road

നെടുമങ്ങാട്: ഇരുചക്രവാഹന യാത്രക്കാർക്ക് അപകട ഭീഷണിയായി നെടുമങ്ങാട് നഗരസഭയിലെ കണ്ണാറംകോട് റോഡ്. ഒരു മാസത്തിനുള്ളിൽ രണ്ടു ഡസനിലേറെ അപകടങ്ങളാണ് ഇവിടെ നടന്നത്. ബൈ റൂട്ടിൽ കണ്ണാറംകോട് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലെല്ലാം പേവിംഗ് ബ്ലോക്ക് പതിച്ചിരിക്കുന്നത് അശാസ്ത്രീയമായാണ്. വലിയമല ഐ.എസ്.ആർ.ഒ റോഡുമായി കൊറ്റാമല വഴി ആര്യനാടേയ്ക്ക് പോകുന്ന ബൈ റൂട്ട് സംഗമിക്കുന്ന ജംഗ്‌ഷനിൽ ലക്ഷങ്ങൾ മുടക്കി പതിച്ച പേവിംഗ് ബ്ലോക്ക് പ്രധാന റോഡുമായി ചേരാത്തതാണ് അപകടത്തിന് കാരണം.ജംഗ്‌ഷനിൽ വാഹന യാത്രക്കാർ അടുത്തു വന്നതിനു ശേഷമാണ് റോഡിലെ താഴ്ച മനസിലാക്കുന്നത്. കഴിഞ്ഞ ദിവസം നെടുമങ്ങാട്ടെ ഓൺലൈൻ മാദ്ധ്യമ പ്രവർത്തക ജയ കല്ലിങ്ങലും (39) വില്ലേജ് ഓഫീസ് ജീവനക്കാരി ഷൈലജയും (50) സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് ഇരുവർക്കും സാരമായ പരിക്കേറ്റു. നിത്യേനെ കുറഞ്ഞത് നാല് വാഹനാപകടമെങ്കിലും ഈ ഭാഗത്ത് നടക്കാറുണ്ട്. നിർമ്മാണ സമയത്തു തന്നെ പേവിംഗ് ബ്ലോക്ക് പതിക്കുന്നത് സംബന്ധിച്ച് സ്ഥലവാസികളും യാത്രക്കാരും ആക്ഷേപം ഉന്നയിച്ചിരുന്നു. കരാറുകാരനും നഗരസഭാധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് റോഡ് അപകടക്കെണിയാവാൻ കാരണമെന്ന് ഐ.എൻ.ടി.യു.സി നേതാവ് തത്തൻകോട് ആർ. കണ്ണൻ ആരോപിച്ചു. അപകടം പതിവായതോടെ നാട്ടുകാർ ഇതുവഴിയുള്ള യാത്ര ഒഴിവാക്കുന്നുണ്ട്. നഗരസഭാധികൃതരേയും വാർഡു കൗൺസിലറെയും പലതവണ അറിയിച്ചിട്ടും അപകടാവസ്ഥ പരിഹരിക്കാൻ നടപടി ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതി.