തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാൻ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂർ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്ത് നിന്ന് ഇന്നലെ ഉച്ചയ്ക്കാണ് ഇവർ പിടിയിലായത്.

കൊല്ലം തങ്കശേരി കാവൽജംഗ്ഷൻ അനിൽമന്ദിരത്തിൽ ഷിജിൻ (27), കുഴിവയൽ പുരയിടത്തിൽ അനൂപ് (27) എന്നിവരെയാണ് തുമ്പ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് ചെറിയ പൊതികളിലായി കഞ്ചാവ് കണ്ടെടുത്തു. സ്കൂൾ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ ഇന്ന് തുമ്പ കോടതിയിൽ ഹാജരാക്കും.