നദികളുടെ സ്വച്ഛമായ നിലനില്പിനായി പ്രക്ഷോഭങ്ങൾ രാജ്യത്തുടനീളം നടക്കാറുണ്ടെങ്കിലും അതിനായി സ്വജീവൻ ബലിയർപ്പിക്കുന്നവർ അത്യപൂർവമാണ്. അക്കൂട്ടത്തിൽ അവസാനത്തെ കണ്ണിയാണ് ഗംഗാനദിക്കായി 111 ദിവസം നീണ്ട ഉപവാസത്തിനൊടുവിൽ കഴിഞ്ഞദിവസം അന്ത്യശ്വാസം വലിച്ച ജി.ഡി. അഗർവാൾ എന്ന ജ്ഞാനസ്വരൂപ് സാനന്ദ് 'ക്ളീൻ ഗംഗ" എന്ന ആവശ്യമുന്നയിച്ച് ജൂൺ 22 മുതൽ ഉപവാസം നടത്തിവന്ന അദ്ദേഹത്തെ ഇക്കഴിഞ്ഞ ബുധനാഴ്ച പൊലീസ് ബലംപ്രയോഗിച്ച് ഹരിദ്വാറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദിവസവും അല്പം തേൻ ചേർത്ത മൂന്നുഗ്ളാസ് വെള്ളം മാത്രം കുടിച്ചുകൊണ്ട് ഹരിദ്വാറിൽ അദ്ദേഹം നടത്തിവന്ന ഉപവാസം അത്രയൊന്നും മാദ്ധ്യമ ശ്രദ്ധയിൽ പെടുകയോ രാജ്യത്തെ പിടിച്ചുകുലുക്കുന്ന പ്രക്ഷോഭമായി വളരുകയോ ചെയ്യാതിരുന്നത് തികച്ചും സ്വാഭാവികം. ഗാന്ധിയൻ മട്ടിലുള്ള ഇത്തരം സമരമുറകൾ ആരാണ് ഇക്കാലത്ത് ശ്രദ്ധിക്കുക. കുറഞ്ഞപക്ഷം വിപുലമായ നിലയിലുള്ള ഗതാഗത സ്തംഭനത്തിലേക്കും പൊതു മുതൽ നശിപ്പിക്കപ്പെടുന്നതിലേക്കും സമരം വളർന്നാൽ മാത്രമേ ജനങ്ങളുടെ ശ്രദ്ധ പതിയുകയുള്ളൂ. ഭരണാധികാരികൾ നിദ്ര വിട്ടുണരാനും അക്രമാസക്തമായ സമരമുറകൾ കൊണ്ടേ ഇക്കാലത്ത് കഴിയൂ. ഗംഗാതീരത്ത് പർണ ശാലയിൽകിടന്ന് പച്ചവെള്ളവും കുടിച്ച് ഗംഗയുടെ പുനരുജീവനത്തിനായി 111 ദിവസം ഉപവാസം കിടന്നിട്ടും സ്വാമി ജ്ഞാനസ്വരൂപയുടെ ജീവൻ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഭരണാധികാരികൾക്ക് തോന്നാതിരുന്നതിൽ അത്ഭുതമൊന്നുമില്ല.
കോടാനുകോടികളുടെ നദീ ശുചീകരണ പദ്ധതികൾ ആവിഷ്കരിച്ച് അവയുടെ പുറത്ത് അടയിരിക്കുകയും ഫണ്ടിന്റെ നല്ലൊരുഭാഗം ചുമതലപ്പെട്ടവർ വീതിച്ചെടുക്കുകയും ചെയ്യുന്നതാണല്ലോ പതിവു രീതി. ഗംഗാശുചീകരണത്തിനായി മോദി സർക്കാരും രണ്ടായിരംകോടി രൂപയുടെ വമ്പൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. മോദി അധികാരത്തിൽ വരുന്നതിനുമുമ്പും രാജ്യത്തിന്റെ ആത്മാവായ ഗംഗയെ നന്നാക്കാൻ പൊതു ഖജനാവിൽ നിന്നിറക്കിയ കോടികൾക്ക് കണക്കൊന്നുമില്ല. അവയത്രയും ഗംഗയിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾക്കൊപ്പം ഒരു പ്രയോജനവുമില്ലാതെ ഒഴുകിപ്പോവുകയാണ് ചെയ്തത്.
