ദർശനമാലയുടെ മൂന്നാംപദ്യം വിചാരംചെയ്യാൻ ഇരുന്നപ്പോൾ ഭഗവാൻ ഒരു ചോദ്യം ഉന്നയിച്ചു: 'കപിലവസ്തുവിലെ സിദ്ധാർത്ഥന്റെ ജീവിതം മാ​റ്റിമറിച്ച കാഴ്ചകൾ ഏതൊക്കെയാണ്?'
'രോഗി, വൃദ്ധൻ, ശവശരീരം.'
'അല്ല ഒന്നുകൂടിയുണ്ട്. നന്നായി ഓർത്തുപറയൂ...'
ശ്രീബുദ്ധചരിതത്തിൽ മനസുകൊണ്ട് പരതിയിട്ടും അതേതെന്ന് പിടികിട്ടിയില്ല. ഒടുവിൽ ഭഗവാൻ തന്നെ ഉത്തരം മൊഴിഞ്ഞു: 'രാഹുലനെയല്ലേ സിദ്ധാർത്ഥൻ അവസാനമായി ഒന്നു തിരിഞ്ഞുനോക്കിയത്?' ശരിയാണ് കൊട്ടാരം വിട്ടിറങ്ങിയ ആ രാത്രിയിൽ കുഞ്ഞുരാഹുലൻ ആണ് സിദ്ധാർത്ഥന്റെ അവസാനനോട്ടം അപഹരിച്ചത്. ഭക്തന് കാര്യം പിടികിട്ടിയതിൽ ഭഗവാൻ സന്തുഷ്ടനായി. മൂന്നാമത്തെ പദ്യം ആ വഴിക്ക് അന്വേഷിച്ചാൽ വ്യക്തമാകും എന്ന് മൊഴിഞ്ഞ് ഭഗവാൻ മൗനത്തിലമർന്നു. ഭഗവത്പാദം വണങ്ങി അന്വേഷണം ആരംഭിച്ചു.
രോഗിയും വൃദ്ധനും ശവശരീരവും മനുഷ്യാവസ്ഥയുടെ മൂന്നുവിവിധ ഘട്ടങ്ങളാണ്. അത് പൂർത്തിയാകണമെങ്കിൽ ശൈശവംകൂടി വേണം. അതാണ് രാഹുലൻ. ആദ്യം കണ്ട മൂന്ന് ശരീരാവസ്ഥകളാണ് ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും ദുഃഖം എന്ന ഒഴിവാക്കാനാവാത്ത ജീവിതഘടകത്തെക്കുറിച്ചും സിദ്ധാർത്ഥനെ ചിന്തിപ്പിച്ചതെങ്കിൽ തൊട്ടിലിൽക്കിടന്ന് ഇങ്കുചോദിച്ചു കരയുന്ന രാഹുലനെക്കണ്ടപ്പോൾ ജീവിതം ഒരു തുടർച്ചയാണെന്ന് ബോദ്ധ്യമായി. അങ്ങനെയെങ്കിൽ ഈ ജനിമൃതി ചക്രത്തിൽ ജനിച്ചും മരിച്ചും കറങ്ങുകവയ്യ എന്ന നിശ്ചയം ഉള്ളിലുദിച്ചു. അതാണ് കൊട്ടാരം വിട്ട് ജീവന്റെ ശരിയായ അർത്ഥം കണ്ടെത്താൻ ഇറങ്ങിയത്.
ജനിച്ചാൽ മരിക്കും എന്നത് മാത്രമല്ല യാഥാർത്ഥ്യം. ജനിച്ചാൽ വളരും പെ​റ്റുപെരുകും പരിണമിക്കും ക്ഷയിക്കും നശിക്കും. ഇങ്ങനെ ആറ് അവസ്ഥകളിലൂടെ കടന്നുപോകും. ഈ അവസ്ഥകൾ എങ്ങനെ സംഭവിക്കുന്നു? എന്താണ് ഈ പരിണമിക്കലിന്റെ പ്രേരണാശക്തി? എന്താണ് അതിന്റെ ഉദ്ദേശ്യം? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടലാണ് ജീവിതപ്പൊരുൾ അറിയാനുള്ള മാർഗം.
ഒരു വിത്തിൽനിന്ന് വൃക്ഷം മുളപൊട്ടിമുളയ്ക്കുന്നത് കണ്ടിട്ടില്ലേ? കൂപ്പിയ കൈകൾപോലെ രണ്ട് ഇലക്കൂമ്പുകൾ ആദ്യം ലോകത്തേക്ക് വരും. വാത്‌സല്യത്തോടെ ലോകം ആ പൊടിപ്പിനെ നോക്കും. പിന്നെ അവൻ കൂപ്പുകൈവിടർത്തി കാ​റ്റിലാടി വിലസി നിൽക്കും. തണ്ട് ഒന്നുറച്ചാൽ അടുത്ത കൂമ്പുവന്ന് ലോകത്തെ വണങ്ങും. അങ്ങനെ വണങ്ങിയും വിരിഞ്ഞും അവൻ പടരും. കൂടുതൽ കട്ടിയുള്ള പുറന്തോടുവരും. പൂമൊട്ടിടും. പൂമൊട്ടും കൂപ്പുകൈപോലെയാണ് ലോകത്തേക്ക് വരുന്നത്. പിന്നെ ഏകമായ സ്വരൂപത്തിലിരിക്കുന്ന ആ മൊട്ട് ആയിരം ഇതുളുകളായി വിരിയും. അതിൽ വീണ്ടും അവന്റെ വംശത്തിന്റെ വിത്തുകൾ ഉണ്ടാകും. അങ്ങനെ ഒരു വിത്ത് വിരിഞ്ഞുണ്ടാകുന്ന വൃക്ഷം എന്ന അത്ഭുതം ഒരായിരം വിത്തുകളായി മാറും. ഇതുപോലെയാണ് ജീവജാലങ്ങളെല്ലാം തന്നെ. മറഞ്ഞിരുന്നിട്ട് വെളിപ്പെടുന്നതാണ് ഈ പ്രപഞ്ചം എന്ന വേദാന്തപാഠമാണ് ഈ ജീവിതദശകൾ നമ്മെ പഠിപ്പിക്കുന്നത്. മറഞ്ഞിരിക്കുന്ന പ്രേരണയെ വാസനയെന്നും അത് പ്രകടമാകുന്നതിനെ സങ്കല്പമെന്നുമാണ് വിളിക്കുന്നത്. ആ മറഞ്ഞിരിപ്പിന്റെ കാരണം അന്വേഷിച്ചാൽ പ്രപഞ്ചരഹസ്യം നമുക്ക് അറിയാൻ സാധിക്കും. ഇത് രഹസ്യമാണെന്നു പറയുമ്പോൾ തന്നെ പരസ്യമാണ് താനും. ഇവിടെ നടക്കുന്ന എല്ലാ ചലനങ്ങളിലും പ്രപഞ്ചത്തിന്റെ സൃഷ്ടിരഹസ്യമുണ്ട്. അതുപക്ഷേ, നിരീക്ഷിച്ചറിയാനുള്ള വെളിച്ചം ബുദ്ധിക്കുവേണമെന്നുമാത്രം. ആ വെളിച്ചം നേടിയെടുക്കുന്നതാണ് വിദ്യാഭ്യാസം. അപ്പോൾ വിദ്യാഭ്യാസം ഒരു അദ്ധ്യാത്മ പ്രക്രിയയാണ്. അതൊരു ഭൗതികാന്വേഷണമല്ല. ദർശനമാലയിലൂടെ ഗുരു നൽകുന്ന വിദ്യാഭ്യാസം സ്ഥൂലത്തെ അറിഞ്ഞാൽ സൂക്ഷ്മത്തിലെത്താം എന്നതും സൂക്ഷ്മത്തെ അറിഞ്ഞാൽ അത് സ്ഥൂലമായി മാറുന്നതിന്റെ കാരണം അറിയാം എന്നതുമാണ്. ഇതാ മൂന്നാം പദ്യം വായിച്ചു നോക്കൂ:
'പ്രാഗുത്പത്തേരിദം സ്വസ്മിൻ
വിലീനമഥ വൈ സ്വതഃ
ബീജാദങ്കുരവത് സ്വസ്യ
ശക്തിരേവാസൃജത് സ്വയം'
ഈ പ്രപഞ്ചം ഇങ്ങനെ വിസ്തൃതമായി ദൃശ്യമാകുന്നതിന് മുമ്പേ അതിന്റെ സത്തയായ ബ്രഹ്മത്തിൽ വിത്തിനുള്ളിൽ വൃക്ഷമെന്നതുപോലെ വിലീനമായി ഇരിക്കുകയായിരുന്നു. ആ സമയം ബ്രഹ്മവും പ്രപഞ്ചവും രണ്ടല്ലായിരുന്നു. അനന്തരം വിത്ത് പൊടിച്ച് വൃക്ഷമായതുപോലെ ബ്രഹ്മശക്തിയുടെ പ്രേരണയാൽ വെളിപ്പെട്ട് വന്നതാണ് ഇക്കാണുന്നതെല്ലാം. അതുകൊണ്ടാണ് പ്രപഞ്ചസൃഷ്ടിയെ ഉല്പത്തി എന്നുവിളിക്കുന്നത്. ഉല്പത്തി എന്നുപറഞ്ഞാൽ മറഞ്ഞിരുന്നിട്ട് ഉദിച്ചുവരുന്ന അവസ്ഥയാണ്. അപ്പോൾ ഇല്ലാത്തത് ഉണ്ടാകുന്നതല്ല സൃഷ്ടി എന്നുപറയുന്നത്. മറഞ്ഞിരുന്നിട്ട് പ്രത്യക്ഷമാകുന്നതിനെയാണ്. ഇല്ലാത്തത് ഉണ്ടാക്കാൻ ആർക്കും സാധിക്കില്ല. ഉള്ളതിൽനിന്ന് വെളിപ്പെടുത്തുന്നതാണ് ശക്തിയുടെ പ്രഭാവമെന്നു പറയുന്നത്. മറഞ്ഞിരിക്കുന്നതിനെ ശക്തിയാണ് വെളിപ്പെടുത്തുന്നത് എന്നതിന് എന്താണ് തെളിവ്?
