ചാത്തന്നൂർ: കാണാതായ പ്ലസ് വൺ വിദ്യാർത്ഥി കുമ്മല്ലൂർ കട്ടച്ചൽ സുരേഷ് ഭവനിൽ സുരേഷ് - സുമ ദമ്പതികളുടെ മകൻ അനീഷിന്റെ (16) മൃതദേഹം ഇത്തിക്കര ആറ്റിൽ . ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഇടനാട് കനാൽ അക്വാഡക്റ്റിന് സമീപത്തെ കടവിൽനിന്ന് ഫയർ ഫോഴ്സും സ്കൂബ ടീമും ചേർന്നാണ് മൃതദേഹം കരയ്ക്കെടുത്തത്.
ചാത്തന്നൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ അനീഷിനെ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ വ്യാഴാഴ്ച രാവിലെ പത്തരയോടെ കൂട്ടുകാർ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. രാത്രിയായിട്ടും തിരികെ എത്താതിരുന്നതിനാൽ, വീട്ടുകാർ ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. സാമൂഹ്യ മാദ്ധ്യമങ്ങളിലും വാർത്ത പ്രചരിച്ചു. തുടർന്ന് കുറച്ച് കുട്ടികൾ കടവിൽ വന്ന് പോയതായി നാട്ടുകാർ പൊലീസിന് വിവരം നൽകി. പൊലീസ് കടവിനടുത്തു നിന്ന് അനീഷിന്റെ ബാഗ് കണ്ടെടുത്തു. തുടർന്ന് കൂട്ടുകാരെ ചോദ്യം ചെയ്യുകയും ചെയ്തു. വ്യാഴ്ചാഴ്ച കടവിൽ കുളിക്കാനിറങ്ങിയെന്നും അനീഷ് കയത്തിൽ അകപ്പെട്ടെന്നും ഇവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. തുടർന്നാണ് തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത് . ഒപ്പമുണ്ടായിരുന്ന കൂട്ടുകാർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി ചാത്തന്നൂർ എസ്.ഐ എ. സരിൻ അറിയിച്ചു . അജീഷ് സഹോദരൻ .