പുലിപ്പാല് സംഘടിപ്പിക്കാൻ കാട്ടിലേക്ക് പോയ അയ്യപ്പൻ പുലിപ്പുറത്തേറി ഡസൻ കണക്കിന് പുലികളുടെ അകമ്പടിയോടെ പന്തളത്തേക്ക് വരുന്നത് കണ്ടവരിൽ പന്തളം രാജാവിന് പുറമേ പ്രയാർ സ്വാമി ഗോപാലകൃഷ്ണനുമുണ്ടായിരുന്നു. പുലിയെ കണ്ട ഗോപാലകൃഷ്ണസ്വാമി എന്ന് അന്ന് തൊട്ടേ പ്രയാർ സ്വാമി കീർത്തി കേട്ടെന്നാണ് പറയുന്നത്. അയ്യപ്പൻ പുലിപ്പുറത്ത് നിന്നിറങ്ങിയ നേരം പുലിനഖത്തിന്റെ വിസ്തീർണ്ണമെത്ര, പുലിയുടെ വായിൽ പല്ലുകളെത്ര എന്നിത്യാദി കാര്യങ്ങളിൽ പ്രയാർസ്വാമി ചില കണ്ടെത്തലുകൾ നടത്തുകയുണ്ടായി.
സാധാരണ ആളുകൾ പുലിയെ കണ്ടാൽ ഓടാൻ സാദ്ധ്യതയുണ്ട്. ആളനക്കം കണ്ടാൽ പുലി അങ്ങോട്ടും ചാടിപ്പിടിക്കും. എന്നാൽ, പ്രയാർസ്വാമി സാധാരണക്കാരനല്ല. സ്വാമിയും പുലിയും തമ്മിൽ നാഭീനാള ബന്ധമുണ്ടെന്ന് മറ്റാർക്കും അറിയാൻ വഴിയില്ലെങ്കിലും അയ്യപ്പന് നല്ല തിട്ടമാണ്. അങ്ങനെയാണ് പ്രയാർ സ്വാമി പുലിയെ നോക്കി കണ്ണിറുക്കിക്കാണിച്ച ശേഷം നേരേ അടുത്തേക്ക് ചെന്നത്. അതൊരു തന്ത്രപരമായ നീക്കമായിരുന്നു. കണ്ണിറുക്കും നേരത്ത് പുലി വാ പിളർത്തിച്ചിരിച്ചതും പല്ലുകളുടെ സ്കാനിംഗ് പ്രയാർസ്വാമി നടത്തിയതും അയ്യപ്പനല്ലാതെ, മറ്റാരും ശ്രദ്ധിച്ചില്ല. രാഹുൽമോൻ ലോക്‌സഭയിൽ കണ്ണിറുക്കിക്കാട്ടിയ നേരം നമ്മുടെ കൊടിക്കുന്നിൽ ഗാന്ധിയും വേണുഗോപാല ഗാന്ധിയുമെല്ലാം അട്ടട്ടം പൊട്ടിച്ചിരിച്ചത് പോലെയായിരുന്നു പോലും പുലിയുടെ അന്നേരത്തെ ചിരി.
അങ്ങനെയാണ് പ്രയാർ സ്വാമി അക്കാര്യം തീർച്ചമൂർച്ഛ വരുത്തിയത്. അയ്യപ്പനെ പ്രകോപിപ്പിക്കാൻ ചില പെണ്ണുങ്ങളെല്ലാം ചേർന്ന് ശബരിമലയിലേക്ക് ചെന്നാലത്തെ സ്ഥിതി എന്താകുമെന്ന് പ്രയാർസ്വാമി ഊഹിച്ചുറപ്പിച്ചത് അങ്ങനെയാണ്. പുലി പിടിച്ച് കടിച്ചുപറിച്ച് തിന്നുകയോ നഖത്താൽ മാന്തിപ്പറിച്ച് വലിച്ചുകീറിക്കളയുകയോ ചെയ്യുമെന്ന് പ്രയാർസ്വാമി മുന്നറിയിപ്പ് നൽകിയത് പുലിപ്പല്ലിന്റെയും പുലിനഖത്തിന്റെയും കൃത്യമായ വിവരം കൈവശമുള്ളത് കൊണ്ടാണ്.
പുലിയും പുരുഷനും പിടിച്ചുതിന്നുമെന്നാണ് പ്രയാർസ്വാമി നൽകിയ മുന്നറിയിപ്പ്. കാലാവസ്ഥാ മുന്നറിയിപ്പ് പോലെ അച്ചട്ടായി ഈ മുന്നറിയിപ്പും എന്നാണ് വിലയിരുത്തൽ. കാരണം കൊല്ലം തുളസിപ്പുലിയുടെ ഗർജ്ജനം തൊട്ടുപിന്നാലെയെത്തി എന്നതുതന്നെ. തുളസിപ്പുലി സാദാ പുലിയല്ല. അയ്യപ്പന് പോലും പിടിച്ചാൽ കിട്ടാത്ത ഇനമാണ്. ശബരിമലയ്ക്ക് വല്ല പെണ്ണുങ്ങളും കേറിപ്പോയാൽ തുളസിപ്പുലി പല്ലും നഖവുമുപയോഗിച്ച് വലിച്ചുകീറുമെന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെ വലിച്ചുകീറിയ ശേഷം തിന്നുകളയുമെന്ന് ധരിച്ചാൽ തെറ്റിപ്പോയി. അങ്ങനെ തിന്നുന്നയാളല്ല തുളസിപ്പുലി. വലിച്ചുകീറി പീസ് പീസാക്കി പിണറായി സഖാവിന്റെ മുന്നിലേക്കെറിഞ്ഞ് കൊടുക്കുമെന്നാണ് തുളസിപ്പുലി പറയുന്നത്. പിണറായി സഖാവ് അത് കണ്ട് മോഹാലസ്യപ്പെട്ട് വീഴട്ടെ. പിണറായി സഖാവിനെ പാഠം പഠിപ്പിക്കാൻ തുളസിപ്പുലിയുടെ മനസിൽ തോന്നുന്ന ഏകമാർഗം ഇത് മാത്രമാണ്. പറഞ്ഞിട്ട് കാര്യമില്ല, തുളസിപ്പുലിയുടെ ജനുസ്സ് അങ്ങനെയായിപ്പോയി. മുഖത്ത് പോലും താമര വിരിയിക്കാൻ കെല്പുള്ള ശ്രീധരൻപിള്ളച്ചേട്ടന് അത് തിരിച്ചറിയാനാവും.
വിശ്വാമിത്രന്റെ തപസിളക്കാൻ രംഭ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടന്നിട്ടില്ല. പ്രയാർസ്വാമിയുടെ സ്ഥിതിയും ഏതാണ്ടിത് പോലെയാണ്. ഏതെങ്കിലും യുവതി ശബരിമലയുടെ പടി ചവിട്ടിയാൽ പ്രയാർസ്വാമി പിന്നെ ആ പടി കാണില്ലെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്. ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ വിചാരിച്ചാലും ഏത് രംഭയെ വിട്ട് ആ മനസിളക്കാൻ നോക്കിയാലും പ്രയാർസ്വാമി ഇളകുമെന്ന് ധരിക്കേണ്ട, പറഞ്ഞേക്കാം.
.....................
അവതാരങ്ങളുടെ കളി ഇങ്ങോട്ട് വേണ്ട എന്ന് മഹാസാധു പിണറായി സഖാവ് വളരെ നേരത്തേ മുന്നറിയിപ്പ് നൽകിയതായിരുന്നു. അവതാരങ്ങൾ തൂണിലും തുരുമ്പിലുമുണ്ടാകും എന്ന് സഖാവിന് അറിയാം. തൂണിൽ ഒളിച്ചിരുന്നാൽ പുറത്ത് കാണില്ലല്ലോ എന്നോർത്ത് സമാധാനിച്ചായിരുന്നു പിണറായി സഖാവ് അക്കാര്യം പുറത്ത് പറയാതിരുന്നത്.
