മണർകാട്: കരിമ്പിൽ നിന്ന് ജ്യൂസ് എടുക്കുന്നതിനിടെ യന്ത്രത്തിൽ കൈ കുടുങ്ങിയ യുവതിയുടെ വിരൽ മുറിച്ചുമാറ്റി. മണർകാട് ഇല്ലിവളവിൽ താമസിക്കുന്ന കാസർകോട് വെള്ളരിക്കുന്ന് ചിറ്റാരിക്കൽ പാറയ്ക്കൽ സന്തോഷിന്റ ഭാര്യ ഗീതയുടെ (36 ) നടുവിരലാണ് പൂർണമായും മുറിച്ചുനീക്കിയത്. ചെറുവിരൽ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു.
കഴിഞ്ഞ ദിവസം രാവിലെ മണർകാട് ഐരാറ്റുനടക്കുസമീപം റോഡരികിലായിരുന്നു സംഭവം. രണ്ടുവർഷമായി സന്തോഷും ഭാര്യ ഗീതയും രണ്ട് ആൺമക്കളുമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. സന്തോഷിന് രാവിലെ മീൻ വിൽപനയും ഉച്ചക്കു ശേഷം ലോട്ടറി കച്ചവടവുമാണ്. ഒരുമാസം മുമ്പാണ് ഗീത ഐരാറ്റുനടയിൽ കരിമ്പിൻ ജ്യൂസ് വിൽപന ആരംഭിച്ചത്. ജ്യൂസ് തയാറാക്കാൻ യന്ത്രത്തിലേക്ക് കരിമ്പ് കയറ്റുമ്പാൾ വലതുകൈവിരലുകൾ കയറിപ്പോയി. നിലവിളിച്ച ഗീത യന്ത്രം ഓഫാക്കിയെങ്കിലും വിരലുകൾ കുടുങ്ങിനിന്നു. ഫയർഫോഴ്‌സ് സംഘം എത്തി യന്ത്രം അഴിച്ചു മാറ്റിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.