parassala

പാറശാല:ദേശീയപാതയിലെ പൈപ്പ് പൊട്ടലിനും അടിക്കടി ഉണ്ടാകുന്ന കുടിവെള്ള തടസ്സങ്ങൾക്കും സ്ഥായിയായ പരിഹാരമാകുന്നു. പരശുവയ്ക്കൽ പമ്പ് ഹൗസിന് സമീപത്ത് നിന്നും പാറശാല ടൗണിലേക്ക് ദേശീയ പാതയിലൂടെ സ്ഥാപിച്ചിട്ടുള്ള സിമന്റ് പൈപ്പ് അടിക്കടി പൊട്ടുന്നത് കാരണം കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിനും ജലം പാഴാവുന്നതിനും ദേശീയ പാതയിലെ ഗതാഗത തടസ്സങ്ങൾക്കും കാരണമാകുന്നതായി കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അതിനുള്ള സ്ഥായിയായ പരിഹാരമായിട്ടാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. നിലവിലെ പൈപ്പ് ലൈൻ നിലനിറുത്തിക്കൊണ്ട് സമാന്തരമായി സ്ഥാപിക്കുന്ന പുതിയ ലൈനിന്റെ പണി പൂർത്തിയാവുന്നതോടെ പഴയ ലൈനിലെ അധിക മർദ്ദം കുറയ്ക്കാൻ കഴിയുന്നതുകൊണ്ട് തന്നെ അടിക്കടി പൈപ്പ് പൊട്ടലുകളും ഒഴിവാക്കാനാകും. നല്ല കാഠിന്യമുള്ളതുകൊണ്ട് തന്നെ കൂടുതൽ മർദ്ദം താങ്ങാവുന്ന ഡി.എൽ. പൈപ്പുകളാണ് പുതുതായി സ്ഥാപിക്കുന്നത്. പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ ഏതാനും ദിവസങ്ങൾക്കകം തന്നെ പൂർത്തിയാകും.