ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരിൽ ഒരാളായിരുന്നു നടരാജ ഗുരുവെന്ന് സ്വാമി തന്മയ (നാരായണഗുരുകുലം) പറഞ്ഞു. ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ നടരാജഗുരു ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാരായണ ഗുരുവിന്റെ ദർശനത്തെ ആധുനിക ശാസ്ത്രയുഗത്തിനു ചേരുന്ന നിലയിലാണ് നടരാജഗുരു വ്യാഖ്യാനം ചെയ്തത്. ആധുനിക ശാസ്ത്രയുഗത്തിനു മുമ്പു തന്നെ ഭാരതത്തിനു സ്വതന്ത്രമായ ദർശന ശാസ്ത്രമുണ്ടായിരുന്നു. മതത്തെയും ശാസ്ത്രത്തെയും യുക്തിചിന്തയെയും വിശ്വാസത്തെയും സമന്വയിപ്പിക്കുകയായിരുന്നു ഗുരുദേവൻ. ഗുരുദേവൻ എങ്ങനെയാണ് ഇതിനെ സമന്വയിപ്പിച്ചത് എന്നതിന്റെ സൂക്ഷ്മ വശത്തിലേക്കാണ് നടരാജഗുരു നമ്മെ കൂട്ടിക്കൊണ്ടുപോയത്. ലോകത്ത് മതം പഠിപ്പിക്കുന്ന കേന്ദ്രങ്ങളും ശാസ്ത്രം പഠിപ്പിക്കുന്ന കേന്ദ്രങ്ങളും ധാരാളമുണ്ട്. എന്നാൽ മതത്തെയും ശാസ്ത്രത്തെയും ഒരുമിച്ച് പഠിപ്പിക്കുന്നത് ശ്രീനാരായണ ഗുരുവിന്റെ ആശ്രമങ്ങളിൽ മാത്രമാണ്.
ശിവഗിരി ഗുരുപീഠമാണെന്നാണ് നടരാജഗുരു പറഞ്ഞത്. ഗുരുചൈതന്യം എപ്പോഴും അവിടെ ഉണ്ടായിരിക്കും. ഇരുപതാമത്തെ വയസിലാണ് നടരാജഗുരുവിനെ ശ്രീനാരായണഗുരു ശ്രദ്ധിച്ചു തുടങ്ങിയത്. വീണ്ടും ഒരു മുപ്പത്തഞ്ച് കൊല്ലം കൂടി കഴിഞ്ഞ ശേഷമെ സത്യസ്വരൂപനായ നാരായണഗുരുവിന്റെ കൃതികൾക്ക് വ്യാഖ്യാനം എഴുതാൻ നടരാജഗുരുവിന് ധൈര്യമുണ്ടായുള്ളൂ. ഗുരുദേവൻ സമാധി പ്രാപിച്ച ദിവസം നടരാജഗുരു രണ്ട് സുഹൃത്തുക്കളുമൊത്ത് ഫ്രാൻസിലെ ഒരു കൊടുമുടി കയറാൻ ഒരുങ്ങുകയായിരുന്നു. സമാധി സമയത്ത് നടരാജഗുരുവിന്റെ കാലിൽ ഒരു കടന്നൽ കുത്തി. ഫ്രാൻസിലേക്ക് പുറപ്പെടും മുമ്പ് ഗുരുവിനെ കണ്ട് യാത്ര പറയുമ്പോൾ രണ്ട് മാസം കഴിഞ്ഞ് മടങ്ങി വരുമെന്ന് പറയുകയുണ്ടായി. നാല് മാസം എന്നു പറഞ്ഞ് നാരായണഗുരു അർദ്ധോക്തിയിൽ നിറുത്തി. യാത്ര പറഞ്ഞതിന്റെ കൃത്യം നാലാം മാസമായിരുന്നു മഹാസമാധി. വരാനിരിക്കുന്ന സംഭവങ്ങൾ അതിന്റെ നിഴൽ മുൻകൂട്ടി വിഴ്ത്തുമെന്ന് നടരാജഗുരു പില്ക്കാലത്ത് പറഞ്ഞിട്ടുണ്ടെന്ന് സ്വാമി തന്മയ പറഞ്ഞു.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടരി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, നവതി ആചരണകമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, യജ്ഞകമ്മിറ്റി കൺവീനർ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി സച്ചിദാനന്ദ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, അഡ്വ. സിനിൽ മുണ്ടപ്പള്ളി, സുനിൽ വള്ളിയിൽ, ഡി. പ്രേംരാജ്, അജി .എസ്.ആർ.എം, ആലുവിള അജിത്ത്, സജി .എസ്.ആർ.എം, വിജീഷ് മേടയിൽ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ: ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ സ്വാമി തന്മയ നടരാജഗുരു ദിന പ്രഭാഷണം നടത്തുന്നു. സ്വാമി ഗുരുപ്രകാശം, സ്വാമി ശാരദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ എന്നിവർ സമീപം
ശിവഗിരിയിൽ ഇന്ന്:
രാവിലെ 5ന് ശാരദാമഠത്തിൽ വിശേഷാൽപൂജ, 5.30ന് മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജ, 5.45ന് ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവകൃതികളുടെ പാരായണം, 9ന് അഖണ്ഡനാമ ജപം, വിശ്വശാന്തി ഹവനം, വൈകിട്ട് 3ന് ആചാര്യസ്മൃതി സമ്മേളനം.