ക്ളീൻ ഗംഗ എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ ജൂണിൽ ഉപവാസം തുടങ്ങിയ ജ്ഞാനസ്വരൂപ് ഒരൊറ്റ ആവശ്യമേ ഉന്നയിച്ചുള്ളൂ. നദിയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് സ്വച്ഛമായി ഒഴുകാനുള്ള സാഹചര്യമുണ്ടാക്കുക. ഗംഗയിലെ ജലവൈദ്യുത പദ്ധതികൾ നിരോധിക്കണമെന്ന ആവശ്യവും കൂട്ടത്തിലുണ്ടായിരുന്നു. സ്വാമിയുടെ ആവശ്യങ്ങൾ ലളിതമെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും നടപ്പാക്കാൻ അതീവ സങ്കീർണമായവയാണെന്നാണ് ഭരണകൂട വാദമുഖങ്ങൾ. 'ഒാപ്പറേഷൻ ഗംഗ എന്ന പേരിലുള്ള പദ്ധതി ആവിഷ്കരിച്ച് ഗംഗയെ മാലിന്യമുക്തമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ നദിയിലേക്ക് ഒഴുകിയെത്തുന്ന മാലിന്യത്തിന്റെ തോത് നോക്കിയാൽ 'ശുദ്ധഗംഗ" ഇനിയുള്ള കാലത്തും സങ്കല്പത്തിൽ മാത്രമേ കാണുകയുള്ളൂ. ലോകത്തെതന്നെ ഏറ്റവും മലിനമായ നദികളിലൊന്നാണ് ഗംഗ.
ആവശ്യം നിറവേറുകയില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാകണം സ്വാമി ജ്ഞാനസ്വരൂപ് ഉപവാസത്തിനൊരുങ്ങിയതെന്നുവേണം കരുതാൻ. കാരണം രാജ്യത്തെ പവിത്ര നദികളുടെ നിലനില്പിനായി സദാ അദ്ദേഹം വർഷങ്ങളായി സമരമുഖത്തുതന്നെയായിരുന്നു. നദീസംരക്ഷണത്തിനായി ഉഴിഞ്ഞുവച്ച മഹനീയ ജീവിതമായിരുന്നു അത്. അതുകൊണ്ടാണ് പ്രത്യാഘാതങ്ങൾ വകവയ്ക്കാതെ എൺപത്താറാം വയസിൽ സുദീർഘമായ ഒരു ഉപവാസ സമരത്തിന് അദ്ദേഹം ഇറങ്ങിയത്. ഗംഗയ്ക്കുവേണ്ടി മാത്രമല്ല അദ്ദേഹം ഉപവാസമനുഷ്ഠിച്ചത്. പത്തുവർഷം മുൻപ് ഭാഗീരഥി നദിയിൽ അണക്കെട്ടുകൾ പെരുകിയപ്പോഴും സ്വാമി ഉപവാസ സമരമുറയുമായി രംഗത്തുവന്നിരുന്നു. അന്ന് മുപ്പത്താറുദിവസമാണ് അദ്ദേഹം ഉപവാസമിരുന്നത്. ഒടുവിൽ ഉത്തരാഖണ്ഡ് സർക്കാർ അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തു.
ഗംഗയുടെ ശുചീകരണത്തിനുവേണ്ടി യു.പി.എ സർക്കാരിന്റെ കാലത്തും സ്വാമി നിരാഹാരമിരുന്നിട്ടുണ്ട്. ഉചിതമായ പദ്ധതികൾ കൊണ്ടുവരാമെന്ന ഉറപ്പിലാണ് മൻമോഹൻ സർക്കാർ അദ്ദേഹത്തെ അന്ന് അനുനയിപ്പിച്ചത്. ഗംഗയുടെ പോഷക നദികളായ അളകനന്ദ, മന്ദാകിനി എന്നിവയുടെ സംരക്ഷണവും സ്വാമി മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു. പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങളുമായാണ് സ്വാമി ഇൗ ലോകം വിട്ടുപോകുന്നതെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച ആവശ്യങ്ങളും ആശയവും ഭരണകൂടങ്ങളുടെ മുന്നിൽ എക്കാലവും സജീവമായിത്തന്നെ നിലനിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഏത് നിലയിൽ നോക്കിയാലും ഇത്തരത്തിൽ തിരിഞ്ഞു നോക്കാൻ ആളില്ലാതെ നിശബ്ദതയിൽ ഒടുങ്ങേണ്ട ഒരു ജീവനായിരുന്നില്ല സ്വാമി ജ്ഞാനസ്വരൂപയുടേത്. രാജ്യത്തെ ഏറ്റവും ഉന്നതമായ സാങ്കേതികസ്ഥാപനങ്ങളിലൊന്നായ കാൺപൂർ ഐ.ഐ.ടിയിൽനിന്ന് പ്രൊഫസറായി വിരമിച്ച് ഒട്ടേറെ സർക്കാർ സമിതികളിൽ ഉന്നത പദവികളിൽ ഇരുന്നിട്ടുള്ള സ്വാമി പരിസ്ഥിതി സംരക്ഷണവേദികളിലെ മുഴങ്ങുന്ന ശബ്ദമായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിൽത്തന്നെ നദീസംരക്ഷണമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടമുള്ള മേഖല. ഒച്ചപ്പാട് സൃഷ്ടിച്ചുള്ള സമരതന്ത്രമായിരുന്നില്ല അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ ഏറ്റവും ഒടുവിൽ ഗംഗാനദിക്കായി ആത്മാർപ്പണം ചെയ്തപ്പോഴും നാലുനല്ല വാക്ക് മൊഴിയാൻ അധികംപേർ മുന്നോട്ടു വന്നില്ലെന്നത് ശ്രദ്ധേയമാണ്. സൗമ്യമായ സമരങ്ങൾക്ക് യാതൊരു വിലയുമില്ലാത്ത ഇക്കാലത്ത് സ്വാമിയുടെ ഒറ്റയാൾ പോരാട്ടം ശ്രദ്ധിക്കപ്പെടാതെ പോയതും അതുകൊണ്ടാണ്.
കുറഞ്ഞപക്ഷം കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും വെടിവയ്പ്പുമൊന്നുമില്ലാത്ത ഏത് സമരത്തിന്റെയും സ്വാഭാവികമായ പരിണതി ഇമ്മട്ടിൽത്തന്നെയാണ്. എന്നിരുന്നാലും സ്വാമി ജ്ഞാനസ്വരൂപ് ഭരണാധികാരികൾക്കുമുന്നിൽ അവതരിപ്പിച്ച ആവശ്യം ഇനിയുള്ള കാലവും സജീവമായിത്തന്നെ നിലനിൽക്കും. മനുഷ്യരുടെ നാനാവിധത്തിലുള്ള ഹിംസകൾക്ക് നിരന്തരം ഇരയായി മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നദികൾക്കായി സ്വജീവൻ നൽകിയ സ്വാമി ജ്ഞാന സ്വരൂപിനെക്കുറിച്ചുള്ള ദീപ്ത സ്മരണകൾ പരിസ്ഥിതി പ്രവർത്തകർക്ക് ഒടുങ്ങാത്ത പ്രചോദനമാണ്.