കൊല്ലം: പാർട്ടി ഓഫീസിനെ ചൊല്ലി ശിവസേന - ഹിന്ദുസേന പ്രവർത്തകർ തമ്മിൽ സംഘർഷം. കൊല്ലം ലക്ഷ്മിനടയിലെ ശിവസേനയുടെ ജില്ലാ ആസ്ഥാനം ഹിന്ദുസേന കൈയേറിയതാണ് സംഘർഷത്തിന് കാരണമായത്. ഇന്ന് രാവിലെ ഇരുകൂട്ടരും സംഘടിച്ചത് ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതോടെ പള്ളിത്തോട്ടം എസ്.ഐ ആർ.ബിജു ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്.
പൊലീസ് പറയുന്നത്: നഗരത്തിൽ പരമ്പരാഗതമായി സ്വർണാഭരണ ബിസിനസ് നടത്തുന്ന കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇവിടെ വാടകയ്‌ക്ക് കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിക്കാൻ കഴിയാതായപ്പോൾ ആ ദൗത്യം ശിവസേന ഏറ്റെടുത്തു. ഇതോടെ 15 വർഷം മുമ്പ് ശിവസേനയുടെ ജില്ലാ ആസ്ഥാനമായി മാറി കെട്ടിടം. തുടർന്ന് ജൂവലറി ഗ്രൂപ്പിലെ യുവാവ് ശിവസേനയുടെ ജില്ലാ നേതാവായി. എന്നാൽ ഈ നേതാവിനെതിരെ പരാതികൾ ഉയർന്നതോടെ ശിവസേന ഇയാളെ ഒഴിവാക്കി. ഇയാൾ മുൻനിരയിൽ വന്നാൽ ഇത്തവണ ഗണേശോത്സവം നടത്തില്ലെന്ന് ഒരു വിഭാഗം ശിവസേനക്കാർ പ്രഖ്യാപിച്ചു.
തുടർന്നാണ് ഇയാൾ ഒരാഴ്‌ച മുമ്പ് ഹിന്ദുസേന രൂപീകരിച്ച് കുടുംബ ഉടമസ്ഥതയിലുള്ള ഓഫീസ് കെട്ടിടം കൈയേറിയത്. ശിവസേനയുടെ ഫയലുകളും രസീത് പുസ്‌തകങ്ങളും മിനിട്‌സ് ബുക്കുകളും ഹിന്ദുസേനക്കാർ നശിപ്പിച്ചു. സംഭവത്തിൽ ശിവസേന പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ ഇന്ന് രാവിലെ ഹിന്ദുസേനക്കാരെത്തി ശിവസേനയുടെ ബോർഡും കൊടിയും എടുത്തുമാറ്റി ഹിന്ദുസേനയുടെ ബോർഡ് സ്ഥാപിച്ചു. ഇതറിഞ്ഞ് ശിവസേനക്കാർ സംഘടിക്കുകയായിരുന്നു. ക്രമ സമാധാന പ്രശ്‌നമായി മാറാൻ സാദ്ധ്യതയുള്ളതിനാൽ ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ കെട്ടിട ഉടമ തങ്ങൾക്കൊപ്പമാണെന്നും ശിവസേനയെ ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവ് സമ്പാദിച്ചെന്നും ഹിന്ദുസേന ഭാരവാഹികൾ പറയുന്നു. സ്ഥലത്ത് ശക്തമായ പൊലീസ് കാവലുണ്ട്.