pana

കോവളം: വിനോദസഞ്ചാരവും ജലഗതാഗതവും ലക്ഷ്യമാക്കി തുടങ്ങുന്ന കോവളം - ബേക്കൽ ജലപാതയുടെ ഭാഗമായുള്ള പാർവതി പുത്തനാർ നവീകരണം സംബന്ധിച്ചുള്ള പനത്തുറ നിവാസികളുടെ ആശങ്കകൾ പരിഹരിക്കും, ജനങ്ങൾക്ക് കഷ്ടനഷ്ടങ്ങൾ ഉണ്ടായാൽ അർഹമായ നഷ്ടപരിഹാരം നൽകുമെന്നും ജില്ലാ കളക്ടർ കെ.വാസുകി പറഞ്ഞു. ഇന്നലെ രാവിലെ കളക്ടറുടെ ചേംബറിൽ ഒ. രാജഗോപാൽ എം.എൽ.എ, എ.ഡി.എം വിനോദ്, ധീവരസഭ ജില്ലാപ്രസിഡന്റ് പനത്തുറ ബൈജു, ഇൻലാൻഡ് നാവിഗേഷൻ ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, എയർപോർട്ട് അതോറിട്ടി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കോവളം പനത്തുറ - തിരുവല്ലം ഇടയാർ വഴി - മൂന്നാറ്റുമുക്ക് - മുട്ടത്തറ - വള്ളക്കടവ്- ചാക്ക - കരിക്കകം - വേളി കായൽ - തുടർന്ന് ആക്കുളം എന്നിങ്ങനെ വിവിധ ഘട്ടങ്ങളായാണ് ജലപാത നവീകരിക്കുന്നത്. എല്ലായിടത്തും ഒരേ ആഴം വരത്തക്കവിധമാണ് നവീകരണം. നീക്കം ചെയ്യുന്ന മണ്ണ് കളക്ടർ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലെത്തിച്ച് നിരപ്പാക്കും. പുത്തനാറിന്റെ ഇരുകരകളിലുള്ള വീടുകളിലെ മാലിന്യം ആറിലേക്ക് പതിക്കാതിരിക്കാൻ ഓടകളും പണിയും. പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിച്ച് മുട്ടത്തറ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമാണ് സ്ഥാപിക്കുകയെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു.

ചാക്കയിൽ ബോട്ട് ജെട്ടി

കോവളം - ആക്കുളം ജലപാത യാഥാർത്ഥ്യമാകുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം അധികൃതർ ചാക്കയിൽ ബോട്ടുജെട്ടി നിർമ്മിക്കും. വിമാനത്താവളത്തിൽ നിന്ന് പാർവതി പുത്തനാർ വഴി കോവളം, വേളി എന്നിവിടങ്ങളിലേക്ക് പോകാനാകും. വിമാനത്താവള അതോറിട്ടിയുടെ മാസ്റ്റർ പ്ലാനിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. കോവളം - ബേക്കൽ ജലപാത പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ വിമാനത്താവളത്തിനും മുതൽക്കൂട്ടാവും.

പനത്തുറയിൽ പുതിയ പാലം

ദേശീയ ജലപാത കടന്നുപോകുന്ന പനത്തുറ ഗ്രാമത്തിൽ പനത്തുറ കടവിൽ നിന്ന് പൊഴിഭാഗത്തേക്ക് കടന്നുപോകുന്ന കനാൽ അടഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഇവിടെ റോഡാണ്. ജലപാതയുടെ ഭാഗമായി ഇവിടെ പുതിയ പാലം പണിയും. കടലിനടുത്താണ് ഈ റോഡ്. അതിനാൽ മൂവിംഗ് ബ്രിഡ്ജും പരിഗണനയിലുണ്ട്.

കൈയേറ്റങ്ങൾ ധാരാളം

പാർവതി പുത്തനാറിന്റെ ഇരുകരകളിലും നടത്തിയ സർവേയുടെ ഭാഗമായി 2718 കൈയേറ്റങ്ങളാണ് കണ്ടെത്തിയത്. ജലപാതയുടെ ഭാഗമായി കൈയേറ്റങ്ങൾ ഒഴിവാക്കും. ഇവിടെയുള്ളവരെ മാറ്റിപ്പാർപ്പിക്കും. ഇവർക്ക് പുത്തനാറിന്റെ കരയിൽനിന്ന് അധികം ദൂരയല്ലാതെ സ്ഥലം കണ്ടെത്തി വീടു നിർമ്മിക്കുന്നതിനും വഴിയൊരുക്കും. ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തിയാണ് വീട് വച്ച് നൽകുക.


 പദ്ധതിച്ചെലവ്....150 കോടി രൂപ

 കേരള വാട്ടർവേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണ് ശുചീകരണം നടത്തുക

ആദ്യം ശുചീകരിക്കുന്നത് ..... കോവളം മുതൽ ആക്കുളം ബോട്ട് ജെട്ടി വരെയുള്ള 17.5 കിലോമീറ്റർ

 ജലപാതയ്ക്ക് വേണ്ട വീതി....40 മീറ്റർ

 നിലവിലെ വീതി..... 5 മീറ്റർ മുതൽ 20 മീറ്റർ വരെ

 2020 ൽ ഒന്നാം ഘട്ടം പൂ‌ർത്തീകരിക്കും

രണ്ടാം ഘട്ടത്തിൽ

ആക്കുളം മുതൽ കൊല്ലം വരെയുള്ള ടി.എസ് കനാലിന്റെ വീതികൂട്ടലും നവീകരണ പ്രവർത്തനവും