കഴക്കൂട്ടം: നവംബർ ഒന്നിന് കാര്യവട്ടം സ്പോർട്ട്സ് ഹബിൽ നടക്കുന്ന ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്പന 17ന് തുടങ്ങുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാരവാഹികൾ അറിയിച്ചു. 17 രാവിലെ മന്ത്രി ഇ.പി. ജയരാജൻ ടിക്കറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിക്കും. ഓൺലൈൻ വഴിയാണ് ടിക്കറ്റ് വില്പന.പേടിഎമ്മാണ് ടിക്കറ്റിംഗ് പാർട്ണർ. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൊബൈലിലെ ടിക്കറ്റ് പകർപ്പോ, പ്രിന്റൗട്ടോ എടുത്ത് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം. ആയിരം,രണ്ടായിരം,മൂവായിരം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.വിദ്യാർഥികൾക്ക് അമ്പതു ശതമാനം ഇളവ് ഉണ്ടായിരിക്കും 30 നു ജെറ്റ് എയർവേസിന്റെ വിമാനത്തിൽ ഇരു ടീമുകളും തിരുവനന്തപുരത്തെത്തും. 31രാവിലെ വെസ്റ്റിൻഡീസ് ടീമും ഉച്ചകഴിഞ്ഞ് ഇന്ത്യൻ ടീമും സ്പോർട്സ് ഹബിൽ പരിശീലനം നടത്തും. ഇത് കാണുന്നതിനും കാണികൾക്കു സൗകര്യം ഒരുക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട് . ഒന്നാം തീയതി ഉച്ചക്ക് ഒന്നരമുതൽ രാത്രി ഒമ്പതരയാണ് മത്സരം.അന്ന് രാവിലെ 10 .30 മുതലാണ് കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
മത്സരത്തിനായുള്ള ഒരുക്കങ്ങളും കെ.സി.എ ക്യൂറേറ്റർ ബിജുവിന്റെ നേതൃത്വത്തിൽ പിച്ച് നിർമാണവും അവസാന ഘട്ടത്തിലെത്തി. ഇന്നലെ സ്പോർട്സ് ഹബിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.സി.എ സ്വരൂപിച്ച 50 ലക്ഷം രൂപ ഇന്ന് മുഖ്യമന്ത്റിക്ക് കൈമാറുമെന്ന് കെ.സി.എ ട്രഷറർ കെ.എം. അബ്ദുറഹിമാൻ പ്രഖ്യാപിച്ചു. കെ.സി.എ പ്രസിഡന്റ് സജൻ കെ.വർഗീസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരംകോർപ്പറേഷൻ വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുദർശനൻ,ബി.സി.സി.ഐ അംഗം ജയേഷ്ജോർജ്, കെ.സി.എ ജോയിന്റ് സെക്രട്ടറി രജിത്ത് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.