പാറശാല: ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജിന് സമീപത്തെ വീട്ടുകളിൽ രാത്രി കാലങ്ങളിൽ പാറശാല പൊലീസ് അതിക്രമത്തിന് ശ്രമിക്കുന്നതായി പരാതി. ധനുവച്ചപുരം കൊച്ചു കണ്ണറത്തലവീട്ടിൽ പരേതനായ കൃഷണൻ നായരുടെ ഭാര്യ ഭവാനിയമ്മയാണ് അതിക്രമം നടന്നതായുള്ള പരാതി നൽകിയിരിക്കുന്നത്.
മുൻപ് സ്ഥലത്ത് നിലനിന്നിരുന്ന സി.പി.എം- ആർ.എസ്.എസ് സംഘട്ടനത്തിന്റെ ഭാഗമായുള്ള കേസ് അന്വേഷണ പേരിൽ രാത്രി കാലങ്ങളിൽ എ.ബി.വി.പി പ്രവർത്തകരുടെ വീട് കുത്തിതുറന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നെന്നാണ് ആരോപണം. ഇന്ന് പുലർച്ചെ 12 ന് ചാരുവിളാകത്ത് അനിൽകുമാറിന്റെ മകൻ വരുണിനെ (20) പിടികൂടാനായി സ്ഥലത്ത് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായുള്ള പരാതിയാണ് ഏറ്റവും ഒടുവിലത്തേത്. പൊലീസിന്റെ രാത്രി കാലത്തുള്ള ഈ നടപടിയിൽ ഏറെ ഭീതിയിലാണ് നാട്ടുകാർ.