kalyan
കല്ല്യാൺ സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമൻ, എക്സിക്യുട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ എന്നിവർ അബുദാബിയിലെ പുതിയ ഷോറൂമിനു മുന്നിൽ

അബുദാബി: പട്ടുവസ്ത്രങ്ങളുടെ വ്യാപാരത്തിലെ ലോകോത്തര ബ്രാൻഡായ കല്യാൺ സിൽക്‌സ് ഹൈപ്പർമാർക്കറ്റ് ബിസിനസിലേക്കും ശ്രദ്ധയൂന്നുന്നു. ഹൈപ്പർമാർക്കറ്റ് മാത്രമല്ല, എക്‌സ്‌പ്രസ് മാർക്കറ്റ്, മിനിമാർട്ട് എന്നിവയുമായി കല്യാൺ ചെറുനഗരങ്ങളിലേക്കും എത്തുകയാണ്. ആദ്യപടിയായി തൃശൂരിൽ 3,500 ചതുരശ്ര അടിയിൽ മിനിമാർട്ട് ഈമാസം അവസാനം തുറക്കും. 10,000 ചതുരശ്രയടി വിസ്‌തൃതിയിലുള്ള 150 മിനിമാർട്ടുകൾക്ക് കേരളത്തിൽ സാഹചര്യമുണ്ട്. അഞ്ച് വർഷത്തിനകം കല്യാൺ സിൽക്‌സിന്റെ ശാഖകളേക്കാൾ കൂടുതൽ കല്യാൺ ഹൈപ്പർമാർക്കറ്ര് ശാഖകൾ കേരളത്തിൽ നിറയും.

അബുബാദിയിൽ കല്യാൺ സിൽക്‌സിന്റെ പുതിയ ഷോറൂം ഉദ്ഘാടനത്തിനെത്തിയ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പ്രകാശ് പട്ടാഭിരാമൻ 'കേരളകൗമുദി'യോട് സംസാരിക്കുന്നു.

 പുതിയ ബിസിനസിലേക്കുള്ള കാൽവയ്‌പ്പിനെ കുറിച്ച്?

ഹൈപ്പർമാർക്കറ്ര് ബിസനസിന് കേരളത്തിൽ അനന്തമായ സാദ്ധ്യതയുണ്ട്. ജില്ലകളിൽ മാത്രമല്ല, ചെറു നഗരങ്ങളിലും കല്യാൺ മാർട്ടുകൾ തുറക്കും. മലയാളിക്ക് ഏറ്റവും അവശ്യവസ്‌തുവായി സൂപ്പർമാർക്കറ്റ് മാറി. ഇനി കൂടുതൽ ശ്രദ്ധ കല്യാൺ ഹൈപ്പർമാർക്കറ്റ്, അനുബന്ധ ഫോർമാറ്റുകളിലാവും.

 കല്യാൺമാർട്ടുകൾ എവിടെയൊക്കെയാണ്?

ഒന്നേകാൽ ലക്ഷം ചതുരശ്ര അടി വിസ്‌തൃതിയിൽ രണ്ട് ഹൈപ്പർ മാർക്കറ്രുകൾ തൃശൂരിലും 20,000 ചതുരശ്ര അടിയുള്ള മാർട്ട് കൊച്ചിയിലും തുറന്നു. എക്‌സ്‌പ്രസ് മാർക്കറ്റ്, മിനിമാർക്കറ്റ് എന്നിങ്ങനെ പലതരം വിപുലീകരണമാണ് ലക്ഷ്യം. ആദ്യപടിയായി തൃശൂരിൽ 3,500 ചതുരശ്രയടിയിൽ മിനിമാർട്ട് ഈമാസം അവസാനം തുറക്കും. അടുത്തത് കോഴിക്കോട്, പാലക്കാട്, പെരിന്തൽമണ്ണ, ആലപ്പുഴ എന്നിവിടങ്ങളിലാണ്. സ്വന്തമായി സ്ഥലമെടുത്ത് 50,000 മുതൽ ഒരുലക്ഷം ചതുരശ്ര അടി വരെ വിസ്‌തീർണമുള്ള ഹൈപ്പർമാർക്കറ്റ് കം ടെക്‌സ്‌റ്റൈൽ ഡിവിഷനുകളാണ് വരുന്നത്. പെരിന്തൽമണ്ണയും കോഴിക്കോട്ടും നിർമ്മാണം പുരോഗമിക്കുന്നു.