തൂണിൽ ഒളിച്ചിരുന്ന അക്കൂട്ടത്തിലൊരു അവതാരം പിണറായി സഖാവിനെക്കൊണ്ട് എന്തൊക്കെയോ ചെയ്യിച്ചെന്ന് പക്ഷേ ഈയിടെയായി ഡിറ്റക്ടീവിന്റെ സ്വഭാവം നല്ലത്പോലെ പ്രകടിപ്പിക്കുന്ന ചെന്നിത്തല ഗാന്ധി കണ്ടുപിടിച്ചുകളഞ്ഞു. ബ്രൂവറിയെന്നോ ഡിസ്റ്റിലറിയെന്നോ ഒക്കെ പേരിൽ ചില അവതാരങ്ങൾ അതുമിതും ചെയ്യിച്ചെന്നാണ് ചെന്നിത്തല ഗാന്ധിയുടെ കണ്ടുപിടുത്തം.
പി.സഖാവിനാണെങ്കിൽ വികസന സ്വയംപര്യാപ്തത എന്നൊരൊറ്റ ചിന്ത മാത്രമാണ് മനസ്സിൽ. സ്വയംപര്യാപ്തമാവാൻ ഇനിയേതുണ്ട് ഈ നാട്ടിൽ എന്നാലോചിച്ച് തല പുകയ്ക്കവേയാണ് മദ്യോല്പാദനത്തിന്റെ പരിതോവസ്ഥ സഖാവിന് ബോദ്ധ്യം വന്നത്. മദ്യോല്പാദനത്തിലും ബിയറുല്പാദനത്തിലും സ്വയംപര്യാപ്തമാവാതെങ്ങനെ? പ്രത്യേകിച്ച് മദ്യവർജനത്തിന് ഘട്ടംഘട്ടമായി കാര്യങ്ങൾ ചെയ്തുവരുമ്പോൾ. മദ്യം മദ്യം സർവത്ര, തുള്ളി കുടിക്കാനില്ലത്രെ എന്ന നില സൃഷ്ടിച്ചെടുക്കാൻ സഖാവും ടി.പി സഖാവും പെടുന്ന പാട് ചില്ലറയല്ല. അല്ലാതെ അവതാരങ്ങളുടെ ലീലാവിലാസമൊന്നുമല്ല. കാനം സഖാവിന് പോലും അത് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
ഡിറ്റക്ടീവ് ചെന്നിത്തല ഗാന്ധിയാണെങ്കിൽ എങ്ങനെയൊരു പ്രതിപക്ഷനേതാവാകാം എന്ന പുസ്തകം വാങ്ങി വായിച്ച് പഠിക്കുന്ന കാലവുമാണ്. ഒരുമിച്ച് നിൽക്കേണ്ട ഘട്ടത്തിൽ വിവാദം വേണ്ടെന്ന് പറഞ്ഞ് പി. സഖാവ് കൊടുത്ത ഉത്തരവ് തിരിച്ചെടുത്തത് വല്ലാത്ത ചതിയായിപ്പോയി! ചെന്നിത്തല ഗാന്ധിയെ ഉള്ളാലെ ശപിച്ച് കൊണ്ടുള്ള നീക്കമായിരുന്നാലും ഗാന്ധി ഒട്ടും പ്രതീക്ഷിച്ചതല്ല ഈ നീക്കം. വരുമോരോ ദശ വന്നപോലെ പോം എന്നല്ലാതെന്ത് പറയാനാണ്!
ഇ-മെയിൽ: dronar.keralakaumudi@gmail.com