ആറ്റിങ്ങൽ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിലും വീടുകളിലും ബൊമ്മക്കൊലു ഒരുങ്ങി. ആറ്റിങ്ങൽ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലും ബ്രാഹ്മണർ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങളിലും ബൊമ്മക്കൊലു ഒരുക്കിയിട്ടുണ്ട് . ബൊമ്മക്കൊലു ഒരുക്കുന്ന കാര്യത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കാളികളായി. മഹിഷാസുരവധത്തിനായി ഒൻപത് ഭാവങ്ങളിൽ അവതരിച്ച ദേവീയെ പ്രതിനിധാനം ചെയ്യുന്ന ബൊമ്മക്കൊലു. ഒറ്റ അക്കങ്ങളായ 7, 9 എന്നിങ്ങനെ ക്രമീകരിച്ച തട്ടുകളിലാണ് ഒരുക്കിയിട്ടുള്ളത്. ഗണപതി, ശിവൻ, മഹാലക്ഷ്മി, മഹാവിഷ്ണു, ദശാവതാരം, സരസ്വതി, പാർവതി, ദുർഗ, ശ്രീകൃഷ്ണൻ, വാദ്യോപകരണ രൂപങ്ങൾ പശു, മൃഗം, പക്ഷി തുടങ്ങി നിരവധി മൺബൊമ്മകൾ തട്ടുകളിൽ നിരത്തിയിട്ടുണ്ട്. ഇതിന് മധ്യഭാഗത്തായി കുംഭം സ്ഥാപിച്ചു ദേവീ ചൈതന്യം കുടിയിരുത്തും. അരിമാവിൽകോലം തീർത്ത് ബൊമ്മക്കൊലു തട്ടിന് മുന്നിൽ വിളക്കുകൾ തെളിയിച്ചാണ് നവരാത്രി ആരാധനയും ഭജനയും നടക്കുന്നത്. വിദ്യാരംഭത്തോടെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും.