3
k. muraleedharan

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ബി.ജെ.പിയെ വളർത്തി യു.ഡി.എഫിനെ തളർത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രചാരണവിഭാഗം അദ്ധ്യക്ഷൻ കെ. മുരളീധരൻ കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ നീക്കത്തെ തുറന്നു കാട്ടുന്നതോടൊപ്പം ബി.ജെ.പിയുടെ പൊയ്മുഖവും പുറത്ത് കൊണ്ടുവരുമെന്ന് ഇന്ദിരാഭവനിൽ ചുമതലയേറ്റ ശേഷം മുരളീധരൻ പറഞ്ഞു.

ശബരിമല വിധിയിൽ രാഷ്ട്രീയ നേട്ടത്തിന് കോൺഗ്രസും യു.ഡി.എഫും ശ്രമിക്കുന്നില്ല. വിശ്വാസം സംരക്ഷിക്കണമെന്നാണ് കോൺഗ്രസ് നിലപാട്. ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് പാർട്ടിയും മുന്നണിയും ഉറച്ചുനിൽക്കുന്നത്. വിശ്വാസികളുടെ പ്രാർത്ഥനാ സമരത്തിന് സമൂഹത്തിന്റെ പിന്തുണ വർദ്ധിക്കുന്നു. വിശ്വാസിസമൂഹത്തെ തമ്മിലടിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചത് തിരിച്ചടിക്കുന്നു. പത്തനംതിട്ടയിൽ സി.പി.എം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് വനിതാകൂട്ടായ്മ സംഘടിപ്പിച്ചത്. ബി.ജെ.പിയുടെ കേന്ദ്ര നേതാക്കൾ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരാണ്. ഇക്കാര്യത്തിൽ അവർക്ക് ഇരട്ടത്താപ്പാണ്. അവർ നിയമ നിർമ്മാണം കൊണ്ടുവന്നാൽ തീരാവുന്ന വിഷയമാണിത്. എൻ.ഡി.എ ഘടകകക്ഷി നേതാവ് തുഷാർ വെള്ളാപ്പള്ളി ഇത് ആവശ്യപ്പെട്ടിട്ടുണ്ട്.

അച്ഛൻ ഉപയോഗിച്ച മുറി ഓഫീസ്

ഇന്ദിരാഭവനിലെ പഴയ കെട്ടിടത്തിൽ അച്ഛൻ കെ. കരുണാകരൻ 1987- 91 കാലത്ത് ഉപയോഗിച്ച മുറിയാണ് കെ. മുരളീധരൻ ഓഫീസായി സജ്ജീകരിച്ചത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഓഫീസ് മുറി പഴയ കെട്ടിടത്തിലാക്കിയിരുന്നു. ഇന്നലെ രാവിലെ ഒമ്പതരയോടെ ഇന്ദിരാഭവനിലെത്തിയ മുരളിയെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും ഷാളുകളണിയിച്ചും സ്വീകരിച്ചു. കരുണാകരന്റെ ഛായാചിത്രത്തിൽ വന്ദിച്ച ശേഷം 9.45ന് മുരളീധരൻ സ്ഥാനമേറ്റു.