വെള്ളനാട്: വെള്ളനാട് ഡിപ്പോയിലെ അശാസ്ത്രീയമായ ഷെഡ്യൂൾ പരിഷ്കരണം മൂലം യാത്രാക്കാർ ബുദ്ധിമുട്ടിലാവുന്നു. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി യാത്രക്കാരെപ്പോലെ ജീവനക്കാരും വെട്ടിലാണ്. ഷെഡ്യൂൾ പരിഷ്കരണത്തെക്കുറിച്ച് ജീവനക്കാരുടേയോ മറ്റുള്ളവരുടെയോ പരാതികൾ കേൾക്കാൻപോലും യൂണിറ്റ് ഓഫീസർമാർ ശ്രമിക്കാറില്ല. ചില യൂണിയൻ നേതാക്കളുടെ ഭീഷണിക്ക് വഴങ്ങി അവർ നൽകുന്ന ഷെഡ്യൂൾ പരിഷ്കരണമാണ് ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്നാണ് ഒരു വിഭാഗം ജീവനക്കാ‌ർ പരാതിപ്പെടുന്നത്.

ഇപ്പോൾ ഒരു മാസത്തിനുള്ളിൽ 5 പ്രാവശ്യം ഷെഡ്യൂൾ പരിഷ്കരണങ്ങൾ ഡിപ്പോയിൽ നടപ്പിൽ വരുത്തി. ഈ പരിഷ്കരണം കൊണ്ട് യാത്രക്കാർക്കോ കെ.എസ്.ആർ.ടി.സിക്കോ യാതൊരു ഗുണവും ഉണ്ടായിട്ടില്ല. മറിച്ച് മലയോരമേഖകളിൽ നിന്നും വെള്ളനാട് സ്കൂളിലേയ്ക്കും മറ്റ് വിദൂര പ്രദേശങ്ങളിലേയ്ക്കും പോകുന്ന സ്കൂൾ കോളേജ് വിദ്യാർത്ഥികൾ യാത്ര ക്ലേശം നേരിട്ടതുമാത്രം മിച്ചം. വെള്ളനാട് ഡിപ്പോവന്നതുമുതൽ ആര്യനാട് വെള്ളനാട്,​ വെള്ളനാട് പേയാട്, വെള്ളനാട് അരുവിക്കര ഭാഗങ്ങളിലേക്കുള്ള ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നത് ഇവിടെ നിന്നാണ്.

രാവിലെ 11നും ഉച്ചയ്ക്ക് 3നും മധ്യേയുള്ള കാര്യക്ഷമമല്ലാത്ത സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ രാവിലേയും വൈകുന്നേരങ്ങളിലുമുള്ള അവശ്യ സർവീസുകളിൽ മാറ്റം വരുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയാണ് വെള്ളനാട് ഡിപ്പോയിൽ നടക്കുന്നത്. അടിയന്തരമായി ഡിപ്പോയിലെ ഷെഡ്യൂൾ പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

വല്ലാത്ത പരിഷ്കാരം

ഡിപ്പോയിലെ പുതിയ പരിഷ്കരണം വന്നതോടെ ബസുകൾ കാച്ചാണി, വട്ടിയൂർക്കാവ്, അരുവിക്കര എന്നീ സ്ഥലങ്ങളിൽ വന്ന് തിരിഞ്ഞ് പോകുന്നു. പരിഷ്കരണം കൂടുതലും വൈകുന്നേരമുള്ള ട്രിപ്പുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതു കാരണം വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞ് വരുന്നവർക്കം വിദ്യാർത്ഥികൾക്കും സമയത്തിന് വീടുകളിൽ എത്താൻ കഴിയുന്നില്ല.

കളക്ഷൻ കുറഞ്ഞേ..

പരിഷ്കരണം വന്ന ശേഷം ഉച്ചയ്ക്ക് ശേഷം തുടങ്ങുന്ന സെക്കൻഡ് ഷിഫ്റ്റിൽ കളക്ഷൻ വളരെ കുറവാണ്. മുൻപ് ഒരു റൂട്ടിൽ മാത്രം പോയി തിരിച്ചുവന്നിരുന്ന ബസുകളിൽ ഇപ്പോൾ എല്ലാ റൂട്ടിലേയ്ക്കുള്ള ബോർഡുകളും കരുതേണ്ട അവസ്ഥയിലാണ് ബസ് ജീവനക്കാർ.

വിദ്യാർത്ഥികൾക്കിട്ടൊരു പണി

ഈപ്രദേശത്തുനിന്നും വിവിധ സ്കൂളുകളിൽ പോകേണ്ട സൗകര്യത്തിന് നിർണയിച്ചിരുന്ന ലോക്കൽ ബസ് സർവീസുകൾ പലതും ഇപ്പോൾ നിറുത്തി. പകരം പലതും സിറ്റി ഫാസ്റ്റാക്കി മാറ്റി. രാവിലേയും വൈകുന്നേരങ്ങളിലും സർവീസുകൾ ക്രമീകരിച്ചിരുന്നപ്പോൾ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ഏറെ സൗകര്യമായിരുന്നു. കുട്ടികൾ കൺസഷൻ ടിക്കറ്റ് എടുത്തശേഷം ദിവസവും ഫാസ്റ്റ് ബസിൽ പണം നൽകി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. ഇത് കൂലിപ്പണിക്കാരായ രക്ഷിതാക്കൾക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നു.