നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്നും അനധികൃതമായി മദ്യം വാങ്ങി കടത്താൻ ശ്രമിച്ച എയർലൈൻസ് ജീവനക്കാൻ റിമാൻഡിൽ. ഒമാൻ എയർലൈൻസിലെ റാമ്പ് അസിസ്റ്റന്റ് കോഴിക്കോട് പുറക്കാട്ടുശേരി മാട്ടുവയൽ വീട്ടിൽ അഷറഫ് അലിക്കോയയെയാണ് (47) അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തത്. ഇന്നലെ രാവിലെ നെടുമ്പാശേരി പൊലീസാണ് മൂന്ന് ലിറ്റർ മദ്യവുമായി അഷഫഫിനെ പിടികൂടിയത്.
വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാരിൽ മദ്യം വാങ്ങാത്തവരുടെ പാസ്‌പോർട്ട് ഉപയോഗിച്ചാണ് ഡ്യൂട്ടീഫ്രി ഷോപ്പിൽ നിന്നും ഇയാൾ മദ്യം വാങ്ങുന്നത്. ഇത്തരത്തിൽ അഷറഫ് വർഷങ്ങളായി ഇടപാട് നടത്തിവരികയായിരുന്നു. ആദ്യമായിട്ടാണ് പിടിയിലാകുന്നത്. പലതരത്തിൽ യാത്രക്കാരെ പ്രലോഭിപ്പിച്ചാണ് പാസ്‌പോർട്ട് ലഭ്യമാക്കുന്നത്. ചില കസ്റ്റംസ് ജീവനക്കാരുടെ ഒത്താശയും ഇതിനുണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്.നികുതി ഇല്ലാതെ ലഭിക്കുന്ന ഉയർന്ന നിലവാരമുള്ള മദ്യം ലിറ്ററിന് ആയിരം രൂപ ലാഭത്തിനാണ് പ്രതി പുറത്ത് വില്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.