുമാസമായി ജീവനക്കാരി തകൃതിയായി പാസ് വിറ്റിരുന്നത്.