തിരുവനന്തപുരം: ബ്രൂവറി പ്രശ്നത്തിൽ പ്രതിപക്ഷ നേതാവിനെ പരാമർശിച്ച് എക്സൈസിന്റെ പേരിൽ ഇറങ്ങിയ വാർത്താക്കുറിപ്പിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് അഡിഷണൽ ചീഫ് സെക്രട്ടറി ആശാതോമസ് ആഭ്യന്തര വകുപ്പിന് കത്ത് നൽകി.വകുപ്പുതല അന്വേഷണത്തിന് എക്സൈസ് ഡെപ്യൂട്ടി സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
തന്റെ അനുമതി ഇല്ലാതെയാണ് പ്രതിപക്ഷ നേതാവിന് മറുപടിയായി എക്സൈസിന്റെ പേരിൽ വാർത്താക്കുറിപ്പ് പ്രചരിപ്പിച്ചതെന്ന് കത്തിൽ അവർ ചൂണ്ടിക്കാട്ടി.ബ്രൂവറികൾക്ക് വഴിവിട്ട് അനുമതി നൽകിയെന്ന വിവാദത്തിൽ പ്രതിപക്ഷ നേതാവിന്റെ പത്ത് ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് എക്സൈസിന്റെ കുറിപ്പ് ഇറങ്ങിയത്. അടിതെറ്റി വീണ പ്രതിപക്ഷ നേതാവ് എന്ന തലക്കെട്ടിലുള്ള കുറിപ്പിലെ പരാമർശങ്ങൾ അവഹേളനപരമാണെന്ന് ചെന്നിത്തല പരാതിപ്പെട്ടിരുന്നു. മന്ത്രിയോടുള്ള ചോദ്യത്തിന് എക്സൈസ് വകുപ്പിനെകൊണ്ട് മറുപടി പറയിച്ചത് തെറ്റാണെന്നായിരുന്നു ചെന്നിത്തലയുടെ വാദം.
പ്രതിപക്ഷനേതാവിനെ അപമാനിച്ചെന്ന് കാട്ടി ആശാ തോമസിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് കെ.സി.ജോസഫ് അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു.