suplyco
supply co

തിരുവനന്തപുരം: നാടകാന്തം അതു സംഭവിച്ചു, കള്ളനെ കണ്ടെത്തിയവർക്ക് ശിക്ഷ. തട്ടിപ്പുവീരന്മാരെ രക്ഷിച്ചും തട്ടിപ്പ് പിടിച്ചവർക്ക് 'പണി' കൊടുത്തു കൊണ്ടുമുള്ള വിചിത്ര നടപടി. സപ്ലൈകോയുടെ കിഴക്കേകോട്ട പീപ്പിൾസ് ബസാർ സൂപ്പർമാർക്കറ്റിൽ 20.5 ലക്ഷത്തിന്റെ തട്ടിപ്പ് കണ്ടെത്തിയ ജീവനക്കാരെ തട്ടിപ്പ് നടത്തിയ ഭരണകക്ഷി യൂണിയൻ നേതാവിനൊപ്പം കോഴിക്കോട്ടേക്ക് സ്ഥലംമാറ്റി. നേതാവിനെ രക്ഷിക്കാൻ കൂട്ട സ്ഥലംമാറ്രം വരുമെന്ന് കേരളകൗമുദി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

തട്ടിപ്പ് നടന്നപ്പോൾ ഓഫീസ് ഇൻ ചാർജായിരുന്ന മാഹീൻ, അവിടത്തെ ജീവക്കാരനും എ.ഐ.ടി.യു.സി യൂണിയൻ നേതാവുമായ അശോക്‌കുമാർ, ബിജു പ്രദീപ്, അനിൽ, പുതുതായി ചാർജെടുത്ത ഓഫീസ് ഇൻ ചാ‌ർജ് സജീവ്‌കുമാർ എന്നിവരെയാണ് സ്ഥലം മാറ്റിയത്. സജീവ്‌കുമാറാണ് സ്റ്റോക്ക് പരിശോധിക്കാൻ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയത്. ആദ്യ പരിശോധനയിൽ തന്നെ 20.5 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. അത് വാർത്തയായതോടെ മറയ്ക്കാൻ നോക്കി, നടന്നില്ല. വിജിലൻസ് പരിശോധനയിൽ ക്രമക്കേട് 11.5 ലക്ഷമായി മാറി. തുക കുറഞ്ഞെങ്കിലും ക്രമക്കേട് വ്യക്തമായതിനാൽ നടപടി എടുക്കാതെ നിർവാഹമില്ലാതായി. സ്ഥലം മാറ്റത്തിൽ ഒതുക്കിയെന്നു മാത്രം. കുറ്റം കണ്ടുപിടിച്ച സജീവ്‌കുമാറിനെ ഇരിപ്പ് ഉറപ്പിക്കും മുമ്പ് മാറ്റി പ്രതികാരം തീർക്കുകയും ചെയ്തു. സ്ഥലം മാറ്റപ്പെട്ട അനിൽ നിരപരാധിയാണെന്ന് ജീവനക്കാർ പറയുന്നു.

മാഹീന് മെമ്മോ നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ജൂനിയർ മാനേജരായി പ്രൊമോഷൻ നൽകിയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ക്രമക്കേട് കണ്ടെത്താനുള്ള ഇൻസ്പെക്‌ഷൻ വിംഗിലാണ് പോസ്റ്റിംഗ്!

ചെറിയ തുകയുടെ ക്രമക്കേട് കണ്ടാൽ പോലും സസ്പെൻഷനാണ് സപ്ളൈകോയിൽ പതിവ്. 50,000 രൂപയിൽ കൂടുതലാണെങ്കിൽ പൊലീസിൽ പരാതിപ്പെടും. ഇവിടെ രണ്ടും സംഭവിച്ചില്ല. ഒരു മാസത്തിനുള്ളിൽ തിരിച്ചെത്തിക്കാമെന്ന് യൂണിയൻ നേതാവിന് ഉറപ്പും നൽകിയിട്ടുണ്ടത്രേ!

 എം.ഡിയുടെ ന്യായീകരണം

? വലിയ തുകയുടെ ക്രമക്കേട് കണ്ടെത്തിയിട്ടും സസ്പെൻഡ് ചെയ്യാതിരുന്നത്

സസ്പെൻഡ് ചെയ്താൽ കുറ്റക്കാർ തിരുവനന്തപുരത്തു തന്നെ കാണില്ലേ. അതൊഴിവാക്കാനാണ് വടക്കോട്ടു സ്ഥലം മാറ്റിയത്.

? കുറ്റം കണ്ടെത്തിയ മാനേജർ സജീവിനെ സ്ഥലം മാറ്റിയത് എന്തിനായിരുന്നു

അത് അറിയില്ല. എല്ലാപേരെയും മാറ്റി.

? നടപടി ഈ വിധത്തിലാക്കാൻ മുകളിൽ നിന്ന് ഇടപെടലുണ്ടായിരുന്നോ?

ഇല്ല.

 സമരം തുടങ്ങി

സജീവ്‌കുമാറിന്റെ സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് സപ്ളൈകോയുടെ വഴുതക്കാട്ടെ മേഖലാ ഓഫീസ് ഇന്നലെ ജീവനക്കാർ ഉപരോധിച്ചു. എല്ലാ സംഘടനകളും സംയുക്തമായിട്ടായിരുന്നു സമരം. സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.