പെരുമ്പാവൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് 25,000 രൂപ കവർന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ വട്ടയ്ക്കാട്ടുപടി തിരുമേനി ഫ്യുവൽസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് കുത്തേറ്റത്. കൈയ്ക്കും ചെവിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് കവർച്ച നടത്തിയത്. രാത്രിയിൽ രണ്ട് ജീവനക്കാർ മാത്രമേ പമ്പിൽ ഉണ്ടായിരുന്നുള്ളൂ. കത്തി വിശുന്നതിനിടെയാണ് ചെവിക്ക് പരിക്കേറ്റത്. പെട്രോൾ പമ്പിലെ സി.സി ടി.വി കാമറയിൽ വാഹനത്തിന്റെ നമ്പർ പതിഞ്ഞിട്ടുണ്ട് .പൊലീസ് അന്വേഷണം ഊർജിതമാക്കി.