തിരുവനന്തപുരം: തുടർച്ചയായ മഴ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായ സാഹചര്യത്തിൽ മുക്കോല- കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാകാൻ വൈകും. കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ ഹരിത മേഖലയെന്ന് വിശേഷിപ്പിക്കാവുന്ന ഇവിടെ ബൈപ്പാസിന്റെ ഉറപ്പിനും സുരക്ഷയ്ക്കുമായി മണ്ണിട്ട് ഉയർത്തലും ബലപ്പെടുത്തലുമുൾപ്പെടെയുളള നിർമ്മാണ പ്രവൃത്തികൾക്ക് ദേശീയപാത അതോറിട്ടി അടുത്ത ജൂൺ വരെ സമയം നീട്ടി നൽകി. 2005ലെ ഡി.പി.ആർ അനുസരിച്ചാണ് മുക്കോല - കാരോട് പാത ആസൂത്രണം ചെയ്തത്. എന്നാൽ നിർമ്മാണം ആരംഭിച്ചപ്പോൾ അടിപ്പാത, മേൽപ്പാത നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് പ്രാദേശികമായി പല സ്ഥലങ്ങളിലും റോഡിന്റെ ഘടനയ്ക്ക് മാറ്റം വന്നു. മൂന്നുവഷം മുമ്പ് എൽആന്റ് ടി. കൺസ്ട്രക്ഷൻ കമ്പനി നിർമ്മാണം ആരംഭിച്ചെങ്കിലും റോഡിന് വിട്ടുനൽകിയ സ്ഥലത്തിന്റെ വിലയെച്ചൊല്ലിയുണ്ടായ തർക്കവും കോടതി വ്യവഹാരവും പണികൾ വീണ്ടും വൈകിച്ചു. ചെങ്കൽ, കാരോട്, കാഞ്ഞിരപ്പാറ, തിരുപുറം , കോട്ടുക്കൽ എന്നിവിടങ്ങളിലെ സ്ഥലം ഉടമകളാണ് കോടതിയെ സമീപിച്ചത്.
16.5 കി.മീ കോൺക്രീറ്റ് റോഡ്
പാരിസ്ഥിതിക സാഹചര്യങ്ങൾ കണക്കിലെടുത്ത് മുക്കോല - കാരോട് റൂട്ടിൽ 16.5 കി.മീറ്റർ കോൺക്രീറ്റ് റോഡാണ് നിർമ്മിക്കുക.ടാറുൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമം നേരിടുന്നതിനാൽ ടാറിംഗിനേക്കാൾ വേഗം നിർമ്മാണം പൂർത്തിയാക്കാൻ ഇത് സഹായകമാകുമെന്ന് ദേശീയ പാത അതോറിട്ടി വൃത്തങ്ങൾ അറിയിച്ചു.