politics
ആർ.പുഷ്പനെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അനുമോദിക്കുന്നു.സി.പി.എം ലോക്കൽ സെക്രട്ടറി ജി.എസ്.ഷാബി,എസ്.എസ്.മോഹനൻ,ഉദയകുമാർ തുടങ്ങിയവർ സമീപം.

പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ മീന്മുട്ടി വാർഡിൽ എൽ.ഡി.എഫിന് മികച്ച വിജയം. സി.പി.എമ്മിലെ ആർ. പുഷ്‌പൻ 106 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിറുത്തി. യു.ഡി.എഫിലെ ആർ.ആർ. രാജേഷിനെയാണ് പുഷ്പൻ പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് 606 വോട്ടും യു.ഡി.എഫ് 500 വോട്ടും നേടി. ബി.ജെ.പി സ്ഥാനാർത്ഥി അശ്വതിക്ക് 134 വോട്ടാണ് ലഭിച്ചത്. സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് വി.വി. അജിത്തിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അജിത് നേടിയ 103 വോട്ടിന്റെ ഭൂരിപക്ഷം പുഷ്പനിലൂടെ 106 ആയി വർദ്ധിപ്പിച്ചിരിക്കുകയാണ് സി.പിഎം. 18 അംഗ ഭരണസമിതിയിൽ സി.പി.എം - 9, കോൺഗ്രസ് -8, ബി.ജെ.പി -1 എന്നിങ്ങനെയാണ് കക്ഷിനില. ഭരണനേട്ടത്തിനുള്ള അംഗീകാരമാണ് മീന്മുട്ടിയിലെ വിജയമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി ജി.എസ്. ഷാബി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ നേതൃത്വത്തിൽ ആർ. പുഷ്പന് സ്വീകരണം നൽകി. ആഹ്ലാദ പ്രകടനത്തിന് എസ്.എസ്. മോഹനൻ, ടി.എൽ. ബൈജു, പി.എസ്. പ്രഭു, പേരയം ശശി, ചൂടൽ മോഹനൻ, സജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.