തിരുവനന്തപുരം: പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാർ ചെയ്യേണ്ട പല ജോലികളും രോഗികളെ കൊണ്ട് ചെയ്യിക്കുന്നതായി ആക്ഷേപം. പാത്രം കഴുകൽ, തറ തുടയ്ക്കൽ, വരാന്ത അടിച്ചുവാരൽ, മുറി കഴുകൽ തുടങ്ങിയ ജോലികൾക്കാണ് രോഗികളെ നിയോഗിക്കുന്നത്. ഇത് നടക്കുന്നത് രാവിലെ ആയതിനാൽ വിവരം ആശുപത്രിയിലെ ഉന്നത അധികാരികൾ അറിയാറില്ല. പലപ്പോഴും ഭീഷണിപ്പെടുത്തിയാണ് രോഗികളെ പണിയെടുപ്പിക്കാറുള്ളതെന്നും ആക്ഷേപമുണ്ട്. ചില ജീവനക്കാരാണ് ഇതിന് പിന്നിൽ. 150 ഓളം അറ്റൻഡർമാരാണ് 500 ലധികം രോഗികളെ പരിചരിക്കാൻ ആശുപത്രിയിലുള്ളത്. എന്നാൽ, ഇത് പോരെന്നാണ് ജീവനക്കാർ പറയുന്നത്. അതുകൊണ്ട് പലപ്പോഴും രോഗികളെക്കൊണ്ടും ജോലി ചെയ്യിക്കേണ്ടി വരുന്നുവെന്നാണ് ചില ജീവനക്കാരുടെ വെളിപ്പെടുത്തൽ. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നവരെ ജോലി ചെയ്യിക്കുന്നത് ഗുരുതരമായ തെറ്റാണ്. എന്നിട്ടും ഇക്കാര്യത്തിൽ നടപടിയുണ്ടാവുന്നില്ല.
താമസസ്ഥലം ഇല്ലാത്തതും വീട്ടിൽ നിൽക്കാൻ താത്പര്യമില്ലാത്തവരുമായ, രോഗം ഏതാണ്ട് ഭേദമായവർ ഇവിടെയുണ്ട്. ഇവരെയാണ് ചില ജീവനക്കാർ കൂടുതലായും ജോലിക്കായി നിയോഗിക്കുന്നത്. വാർഡുകളിലെ ഭക്ഷണ വിതരണത്തിന് ഉന്തുവണ്ടികൾ തള്ളികൊണ്ട് പോകാനും രോഗികളെ നിയോഗിക്കാറുണ്ടെന്ന് പരാതിയുണ്ട്. രാവിലെ അഞ്ചരയ്ക്ക് രോഗികൾക്ക് ബെഡി കോഫി എത്തിക്കുന്നതും ചില രോഗികൾതന്നെ. ഇതിനായി രാവിലെ അഞ്ചിന് രോഗികളിൽ ചിലരെ ജീവനക്കാർ നിർബന്ധിച്ച് എഴുന്നേൽപ്പിക്കാറുണ്ടത്രേ. അതേസമയം, രോഗം ഭേദമായവരെയാണ് നിയോഗിക്കുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു.സി.സി.ടി.വി കാമറകളുടെ അഭാവവും ആശുപത്രിയിലുണ്ട്. ഫോറൻസിക് വാർഡിലും ആശുപത്രിക്ക് അകത്തെ ഏതാനും ചില വഴികളിലും മാത്രമാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ വാർഡുകളിൽ രോഗികൾക്ക് നേരെ നടക്കുന്ന സംഭവങ്ങൾ സൂപ്രണ്ടോ മറ്റ് അധികൃതരോ അറിയാതെ പോകുന്നു. മുമ്പ് മാലിന്യ നീക്കത്തിന് ഉപയോഗിച്ചിരുന്ന ഉന്തുവണ്ടികൾ ആശുപത്രിയിൽ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിക്കുന്നത് 'ഫ്ലാഷ്' പുറത്തുകൊണ്ടുവന്നിരുന്നു.
നിയോഗിക്കുന്നത് രോഗം ഭേദമായവരെ
ആറാം വാർഡിൽ രോഗം ഭേദമായ രോഗികളുണ്ട്. അവരെയാണ് സഹായത്തിന് ഉപയോഗിക്കുന്നത്. മറ്റുള്ളവരെയല്ല.
ഡോ. ടി. സാഗർ, സൂപ്രണ്ട്, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം