ദുബായ്: മരുഭൂമിയിൽ മലയാളത്തിന്റെ നിലാവ് ഉദിച്ചുയർന്നു. പാട്ടും നൃത്തവും ഹാസ്യവും വിരുന്നെത്തിയ രാവിൽ യു.എ.ഇയിലെ മലയാളികൾ ഗൃഹാതുര സ്‌മരണകളിൽ മുഴുകി. നൂറ്റാണ്ടിന്റെ പാരമ്പര്യത്തിന്റെ തലയെടുപ്പോടെ 'കേരളകൗമുദി' യു.എ.ഇയിലെ പ്രവാസികൾക്ക് ഒരുക്കിയ ' കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി കൗമുദി നൈറ്റ്' കലാവിരുന്ന് രാഗ, താള, നൃത്ത ഹാസ്യ ലയത്തിന്റെ വിസ്‌മയരാവായി മാറി. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിൽ നിന്നും പ്രവാസിസമൂഹം അജ്മാനിലെ റമദാ ഹോട്ടൽ ആൻഡ് സ്യൂട്ട്സിലെ ദി മജസിറ്റിക് ബാൾ റൂമിലേക്ക് ഒഴുകിയെത്തി. പാട്ടുപാടിയും നൃത്തം ചവിട്ടിയും ആശംസകൾ നേർന്നും അവർ കൗമുദിനൈറ്റ് ഗംഭീരമാക്കി. കൗമുദി ടി.വിയിൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ ജീവിതം ആധാരമാക്കിയുള്ള 'മഹാഗുരു' പരമ്പരയുടെ ട്രെയിലർ കൗമുദി നൈറ്റിൽ പ്രകാശനം ചെയ്തു.
കിടിലം കൊള്ളിക്കുന്ന പ്രകടനവുമായി വിനീത് ശ്രീനിവാസന്റെ ബാൻഡ് യു.എ.ഇയിൽ ആദ്യമായി അരങ്ങിലെത്തി. രണ്ടരമണിക്കൂർ ദൈർഘ്യമുള്ള സംഗീത വിരുന്നാണ് വിനീതിന്റെ ബാൻഡ് ഒരുക്കിയത്. ശ്രദ്ധേയയായ പുതുമുഖനായിക അനുസിതാരയും സംഘവും ചടുലമായ ചുവടുകളോടെ വേദിയിലെത്തി. ചിരിയുടെ മാലപ്പടക്കവുമായി മനോജ് ഗിന്നസും പ്രവാസി മലയാളികളിൽ ഗൃഹാതുരത ഉണർത്തുന്ന പഴയകാല ഗാനങ്ങളുമായി സംഗീതസംവിധായകനും ഗായകനുമായ ആലപ്പി ബെന്നിയും കൈയടിനേടി. ശ്രീനാരായണഗുരുദേവന്റെ അർദ്ധനാരീശ്വര സ്‌തവത്തിന്റെ രംഗാവിഷ്‌കാരമായിരുന്നു കൗമുദിനൈറ്റിന്റെ പ്രത്യേകത. വനിതാവിംഗ് പ്രസിഡന്റ് പത്മിനി ശശീന്ദ്രന്റെ നേതൃത്വത്തിൽ സേവനം ഷാർജ എമിറേറ്റ്സ് സെന്റർ കമ്മിറ്റി അംഗങ്ങളാണ് അരമണിക്കൂറുള്ള രംഗാവിഷ്കാരം ഒരുക്കിയത്.
കലാസന്ധ്യയ്ക്ക് മുന്നോടിയായുള്ള പൊതുസമ്മേളനം വിനീത് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സേവനം സെന്റർ ഷാർജ എമിറേറ്റ്‌സ് കമ്മിറ്റി പ്രസിഡന്റ് കെ.വി.ശശീന്ദ്രൻ അദ്ധ്യക്ഷനായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ, സെക്രട്ടറി അബ്‌ദുള്ള മല്ലശേരി, ട്രഷറർ കെ.ബാലകൃഷ്‌ണൻ, സേവനം സെന്റർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എം.കെ.രാജൻ, സെക്രട്ടറി പ്രദീപ്കുമാർ, ട്രഷറർ കെ.ബാബു, കേരളകൗമുദി ബ്രോഡ്‌കാസ്റ്റിംഗ് ഹെഡ് എ.സി.റെജി, സേവനം ഷാർജ എമിറേറ്റ്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബിനുമനോഹർ, സെക്രട്ടറി ബിജുകുമാർ, ട്രഷറർ പ്രഭാകരൻ പയ്യന്നൂർ, ലേഡീസ് വിംഗ് പ്രസിഡന്റ് പത്മിനി ശശീന്ദ്രൻ, ലേഡീസ് വിംഗ് കേന്ദ്രകമ്മിറ്റി കോ-ഓർഡിനേറ്റർ ലത വേണുഗോപാൽ, കേരളകൗമുദി പരസ്യവിഭാഗം കോർപറേറ്റ് മാനേജർ സുധീർകുമാർ, കൗമുദി ടി.വി പരസ്യവിഭാഗം കോർപറേറ്റ് മാനേജർ രാജീവ്കുമാർ എന്നിവർ പങ്കെടുത്തു. ഉച്ചമുതൽ സേവനം അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.