ശബരിമലക്കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ സമുദായ സംഘടനകളും ബി.ജെ.പിയും പ്രക്ഷോഭം നടത്തുകയാണല്ലോ. ചില ബി.ജെ.പി നേതാക്കൾ, സുപ്രീംകോടതി വിധി മറികടക്കാൻ മന്ത്രിസഭ ഗവർണറെക്കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കുകയോ, നിയമനിർമ്മാണം നടത്തുകയോ വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ നിയമവശം പരിശോധിക്കാം.
ഓർഡിനൻസിനുള്ള സാഹചര്യങ്ങൾ
ഭരണഘടനയുടെ അനുഛേദം 123 ൽ ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള പ്രസിഡന്റിന്റെ അധികാരം വ്യക്തമാക്കുന്നു. ഗവർണർമാർക്ക് ഇതേ അധികാരം അനുഛേദം 213ലും വ്യക്തമാക്കിയിട്ടുണ്ട്. ഇനിപ്പറയും വിധമാണ് പ്രസിഡന്റും ഗവർണറും അധികാരം വിനിയോഗിക്കുന്നത്.
1. പാർലമെന്റോ നിയമസഭയോ ചേരാത്ത അവസരത്തിൽ, നിയമത്തിലൂടെ അടിയന്തര സാഹചര്യം നടപ്പാക്കേണ്ടി വന്നാൽ ഓർഡിനൻസ് പുറപ്പെടുവിക്കാം.
2. അങ്ങനെ പുറപ്പെടുവിക്കുന്ന ഓർഡിനൻസിന് പാർലമെന്റോ നിയമസഭയോ പാസാക്കിയ നിയമത്തിന്റെ ഫലമുണ്ടായിരിക്കും.
3. പ്രസ്‌തുത ഓർഡിനൻസിന് പാർലമെന്റോ സംസ്ഥാന നിയമസഭയോ ചേർന്നശേഷം ആറ് ആഴ്ച വരെ മാത്രമേ കാലദൈർഘ്യമുണ്ടായിരിക്കൂ. അതിനുള്ളിൽ ഓർഡിനൻസ് നിരാകരിച്ച് പ്രമേയം പാസാക്കുകയോ, പകരം നിയമനിർമ്മാണ ബിൽ അവതരിപ്പിച്ച് നിയമമാക്കുകയോ ചെയ്യണം.
1987-ലെ ബീഹാറിലെ ഡോ. വാദവാ കേസിൽ സുപ്രീംകോടതി, ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള പ്രസിഡന്റിന്റെയും ഗവർണറുടെയും അധികാരത്തെക്കുറിച്ച് സുപ്രധാന മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്.
1. ഓർഡിനൻസ് ആദ്യമായി പുറപ്പെടുവിക്കാനുള്ള പ്രസിഡന്റിന്റെയോ ഗവർണറുടെയോ അധികാരത്തെ ഭരണഘടനാ കോടതികൾക്ക് പുനഃപരിശോധിക്കാൻ അവകാശമില്ലെന്ന് വാദിക്കാം. എന്നാൽ ഓർഡിനൻസ് പുറപ്പെടുവിച്ച ഭരണഘടനാ സാഹചര്യം കോടതിക്ക് പരിശോധിക്കാവുന്നതാണ്. ഗൂഢലക്ഷ്യം, ഉദ്ദേശ്യശുദ്ധിയില്ലായ്മ, കുറുക്കുവഴി എന്നിവയിലൂടെയാണ് ഓർഡിനൻസ് പുറപ്പെടുവിച്ചതെങ്കിൽ ഭരണഘടനാ കോടതികൾക്ക് പുനഃപരിശോധനാ അധികാരത്തിലൂടെ ഓർഡിനൻസ് അസ്ഥിരപ്പെടുത്താം.
സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് 2017ൽ കൃഷ്‌ണകുമാർ സിംഗ് കേസിൽ ഊന്നിപ്പറഞ്ഞതും ഇതാണ്. കൃഷ്‌ണകുമാർ സിംഗ് കേസിൽ സുപ്രീംകോടതി കുറച്ചുകൂടി ശക്തമായ പ്രഖ്യാപനമാണ് നടത്തിയത്. ''ഓർഡിനൻസ് പ്രഖ്യാപനം നിയമം നിർമ്മിക്കാനുള്ള കുറുക്കുവഴിയല്ല. ഓർഡിനൻസ് പ്രഖ്യാപിച്ചതിന് പിന്നിൽ ഉദ്ദേശ്യശുദ്ധിയില്ലായ്മ കണ്ടെത്തിയാൽ പുനഃപരിശോധനാ അധികാരം ഉപയോഗിച്ച് കോടതിക്ക് ഓർഡിനൻസ് റദ്ദാക്കാം. അത്തരം മാർഗത്തിലൂടെ പ്രഖ്യാപിക്കുന്ന ഓർഡിനൻസുകൾ ഭരണഘടനാ വിരുദ്ധവും ചതിയുമാണെന്ന് " സുപ്രീംകോടതി പ്രഖ്യാപിക്കുന്നു.
