തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിലെ പാതോളജി വിഭാഗം അഡിഷണൽ പ്രൊഫസറും ദേശീയ രക്താർബുദരോഗ നിർണയ വിദഗ്ദ്ധയുമായ ഡോ. രേഖ നായരെ ഡയറക്ടറായി നിയമിച്ചു. ആർ.സി.സി.യിലെ നാലാമത്തെ ഡയറക്ടറും ആദ്യത്തെ വനിതാ ഡയറക്ടറുമാണ് ഡോ.രേഖ നായർ.
ആഗസ്റ്റ്10 ന് കൊച്ചിൻ കാൻസർ സെന്ററിൽ നടന്ന അഭിമുഖത്തിൽ ഡൽഹി നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജി.കെ. രഥ്, മുംബയ് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. രാജൻബദ്വ, കൊൽക്കത്ത ടാറ്റ മെമ്മോറിയൽ കാൻസർ സെന്റർ ഡയറക്ടർ ഡോ. മാമൻചാണ്ടി, കൊച്ചിൻ കാൻസർ സെന്റർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ് എന്നിവരടങ്ങിയ സെർച്ച് കമ്മിറ്റിയാണ് ഡോ. രേഖ നായരെ ഡയറക്ടറായി നാമനിർദ്ദേശം ചെയ്തത്. ഇത് സർക്കാർ അംഗീകരിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
ഡോ.രേഖ നായർ
വിദേശത്തും
വൈദഗ്ദ്ധ്യം നേടി
തിരുവനന്തപുരം:ആർ.സി.സി. ഡയക്ടറായി നിയമിതയായ ഡോ.രേഖാനായർ വിദേശത്തും രക്താർബുദ നിർണ്ണയത്തിൽ പരിശീലനം നേടിയ പ്രമുഖയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് 1984ൽ എം.ബി.ബി.എസും 1990ൽ പാതോളജി എം.ഡിയും ഉന്നത നിലയിൽ വിജയിച്ചു
അമേരിക്കയിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, ഇംഗ്ലണ്ടിലെ ലീഡ്‌സ് സർവകലാശാല എന്നിവിടങ്ങളിൽ രക്താർബുദ നിർണയത്തിൽ പരിശീലനം.
1989-ൽ സർവീസിൽ പ്രവേശിച്ചു
അദ്ധ്യാപനത്തിലും റിസർച്ചിലും ക്ലിനിക്കൽ വിഭാഗത്തിലുമായി 30 വർഷത്തെ പരിചയം
ആർ.സി.സി.യിലെ അഡ്വാൻസ്ഡ് സ്‌പെഷ്യാലിറ്റി ലാബുകളായ മോളിക്യുലാർ ഫ്‌ളോസൈറ്റോമെട്രി, ഫിഷ്‌ലാബ്, ഇമ്മ്യൂണോ ഹിസ്‌റ്റോ കെമിസ്ട്രിലാബ് എന്നിവ ആരംഭിക്കുന്നതിന് മേൽനോട്ടം വഹിച്ചു.
ദേശീയ അന്തർദേശീയ ജേർണലുകളിൽ 50 ൽപരം മെഡിക്കൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു
ദേശീയ, അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിക്കുന്ന സ്ഥിരം ക്ഷണിതാവ്
രക്താർബുദ നിർണയത്തിലും സ്‌തനാർബുദ നിർണയത്തിലും പുതിയ വെളിച്ചം പകർന്ന മൈക്രോ ആർ.എൻ.എ.യുടെ കണ്ടുപിടിത്തത്തിന് 2016-ൽ ദേശീയ അന്തർദ്ദേശീയ പേറ്റന്റ് ലഭിച്ചു
ഇപ്പോൾ ഐ.സി.എം.ആറിന്റെ തക്താർബുദ നിർണയ ടാസ്‌ക് ഫോഴ്‌സ് അംഗം