കോട്ടയം: കുറുപ്പന്തറയിലെ സ്വകാര്യ പണമിടപാടുകാരനായ സ്റ്റീഫൻ പത്രോസിനെ പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജോബിനെ (22)​ ​തമിഴ്നാട്ടിലടക്കം ഒരാഴ്ചയോളം തെരഞ്ഞിട്ടും പിടികൂടാനായില്ല. ഇനി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസ് തീരുമാനം. രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലുമെല്ലാം ജോബിന്റെ ഫോട്ടോയുള്ള നോട്ടീസ് പ്രസിദ്ധീകരിക്കും. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും നോട്ടീസ് പതിക്കും. മുഖ്യപ്രതി ആത്മഹത്യ ചെയ്തതായുള്ള പ്രചാരണം നാട്ടിൽ കൊഴുക്കുമ്പോൾ മൊട്ടയടിച്ച് രൂപം മാറി ഇയാൾ ഉത്തരേന്ത്യയിലേക്ക് കടന്നതായിട്ടാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പല സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പൊലീസിന് ഇതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. തനിച്ചാണ് സഞ്ചാരം. ഒരിടത്തും സ്ഥിരമായി താമസിക്കുന്നില്ല.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്റ്റീഫൻ പത്രോസ് കൊല്ലപ്പെട്ടത്. കേസിൽ ജോബിന്റെ കൂട്ടാളികളായ രണ്ട് പേർ പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന്റെ പിറ്റേന്ന് പൊലീസിനെ കബളിപ്പിച്ച് തമിഴ്നാട്ടിലേക്ക് മുങ്ങിയ ജോബിൻ സേലം,​ കോയമ്പത്തൂർ,​ ചെന്നൈ എന്നിവിടങ്ങളിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാല് പേരടങ്ങുന്ന രണ്ട് സംഘമായി ഇയാൾക്കായി പൊലീസ് തമിഴ്നാട് മുഴുവൻ അരിച്ചുപെറുക്കിയിട്ടും ഒരു വിവരവും കിട്ടിയില്ല.