വർക്കല: പാപനാശത്ത് എത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ ടൂറിസം വകുപ്പും നഗരസഭയും പൊലീസും ഗുരുതരമായ വീഴ്ച വരുത്തുന്നതായി ആക്ഷേപം. സീസണോട് അനുബന്ധിച്ച് പാപനാശത്ത് യാതൊരുവിധ മുന്നോരുക്കങ്ങളും ആരംഭിച്ചിട്ടില്ല. കുന്നുകളിലെ സുരക്ഷാവേലി നിർമ്മാണത്തിനും നടപടിയായിട്ടില്ല. ഹെലിപ്പാട് മുതൽ തിരുവമ്പാടി വരെയുളള ഭാഗത്താണ് സുരക്ഷാ വേലിയുടെ അഭാവം അപകടമുണ്ടാക്കുന്നത്. കുന്നിൽ നിന്ന് വീണ് വിദേശ സഞ്ചാരികൾക്ക് ഉൾപ്പെടെ അപകടങ്ങൾ സംഭവിക്കാറുണ്ട്. 2015ൽ ശിവഗിരി തീർത്ഥാടനവും പ്രധാനമന്ത്റിയുടെ സന്ദർശനവും പ്രമാണിച്ച് വി.വി.ഐ.പികളുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് ഹെലിപ്പാട് ഭാഗത്ത് അവശേഷിച്ചിരുന്ന സുരക്ഷാവേലി പൊളിച്ചു മാറ്റിയത്. സന്ദർശനം കഴിഞ്ഞാലുടൻ സുരക്ഷാവേലികൾ പുന:സ്ഥാപിക്കുമെന്ന് അധികൃതർ അന്ന് പറഞ്ഞിരുന്നെങ്കിലും മൂന്നു വർഷം പിന്നിട്ടിട്ടും നിർമ്മാണം എങ്ങുമെത്തിയില്ല.
അവശേഷിക്കുന്ന തുരുമ്പെടുത്ത ഇരുമ്പ് കുറ്റികൾ സഞ്ചാരികളുടെ കാലിൽ തട്ടി അപകടമുണ്ടാകുന്നതും പതിവാണ്. പാപനാശം കുന്നിന്റെ അഗ്രഭാഗത്തായിട്ടാണ് നടപ്പാത നിർമ്മിച്ചിട്ടുളളത്. കഴിഞ്ഞ ആഗസ്റ്റിൽ ഹെലിപ്പാടിന് സമീപം കുന്നിടിഞ്ഞ് നടപ്പാത തകർന്നിരുന്നു. അപകടത്തിൽ താഴേക്ക് വീണ കാശ്മീർ സ്വദേശി അത്ഭുതകരമായാണ് രക്ഷപെട്ടത്. നടപ്പാതയുടെ ഇരു വശങ്ങളിലും താല്ക്കാലിക വേലികെട്ടിയാണ് സഞ്ചാരം നിയന്ത്റിച്ചിട്ടുള്ളത്. ഇവിടെയുളള പടിക്കെട്ടുകളും അപകടാവസ്ഥയിലാണ്. ഹെലിപ്പാട് മുതൽ നോർത്ത് ബീച്ചു വരെ നിരവധി പടിക്കെട്ടുകളാണ് അപകടാവസ്ഥയിലുളളത്. കുത്തനെയുള്ള പടിക്കെട്ടുകൾ പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇടയ്ക്കിടെയുളള കുന്നിടിച്ചിലും പടിക്കെട്ടുകളുടെ സുരക്ഷ ആശങ്കയിലാക്കുന്നു. ഹെലിപ്പാടിനോട് ചേർന്നുളള പടിക്കെട്ടുകളാണ് ഏറ്റവും അപകടാവസ്ഥയിലുളളത്. ബലക്ഷയമുളള കുന്നിന്റെ ചരുവിലാണ് കോൺക്രീറ്ര് തൂണുകൾ നിൽക്കുന്നത്. പലയിടത്തും കൈവരിപോലുമില്ല. സൂര്യാസ്തമനം കണ്ടു മടങ്ങുന്നവർ രാത്രി ഇതുവഴി കയറുകയും ഇറങ്ങുകയും ചെയ്യാറുണ്ട്. ഒന്നിലധികം പേർ ഒരുമിച്ച് കയറിയാൽ താങ്ങാൻ ശേഷിയില്ലാത്ത നിലയിലാണ് പടിക്കെട്ടുകൾ. പാപനാശം കുന്നിൻ മുകളിൽ അടിയന്തരമായി സംരക്ഷണ വേലികൾ നിർമ്മിച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് പൊതു അഭിപ്രായം.
അടുത്ത മാസത്തോടെ സീസൺ ആരംഭിക്കും
സുരക്ഷാ വേലി നിർമ്മാണം എങ്ങുമെത്തിയില്ല
മുൻപ് ഉണ്ടായിരുന്ന സുരക്ഷാ വേലി പൊളിച്ചു നീക്കിയത് - 2015 ഡിസംബറിൽ
3 വർഷം കഴിഞ്ഞിട്ടും പുനർനിർമ്മിച്ചില്ല