കൊരട്ടി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് പണമടങ്ങിയ ട്രേ കവർന്നത്. ഇന്നലെ പുലർച്ചെ 4.45നാണ് സംഭവം. അഞ്ച് പേരുടെയെങ്കിലും ശ്രമഫലമായാണ് മോഷണമെന്ന് പൊലീസ് കരുതുന്നു. രാവിലെ ബാങ്ക് തുറക്കാനായി മാനേജരെത്തിയപ്പോൾ തൊട്ടടുത്ത മുറിയിലെ എ.ടി.എം കൗണ്ടറിന്റെ ഷട്ടർ താഴ്ത്തിയിട്ടതായി കണ്ടെത്തി. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. എസ്.ഐ സുബീഷ് മോന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്. ബാങ്കിലെ കൺട്രോൾ സംവിധാനത്തിൽ പരിശോധിച്ചപ്പോൾ നഷ്ടപ്പെട്ട രൂപയുടെ കണക്ക് വ്യക്തമായി.
പുലർച്ചെ 1.10ന് ശേഷം എ.ടി.എമ്മിൽ ഇടപാടുകളൊന്നും നടന്നിട്ടില്ല. ശരവണ ഭവൻ ഹോട്ടലിന് സമീപമുള്ള ബിൽഡിംഗിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. ബാങ്കിന്റെ വരാന്തയിൽ ഘടിപ്പിച്ചിരിക്കുന്ന നിരീക്ഷണ കാമറയും സ്പ്രേ പെയിന്റടിച്ച് പ്രവർത്തന രഹിതമാക്കിയിരുന്നു. സ്പ്രേ ചെയ്യാൻ വരുന്ന ആളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കൗണ്ടറിലെ ചില ഇലക്ട്രിക് വയറുകളും പുറത്തു കിടക്കുന്നുണ്ട്. എ.ടി.എം കൗണ്ടറിൽ കടന്ന രണ്ടു പേരുടെ ചിത്രം മറ്റൊരു നിരീക്ഷണ കാമറയിൽ നിന്നു കിട്ടി. ഇരുവരും തുണികൊണ്ട് മുഖം പാതി മറച്ചിട്ടുണ്ട്. തൃശൂർ റൂറൽ എസ്.പി പുഷ്കരൻ, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷ് എന്നിവർ സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവരും പരിശോധയ്ക്കെത്തി.
അതിജീവിച്ചത് 2 കവർച്ചാശ്രമങ്ങൾ
കൊരട്ടിയിൽ ഇതിന് മുമ്പ് രണ്ടു തവണ എ.ടി.എം കൗണ്ടർ തകർക്കാൻ ശ്രമം നടന്നിരുന്നു. രണ്ടു വർഷം മുമ്പ് പടക്കം പൊട്ടിച്ച് ഇതേ ബാങ്കിലെ കൗണ്ടർ പൊളിക്കാനുള്ള ശ്രമം വിജയിച്ചില്ല. പന്നിപ്പടക്കത്തിന്റെ ശബ്ദത്തിൽ ഭയന്നുപോയ മോഷ്ടാക്കൾ രക്ഷപ്പെട്ടു. മൂന്നു വർഷം മുമ്പ് ചിറങ്ങരയിലെ കേരള ഗ്രാമീൺ ബാങ്കിന്റെ എ.ടി.എം തകർത്തെങ്കിലും പണം നഷ്ടപ്പെട്ടില്ല. പണമിരിക്കുന്ന ബോക്സ് ഇളക്കിയെടുക്കാനായില്ല. കാലടി സ്വദേശികളാണ് ഈ കേസിൽ അന്ന് അറസ്റ്റിലായത്.
ഇരുമ്പനത്തെ മോഷണമറിഞ്ഞ് സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശ്, ഡെപ്യൂട്ടി കമ്മിഷണർ ഹിമേന്ദ്രനാഥ്, സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ ജെ. ഉമേഷ്കുമാർ, തൃക്കാക്കര അസി. കമ്മിഷണർ ഷംസു .പി.പി, സൗത്ത് സി.ഐ സിബി ടോം, തൃപ്പൂണിത്തുറ എസ്.ഐ കെ.ആർ. ബിജു, എസ്.ഐ തങ്കച്ചൻ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി. വിരലടയാള വിദഗ്ദ്ധരായ ഗീത, അപ്പുക്കുട്ടൻ, സയന്റിഫിക്ക് അസിസ്റ്റന്റ് ഡോ. അനീഷ് .പി.കെ എന്നിവരും സ്ഥലം പരിശോധിച്ചു. ഡോഗ് സ്ക്വാഡും എത്തിയിരുന്നു.
കോട്ടയത്ത് 1.10 ന്
കോട്ടയം: ഇന്നലെ പുലർച്ചെ 1.10 ന് വെമ്പള്ളി കവലയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം കൗണ്ടറിലായിരുന്നു ആദ്യ മോഷണശ്രമം. ഇവിടെ നിന്നു പുറത്തിറങ്ങിയ സംഘം നേരെ പോയത് മോനിപ്പള്ളിയിലെ എസ്.ബി.ഐ കൗണ്ടറിലാണ്. ഇന്നലെ രാവിലെ പത്തോടെ എത്തിയ ബാങ്ക് അധികൃതരാണ് കാമറ തകർന്നത് കണ്ടെത്തിയത്. തുടർന്ന് വിവരം കുറവിലങ്ങാട് പൊലീസിൽ അറിയിച്ചു. കാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇത് വ്യക്തമല്ലെന്നാണ് സൂചന.
വ്യാഴാഴ്ച രാത്രി 11.45നാണ് മണിപ്പുഴയിലെ പറപ്പള്ളി സർവീസ് സെന്ററിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാൻ മോഷണം പോയത്. കോട്ടയം ഭാഗത്തു നിന്നു നടന്നെത്തിയ മൂന്നംഗ സംഘം, റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാനിൽ കയറി കോടിമത ഭാഗത്തേക്ക് ഓടിച്ചു പോയി. ഇന്നലെ രാവിലെ പത്തോടെ കട തുറക്കാനെത്തിയ ഉടമ റോജിമോനാണ് വാഹന മോഷണം കണ്ടെത്തിയത്. തുടർന്ന് ചിങ്ങവനം പൊലീസിൽ പരാതി നൽകി.
കളമശേരിയിലേത് അറിയിച്ചത് മുംബയിൽ നിന്ന്
കളമശേരി:കളമശേരി എച്ച്.എം.ടി റോഡിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് എതിർവശത്തെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിൽ മോഷണശ്രമം നടക്കുന്നതായി വെളുപ്പിന് രണ്ടിനും മൂന്നിനുമിടയിൽ മുംബയിലെ കൺട്രോൾ റൂമിൽ നിന്ന് കളമശേരി സ്റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നു. പട്രോളിംഗ് സംഘം ഉടനെത്തി നടത്തിയ പരിശോധനയിൽ കാമറയിൽ വെള്ള പെയിന്റ് സ്പ്രേ ചെയ്തതായി കണ്ടെത്തി. എ.ടി.എം തകർക്കാനോ പൊളിക്കാനൊ ശ്രമം നടത്തിയിട്ടില്ല. സാഹചര്യം അനുകൂലമല്ലാത്തതിനാൽ മോഷ്ടാക്കൾ ഒഴിഞ്ഞു പോയതാകാമെന്ന നിഗമനത്തിലാണ് കളമശേരി പൊലീസ്.