വെഞ്ഞാറമൂട്: മാണിക്കൽ കൃഷിഭവനിൽ അർഹതപ്പെട്ട കർഷകർക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ലെന്ന് ആരോപണം. ആനുകൂല്യങ്ങൾ നൽകുന്നത് ജീവനക്കാരുടെയും കാർഷിക വികസന സമിതിയംഗങ്ങളുടേയും ബന്ധുക്കൾക്കും വേണ്ടപ്പെട്ടവർക്കും വേണ്ടി മാത്രമെന്നും കർഷകർ ആരോപിക്കുന്നു. പരാതികൾ വ്യാപകമായതോടെ കൃഷിഭവനിലെ ജീവനക്കാർക്കെതിരെ മേലുദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ് കർഷകർ.അഴിമതിയും സ്വജനപക്ഷപാതവും കാരണം കൃഷിഭവൻ കുത്തഴിഞ്ഞപോലെ പ്രവർത്തിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൃഷിനാശം സംഭവിച്ചാൽ നഷ്ടപരിഹാരം കിട്ടുന്നതിന് വർഷങ്ങൾ കാത്തിരിക്കേണ്ട ഗതികേടിലാണ് കർഷകർ വ്യക്തി ഗതവും ,നീർത്തട പദ്ധതിയിൽ പെട്ടതുമായിട്ടുള്ള കോടികണക്കിന് രൂപയുടെ പദ്ധതികളാണ് ഒരോ വർഷവും കർഷകർക്കായി വിധ പദ്ധതികളിലൂടെ കൃഷി ഭവനിലെത്തുന്നത്. ഇൗ ആനുകൂല്യങ്ങളാണ് കർഷകർക്ക് നൽകാതെ ജീവനക്കാരും കാർഷിക വികസന സമിതിയിലെ ചില അംഗങ്ങളും ചേർന്ന് വേണ്ടപ്പെട്ടവർക്കും അനർഹർക്കും നൽകുന്നതത്രെ .അനർഹമായി നൽകുന്ന ആനുകൂല്യങ്ങളിൽ നല്ലൊരു ശതമാനവും കമ്മിഷനായി തിരികെ കൃഷി ഓഫിസിലെ ജീവനക്കാരുടെ കൈ കളിൽ തന്നെ എത്തുന്നതായും കർഷകർ പറയുന്നു. ആനുകൂല്യങ്ങൾ വേണ്ടപെട്ടവരെ മാത്രം രഹസ്യമായിഅറിയിച്ച് വീതിച്ചെടുക്കുകയാണ് വർഷങ്ങളായി തുടർന്ന് വരുന്ന രീതിയെന്നും അത് അവസാനിപ്പിക്കാൻ വേണ്ട നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടിലെ കർഷകർ.
ആരോപണം നിരവധി
കൃഷിയോഫീസിൽ എത്തുന്ന കർഷകരെ ജീവനക്കാർ പല കാരണങ്ങൾ പറഞ്ഞ് മടക്കുന്നു
കൃഷി ഭവൻ വഴി നൽകേണ്ട ആനുകൂല്യങ്ങളെ കുറിച്ച് പത്ര മാദ്ധ്യമങ്ങൾ മുഖേന അറിയിക്കില്ല
കർഷകർ ഒാഫീസിൽ നേരിട്ട് വന്നാലും വ്യക്തമായ വിവരങ്ങൾ നൽകാറില്ല
കൃഷി ഭവനുകൾ മുഖേനെ നൽകുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമെന്നറിയാനാകില്ല
ആനുകൂല്യങ്ങളും ഫണ്ടുകളും തോന്നും വിധം നൽകുന്നു
പഞ്ചായത്തിലെ മികച്ച കർഷകനെ പോലും അവഗണിച്ചു
പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും കൃഷിയാഫീസർ കൺവീനറുമായ കാർഷിക വികസന സമിതിയിയാണ് അർഹരായ കർഷകരെ ആനുകൂല്യങ്ങൾക്കായി നിർദ്ദേശിക്കേണ്ട്. ജനപങ്കാളിത്തത്തോടെ നിർദ്ദേശിക്കപ്പടുന്ന വിവധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും സമിതിയിൽ അംഗങ്ങളായി ഉണ്ടാകും. വർഷത്തിൽ കുറഞ്ഞത് നാല് തവണയെങ്കിലും യോഗം വിളിച്ച് ചേർത്തിരിക്കണമെന്നും നിർദ്ദേശമുണ്ട്.എന്നാൽ മാണിക്കൽ കൃഷിഭവനിൽ ഇതെല്ലാം കടലാസിൽ മാത്രമായി ഒതുങ്ങി. സമിതി യോഗം വിളിക്കുക പേരിന് മാത്രമായി.