kajal-dey-

1991 മേയ് 21. ഇന്ത്യയ്ക്ക് അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയാത്ത ദിനമാണത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ദിനം. ത്രിപുര സ്വദേശിയായ കാജൽ ദേയുടെ ജീവിതത്തെ ആ ദിവസം ബാധിച്ചതുപോലെ മറ്റാർക്കും സംഭവിച്ചിട്ടുണ്ടാകില്ല.

രാജീവ് ഗാന്ധി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രാജ്യത്തെമ്പാടും പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഒരു നഴ്സിംഗ് ഹോമിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന കാജൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ അപ്രതീക്ഷിതമായാണ് അവർക്കിടയിൽപ്പെട്ടത്. പക്ഷേ അതിന് അദ്ദേഹത്തിന് വിലയായി നൽകേണ്ടിവന്നത് തന്റെ ഇരുകൈകളുമായിരുന്നു. ശരിയാക്കാൻ പറ്റാത്തവിധം കൈ ആക്രമണത്തിൽ തകർന്നുപോയിരുന്നു. 21 വയസുമാത്രമേ അപ്പോഴയാൾക്കുണ്ടായിരുന്നുള്ളൂ. പിന്നീട്, പൂനെ ആർട്ടിഫിഷ്യൽ ലിംബ് സെന്ററിൽ നിന്നുള്ള ചികിത്സയിൽ കൈമുട്ടിൽ വലിയ വിരലുകൾ പോലെ രണ്ടു മാംസങ്ങൾ വച്ചുപിടിച്ചു. പിന്നീടങ്ങോട്ട് കാജൽ പൊരുതുകയായിരുന്നു.

ടെന്നീസിലാണ് കാജൽ പരീക്ഷണം നടത്താൻ തീരുമാനിച്ചത്. റബർഷീറ്റുവച്ച് കൈമുട്ടിലെ മാസങ്ങൾക്കിടയിൽ ടെന്നീസ് റാക്കറ്റ് ഉറപ്പിച്ചായിരുന്നു കളിതുടങ്ങിയത്. 25ഓളം ടെന്നീസ് ടൂർണമെന്റുകളിൽ വിജയിക്കുകയും ചെയ്തു. പക്ഷേ ഇതൊന്നുമല്ല, 2003 മുതൽ 45 ഓളം കുട്ടികളുടെ ടേബിൾ ടെന്നീസ് കോച്ചാണ് ഇന്ന് കാജലെന്ന് പറഞ്ഞാൽമാത്രമേ ആ നിശ്ചയദാർഡ്യവും പോരാട്ടവും മുഴുവനായി പറഞ്ഞുതീരുകയുള്ളൂ. കാജലിന്റെ മകൾ കല്യാണിയും ടേബിൾടെന്നീസിൽ ദേശീയ ചാംപ്യനാണ്.