ഐസിൽ മറഞ്ഞിരിക്കുന്ന വെള്ളത്തെ വെളിപ്പെടുത്തുന്നത് ചൂട് എന്ന ശക്തിയാണ്. വെള്ളത്തിൽ മറഞ്ഞിരിക്കുന്ന നീരാവിയെ വെളിപ്പെടുത്തുന്നതും ചൂട് എന്ന ഊർജശക്തിയാണ്. മുളയിൽ മുളക്കരുത്തുണ്ടെങ്കിൽ വൃക്ഷം പെട്ടെന്ന് വളരും. മുളക്കരുത്ത് കുറഞ്ഞാൽ വളർച്ചാനിരക്കും കുറയും. വളർച്ചാനിരക്ക് കൂടുന്നത് ശക്തി തടസമില്ലാതെ സ്പന്ദിക്കുമ്പോഴാണ്. ബ്രഹ്മശക്തി പ്രപഞ്ചത്തിൽ എല്ലാ​റ്റിലും നിറഞ്ഞിരിപ്പുണ്ട്. എന്നാൽ അതുപയോഗിച്ച് ചലിക്കുന്ന ജീവികളിൽ പലതും പല അളവിലാണ് ശക്തി പ്രകടിപ്പിക്കുന്നത്. മനുഷ്യർക്കിടയിൽ തന്നെ ശക്തി കൂടുതലുള്ളവരും ശക്തി കുറഞ്ഞവരുമുണ്ട്. എന്നാൽ ശക്തിയില്ലാത്തവർ ആരുംതന്നെ ഇല്ല. പ്രകടഭാവത്തിൽ വ്യത്യാസമുണ്ടാകുമെന്നുമാത്രം. അത് വസ്തുവിന്റെ ദ്റവ്യസ്വഭാവത്തിലെ കെട്ടുറപ്പിനെ ആശ്രയിച്ചാണ് വ്യത്യാസപ്പെടുന്നത്. ഒരു പഴം എടുത്ത് ഒരാളെ തല്ലുന്നതും വടിയെടുത്തുതല്ലുന്നതും ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമായിരിക്കും. എന്നുവച്ചാൽ പഴത്തിന് വടിയുടെ അത്രയും ശക്തിയില്ല എന്നർത്ഥമില്ല. പഴം കഴിച്ചാൽ കഴിക്കുന്നയാൾക്ക് ശക്തി കിട്ടുമെങ്കിൽ അത് പഴത്തിൽ മറഞ്ഞിരുന്ന ശക്തിയാണ്. അത് അയാളുടെ ശക്തിയായി മറനീക്കി വെളിപ്പെടുന്നു. എന്നാൽ പുറമേ പഴത്തേക്കാൾ ശക്തികാട്ടിയ വടിയെ ഒരാൾക്ക് കഴിക്കാനാവില്ല. അതിൽനിന്ന് ഊർജം വേർപെട്ട് അയാളിൽ പ്രകടമാവുകയുമില്ല. ഇതുപോലെ ഉള്ളലിവുള്ളവരെ നമ്മുടെ നാട്ടുകാർ പഴം എന്ന് പരിഹസിച്ച് വിളിക്കും. പക്ഷേ, മസിൽക്കരുത്തുള്ളവരേക്കാൾ അവർ ലോകത്തോട് കരുണയുള്ളവർ ആയിരിക്കും.കരുണയുടെ ശക്തി അനന്തമാണ്.