 തിരുവനന്തപുരത്ത് മാൾ പ്രോജക്‌ടുണ്ടോ?

തിരുവനന്തപുരത്ത് കഴക്കൂട്ടം- കോവളം ബൈപ്പാസിൽ കല്യാൺ മാൾ വരും. രണ്ടരലക്ഷം ചതുരശ്ര അടി കെട്ടിടത്തിൽ ലോകനിലവാരത്തിലുള്ള എല്ലാത്തരം വസ്ത്രശാലകളും കൂറ്റൻ സൂപ്പർമാർക്കറ്റുമുള്ള ഫ്ലാഗ്ഷിപ്പ് സ്‌റ്റോറാണ് തിരുവനന്തപുരത്ത്. കോഴിക്കോട്ടും രണ്ടരലക്ഷം ചതുരശ്ര അടിയിലാണ് മാൾ. രണ്ടിടത്തും ആറ് സ്ക്രീനുകളുള്ള മൾട്ടിപ്ലക്‌സുമുണ്ട്.

 ഗൾഫിലെ വസ്ത്രവ്യാപാരം എങ്ങനെ?

നാട്ടിലേതുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രയാസം തോന്നാതിരിക്കാൻ നാട്ടിലെ അതേ വിലനിലവാരമാണിവിടെ. ലാഭത്തേക്കാളുപരി മലയാളികൾക്ക് സേവനം നൽകാനാണ് ശ്രമം. ഇവിടെ അഞ്ച് ശതമാനം വാറ്റ് മാത്രമേയുള്ളൂ. അതിനാൽ ലാഭം നേരിട്ട് ഉപഭോക്താക്കൾക്ക് കൈമാറും.നാട്ടിലെ വിലയ്ക്ക് ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ തുണിത്തരങ്ങൾ നൽകുന്നു. ഇന്ത്യയിലെ അതേവിലയും സെലക്‌ഷനുമാണ് ഗൾഫിലും.

 എന്താണ് വിലക്കുറവിന്റെ രഹസ്യം?

ഇന്ത്യയിൽ ഏറ്രവുമധികം സിൽക്ക് സാരി ഷോറൂമുകളുള്ളത് കല്യാൺ സിൽക്‌സിനാണ്, 29എണ്ണം. മറ്റാർക്കും ലഭിക്കുന്നതിലും ന്യായമായ വിലയിൽ ഉത്പന്നങ്ങൾ ലഭിക്കും. മുംബയിൽ സ്വന്തമായി മൂന്ന് പ്രൊഡക്ഷൻ യൂണിറ്റുണ്ട്. കാഞ്ചിപുരം, ധർമ്മാവരം, ബംഗളുരു എന്നിവിടങ്ങളിൽ സ്വന്തം തറികളുണ്ട്. വനിതകൾക്കുള്ള വസ്ത്രങ്ങൾക്കായി ചെന്നൈയിൽ യൂണിറ്റ്. അതിനാൽ, ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. നാട്ടിൽ ലഭിക്കുന്ന എല്ലാ തുണിത്തരങ്ങളും പ്രവാസികൾക്ക് നൽകും.

 ഗൾഫിൽ സാന്നിദ്ധ്യം ശക്തമാക്കുമോ?

ജനുവരിയിൽ അബുദാബിയിലെ ഹംദാൻ സ്ട്രീറ്റിൽ പുതിയ ഷോറൂം തുറക്കും. ഏറ്റവുമധികം മലയാളികൾ ഉള്ളത് യു.എ.ഇയിലാണ്. ഒമാനിലും സൗദിയിലും തദ്ദേശവത്കരണം കാരണം നാട്ടിലുള്ളവർക്ക് വിസ ലഭിക്കുന്നില്ല. കുടുംബമായി താമസിക്കാൻ ചെലവു കൂടിയതിനാൽ മലയാളി കുടുംബങ്ങൾ മടങ്ങുന്നു. അതിനാൽ ഇപ്പോൾ യു.എ.ഇ കേന്ദ്രീകരിച്ച് ബിസിനസ് വ്യാപിപ്പിക്കുകയാണ്. അജ്മാനിലും റാസൽഖൈമയിലും ഫുജൈറയിലും ഉടനേ ഷോറൂമുകൾ തുറക്കും.