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാനായി കണ്ടെത്തിയ മാർഗമാണ് ഓർഡിനൻസ് എങ്കിൽ തീർച്ചയായും അതൊരു ഭരണഘടനാപരമല്ലാത്ത കുറുക്കുവഴിയായി വ്യാഖ്യാനിക്കാം. ഭരണഘടനയിലെ മൗലികാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശബരിമലക്കേസിലെ ഹർജിക്കാർ കോടതിയെ സമീപിച്ചത്. മൗലികാവകാശ ലംഘനങ്ങൾ കണ്ടെത്തിയ കോടതി സ്‌ത്രീകൾക്ക് പ്രവേശനം അനുവദിക്കുകയാണ് ചെയ്തത്. ഭരണഘടനാ ലംഘനങ്ങൾ കണ്ടെത്തി പുറപ്പെടുവിക്കുന്ന വിധികൾ ഓർഡിനൻസിലൂടെ മറികടക്കുന്നത് ഭരണഘടനാപരമായി ആശാസ്യമല്ല. ഇതുതന്നെയാണ് നിയമം കൊണ്ടുവന്നാലും പരിശോധിക്കപ്പെടുന്നത്.
2. സുപ്രീംകോടതി ശബരിമലക്കേസിൽ,1965-ലെ കേരള ഹിന്ദു പൊതുആരാധനാ സ്ഥലത്തെ നിയന്ത്രിക്കുന്ന ചട്ടം 3 (ബി)യിൽ, പാരമ്പര്യമോ, ആചാരമോ അനുവദിക്കുന്നില്ലെങ്കിൽ നിശ്ചിത സമയങ്ങളിൽ ഹിന്ദു ആരാധനാലയങ്ങളിൽ സ്‌ത്രീകളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞിട്ടുണ്ട്. പ്രസ്തുത ചട്ടപ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് 27.11.1965-ലെ ഉത്തരവ് പ്രകാരം ശബരിമല അയ്യപ്പൻ നിത്യബ്രഹ്മചാരിയാകയാൽ 10 വയസു മുതൽ 50 വയസുവരെയുള്ള സ്‌ത്രീകളുടെ ശബരിമല ക്ഷേത്രപ്രവേശനം തടഞ്ഞിട്ടുണ്ട്. ഈ ചട്ടവും ഉത്തരവും ഭരണഘടനാ അനുഛേദം 14, 15, 25 (2), 26 എന്നിവയുടെ ലംഘനമാണെന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. വാദം അംഗീകരിച്ച സുപ്രീംകോടതി ചട്ടം 3 (ബി) റദ്ദാക്കുകയും ചെയ്‌തു. പ്രസ്തുത ചട്ടം 3 (ബി) ഓർഡിനൻസിലൂടെ പുനഃസ്ഥാപിക്കാനാണ് ബി.ജെ.പി നേതാക്കൾ സർക്കാരിനോടാവശ്യപ്പെടുന്നത്. ഭരണഘടനാലംഘനം കണ്ടെത്തി റദ്ദാക്കിയ ചട്ടം ഓർഡിനൻസിലൂടെ പുനഃസ്ഥാപിച്ചാൽ സുപ്രീംകോടതി അതിനെ ലാഘവത്തോടെ കാണാനിടയില്ല. മറിച്ച് സർക്കാരിന് ശകാരമേൽക്കേണ്ടതായും വന്നേക്കാം.
സർക്കാരിന് മുന്നിലെ വഴി
കക്ഷികളിൽ ചിലർ പുനഃപരിശോധനാ ഹർജി നൽകിയ സാഹചര്യത്തിൽ അതിലെ തീരുമാനം കാത്തിരിക്കാവുന്നതാണ്. പുനഃപരിശോധനാ ഹർജി ഫയലിൽ സ്വീകരിച്ചിട്ടുമില്ല, ഭരണഘടനാവിധിയുടെ നടപ്പിലാക്കൽ സ്റ്റേ ചെയ്തിട്ടുമില്ലാത്ത സാഹചര്യത്തിൽ സർക്കാരിന് മറ്റ് സാഹചര്യങ്ങൾ പരിശോധിച്ച് വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കാം. ഭരണഘടനയുടെ അനുഛേദം 256 പ്രകാരം സർക്കാരിന് നിയമം നടപ്പാക്കാൻ ബാദ്ധ്യതയുണ്ട്. നിയമം എന്നത് അനുഛേദം 141, 142 പ്രകാരം സുപ്രീംകോടതി വ്യാഖ്യാനിച്ച നിയമവും വിധിയും ഉൾപ്പെടും. അനുഛേദം 256 (2) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ച കോടതിക്ക് അത് നടപ്പിലാക്കാനും സർക്കാരിനോട് നിർദ്ദേശിക്കാം. ഭരണഘടന അനുശാസിക്കുന്ന മാർഗത്തിലൂടെ വേണം വിധിന്യായത്തെ മറികടക്കേണ്ടതും, നേരിടേണ്ടതും. ജാഥയും അക്രമവും പ്രക്ഷോഭവും നടത്തുന്നതും വിധി പുറപ്പെടുവിച്ച ന്യായാധിപന്മാരെ അസഭ്യം പറയുന്നതും നിയമവാഴ്‌ച ഉറപ്പാക്കുന്ന ഭരണഘടന നിലവിലുള്ള ജനാധിപത്യത്തിന് ഭൂഷണമല്ല.
ലേഖകൻ കേരള നിയമസഭാ സെക്രട്ടറിയാണ്