തിരുവനന്തപുരം:ശബരിമലയിലെ ആചാരങ്ങൾ നിലനിർത്തണം എന്നാവശ്യപ്പെട്ട് പന്തളം കൊട്ടാരവും അയ്യപ്പധർമ്മ സംരക്ഷണ സമിതിയും സെക്രട്ടേറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച നാമജപയജ്ഞം വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തിന്റെ ഇരമ്പമായി.സ്ത്രീകളടക്കം വൻജനക്കൂട്ടം പങ്കെടുത്തു. കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ ഉദ്ഘാടനം ചെയ്തു.
സുപ്രീംകോടതി വിധികൊണ്ട് തകർക്കാവുന്നതല്ല ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അയ്യപ്പവിശ്വാസവുമെന്ന് ശശികുമാർവർമ്മ പറഞ്ഞു. അയ്യപ്പ ഭക്തർ ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്. മുമ്പൊക്കെ അയ്യപ്പാ രക്ഷിക്കണേ എന്നാണ് പ്രാർത്ഥിച്ചിരുന്നതെങ്കിൽ ഇപ്പോൾ അയ്യപ്പനെ രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കേണ്ടി വന്നിരിക്കുന്നു.മറ്റ് ആരാധനാലയങ്ങളിൽ ഇല്ലാത്ത കടന്നുകയറ്റമാണ് ശബരിമലയിൽ. മുമ്പെങ്ങുമില്ലാത്ത ആക്രാന്തമാണ്. അയ്യപ്പന്റെ പ്രസക്തി ഏറുന്നതിൽ വിഷമമുള്ളവരാണോ പിന്നിലെന്ന് അറിയില്ല.
ആചാരം അനാചാരമാണെന്ന് പറഞ്ഞു പരത്തുന്നു.ആചാരവും അനാചാരവും തമ്മിലുള്ള ദൂരം തിരിച്ചറിയാൻ വയ്യാതായി.പഞ്ചശുദ്ധിയോടെയാണ് അയ്യപ്പന്മാർ മലകയറുന്നത്. ശരീര ശുദ്ധിയാണ് ഏറെ പ്രധാനം. ഓരോ കാലത്തെയും സാമൂഹിക ചുറ്റുപാടുകളുടെ സന്തതികളാണ് ആചാരങ്ങൾ. ക്ഷേത്രങ്ങളിൽ പ്രതിഷ്ഠകൾക്ക് അനുസരിച്ചാണ് ചടങ്ങുകൾ നിജപ്പെടുത്തുക.ആചാരങ്ങൾ മാറ്റണമെങ്കിൽ ആചാരസഭയാണ് കൂടിയാലോചിച്ച് തീരുമാനിക്കേണ്ടത്. സുപ്രീംകോടതി ഉത്തരവ് ദുഖഃകരമാണ്.സുപ്രീംകോടതിക്ക് അപ്പുറവും ഒരു കോടതിയുണ്ട്.അവിടെ അനുകൂല വിധിനേടാൻ ശരണംവിളി എന്ന വക്കീലിന് കഴിയും.പാവങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിട്ടുള്ളതാണ് പന്തളം കൊട്ടാരം.അയ്യപ്പന്റെ കാര്യത്തിൽ ഒരു പിതാവിന്റെ കടമയാണ് കൊട്ടാരം ഇപ്പോൾ നിർവഹിക്കുന്നതെന്നും ശശികുമാർ വർമ്മ പറഞ്ഞു.
നിയമവ്യവസ്ഥ സൃഷ്‌ടിച്ചതാണ് സെക്രട്ടേറയറ്രിന് മുന്നിലെ ഈ മനുഷ്യപ്രളയമെന്ന് മുൻ മന്ത്രി പന്തളം സുധാകരൻ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് പാർലമെന്റ് പുതിയ നിയമം കൊണ്ടുവരണം.അതിന് കേരളത്തിലെ എം.പിമാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിന്റെ തായ് വേരുകൾ അറുത്ത് ആധുനികതയിലേക്കുള്ള പോക്ക് ആപത്താണെന്ന് റെഡി ടു വെയിറ്റ് കൂട്ടായ്മയുടെ പ്രതിനിധി ശില്പനായർ പറഞ്ഞു. 41 ദിവസം വ്രതമെടുത്താണ് അയ്യപ്പന്മാർ മല കയറുന്നതെങ്കിൽ 40 വർഷം അതിനായി കാത്തിരിക്കാൻ തങ്ങൾ തയ്യാറാണെന്നും അവർ പറഞ്ഞു.
താൻ ദേവസ്വം മന്ത്രിയായിരുന്നപ്പോൾ സ്ത്രീപ്രവേശന വിഷയത്തിൽ ഇടപെട്ടത് വി.എസ്.ശിവകുമാർ ചൂണ്ടിക്കാട്ടി.ഇതിൽ ദേവസ്വം ബോർഡും സർക്കാരും രണ്ടുവിധത്തിലാണ് പറയുന്നത്. എല്ലാവർക്കും മതത്തിൽ വിശ്വസിക്കാനും ആരാധിക്കാനും ഭരണഘടനയിൽ വ്യവസ്ഥയുണ്ടെന്നും ശിവകുമാർ പറഞ്ഞു.
സമിതി ചെയർമാൻ എസ്.കൃഷ്‌ണകുമാർ അദ്ധ്യക്ഷത വഹിച്ചു.സുരേഷ് ഗോപി എം.പി, ഒ.രാജഗോപാൽ എം.എൽ.എ, മുൻ എം.എൽ.എ മാരായ ടി.ശരത് ചന്ദ്രപ്രസാദ്, എ.വി.താമരാക്ഷൻ, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് വി.കെ.വിശ്വംഭരൻ, ഹിന്ദുഐക്യവേദി സെക്രട്ടറി കെ.പ്രഭാകരൻ, രാഹുൽ ഈശ്വർ,കൊട്ടാരം പ്രതിനിധികളായ നാരായണവർമ്മ,രാഘവവർമ്മ, ദീപാവർമ്മ തുടങ്ങിയവർ നേതൃത്വം നൽകി.