പി. കെ ശശി പ്രശ്‌നം പരിഗണിച്ചില്ലെന്ന് സൂചന

തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ വിശ്വാസത്തെ തീവ്ര വൈകാരിക പ്രശ്നമാക്കി ഹൈന്ദവസംഘടനകൾ തെരുവ് സമരത്തിലേക്ക് ഇറങ്ങിയതോടെ, സർക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് ജനങ്ങളെയും അണികളെയും ബോദ്ധ്യപ്പെടുത്താൻ പാർട്ടി സംവിധാനത്തെയാകെ സടകുടഞ്ഞ് എഴുന്നേൽപ്പിക്കാൻ ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധാരണയായി.

ഇതിന്റെ ഭാഗമായി ഞായറാഴ്‌ച എല്ലാ ജില്ലകളിലും പ്രവർത്തക യോഗങ്ങൾ നടത്തും. ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ വരെ ഈ യോഗങ്ങളിൽ പങ്കെടുക്കും. എല്ലാ ജില്ലകളിലും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ റിപ്പോർട്ടിംഗ് നടത്തും. തിരുവനന്തപുരം ജില്ലയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആയിരിക്കുംറിപ്പോർട്ടിംഗ് നടത്തുന്നത്.

തിങ്കളാഴ്‌ച മുതൽ തുടർച്ചയായ മൂന്ന് ദിവസം എല്ലാ ജില്ലകളിലും ഏരിയകൾ കേന്ദ്രീകരിച്ച് ജനറൽബോഡി യോഗങ്ങൾ വിളിക്കും. വർഗ, ബഹുജന സംഘടനകളെ അണിനിരത്തിയുള്ള വിപുലമായ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും. യോഗങ്ങളുടെയും പ്രചാരണ പരിപാടികളുടെയും കൃത്യമായ രൂപരേഖ ഇന്ന് സംസ്ഥാനകമ്മിറ്റി തീരുമാനിക്കും.

ശബരിമല വിഷയത്തിൽ എതിർപക്ഷം സമരോത്സുകമായതോടെ പാർട്ടിയും സർക്കാരും പ്രതിരോധത്തിലേക്ക് നീങ്ങുന്നുവെന്ന തോന്നൽ സൃഷ്ടിക്കേണ്ടെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെയും നിലപാട്. പാർട്ടി നിലപാട് ഉയർത്തിക്കാട്ടി തന്നെ വിപുലവും ഊർജ്ജിതവുമായ പ്രചാരണം നടത്തണം. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. വിശ്വാസത്തിനോ വിശ്വാസി സമൂഹത്തിനോ പാർട്ടിയോ സർക്കാരോ എതിരല്ല. വിധിയുടെ പേരിൽ ശബരിമലയിലേക്ക് സ്‌ത്രീകളെ അയയ്‌ക്കാനും സർക്കാരോ പാർട്ടിയോ പോകുന്നില്ല. എന്നാൽ, സംഘപരിവാറും യു.ഡി.എഫും രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നത്. ഇരട്ടത്താപ്പാണ് ഇവരുടേത്. ഇരുകക്ഷികളുടെയും കേന്ദ്രനേതൃത്വങ്ങൾ വിധിയെ സ്വാഗതം ചെയ്തു. തുടക്കത്തിൽ സംസ്ഥാന നേതാക്കളും സ്വാഗതം ചെയ്തു. ഇപ്പോൾ എതിർക്കുന്നത് രാഷ്ട്രീയലക്ഷ്യം വച്ചാണെന്ന് വിശ്വാസിസമൂഹം തിരിച്ചറിയണം. പന്തളം രാജകുടുംബം രാഷ്ട്രീയസമരങ്ങളെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് മതേതര സമൂഹം യഥാർത്ഥ സ്ഥിതി തിരിച്ചറിയുമെന്നും പാർട്ടി വിലയിരുത്തുന്നുണ്ട്. ശക്തമായ പ്രചാരണത്തിലൂടെ വർഗീയധ്രുവീകരണ നീക്കങ്ങളെ ചെറുത്ത് മതേതരസമൂഹത്തിന്റെ വിശ്വാസം പൂർണമായി നേടാമെന്നാണ് കണക്കുകൂട്ടുന്നത്. പാർട്ടിയുടെ പുതിയ നീക്കം കോൺഗ്രസിന് തിരിച്ചടിയാകണം. അതിനാൽ ആർ.എസ്.എസിനും കോൺഗ്രസിനുമെതിരെ ശക്തമായ പ്രചരണം നടത്തണം.

ശബരിമല വിഷയത്തിൽ കേന്ദ്രീകരിക്കുന്നത് കൊണ്ടു തന്നെ പി.കെ. ശശി എം.എൽ.എക്കെതിരായ ലൈംഗിക പീഡന വിവാദം സെക്രട്ടേറിയേറ്റിൽ ചർച്ചയ്ക്കെത്തിയില്ലെന്നാണ് സൂചന. ഇന്ന് രാവിലെ സംസ്ഥാന കമ്മിറ്റിക്ക് മുമ്പ് സെക്രട്ടേറിയറ്റ് ചേരുമ്പോൾ പരിഗണിക്കുമോയെന്നും വ്യക്തതയില്ല.