സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ജോലി നോക്കുന്ന കോടിക്കണക്കിന് ജീവനക്കാരിൽ വലിയ പ്രതീക്ഷയും ആശ്വാസവും ജനിപ്പിച്ചുകൊണ്ടാണ് 1995 ൽ പി.എഫ് പെൻഷൻ പദ്ധതി ആരംഭിച്ചത് . എന്നാൽ ചായക്കാശിനുപോലും മതിയാകാത്ത പെൻഷൻ ലഭിച്ചുതുടങ്ങിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന ഞെട്ടിക്കുന്ന സത്യം അവർക്ക് ബോദ്ധ്യമായത്. പത്തുവർഷം കൂടുമ്പോൾ പെൻഷൻ പരിഷ്കരിക്കുമെന്നും പെൻഷൻ തുക കാലോചിതമായി ഉയർത്തുമെന്നും മറ്റുമുള്ള വാഗ്‌ദാനം നിറവേറ്റപ്പെട്ടില്ല. ജീവനക്കാരുടെ സംഘടനകൾ ഇതിനായി പത്തുപതിനഞ്ചുവർഷമായി നിരന്തരം സമരമുഖത്തുതന്നെയായിരുന്നു. അനേകംപേർ കോടതികളും കയറിയിറങ്ങി. എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റ് സാങ്കല്പികമായ കണക്കുകൾ നിരത്തി ഒരു കാരണവശാലും പെൻഷൻ കൂട്ടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് വരുത്തിത്തീർക്കുകയായിരുന്നു. തൊഴിലാളി സംഘടനകളിൽ നിന്നും നേതാക്കളിൽ നിന്നും എം.പിമാരിൽനിന്നും നിരന്തരമുണ്ടായ സമ്മർദ്ദത്തിന്റെ ഫലമായി മിനിമം പെൻഷൻ ആയിരംരൂപയായി ഇതിനിടെ ഉയർത്താൻ തയ്യാറായി. യു.പി.എ സർക്കാരിന്റെ കാലത്തുതുടങ്ങിവച്ച ഇതിനായുള്ള നടപടികൾ പൂർത്തിയാകാൻ പിന്നെയും ഏറെനാൾ കാത്തിരിക്കേണ്ടിവന്നു പി.എഫ് പെൻഷൻ കാലോചിതമായി പരിഷ്കരിക്കണമെന്ന തൊഴിലാളികളുടെ ന്യായമായ ആവശ്യം പക്ഷേ അപ്പോഴും അംഗീകരിക്കപ്പെട്ടില്ല. എന്നുമാത്രമല്ല 2014 ൽ മോദി സർക്കാർ പി.എഫ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം പെൻഷന് അർഹമായ പരമാവധി ശമ്പളം 15000 രൂപയായി നിജപ്പെടുത്തുകയും ചെയ്തു. വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കിവേണം പെൻഷൻ നിശ്ചയിക്കേണ്ടതെന്ന ഭേദഗതി നിയമത്തിലെ വ്യവസ്ഥ ജീവനക്കാർക്ക് അങ്ങേയറ്റം ദോഷകരമാവുകയും ചെയ്തു. എത്ര ഉയർന്ന ശമ്പളക്കാർക്കും പെൻഷനുവേണ്ടി കണക്കിലെടുക്കുന്ന ശമ്പളത്തുക പതിനയ്യായിരമായി നിർണയിക്കപ്പെട്ടതോടെ തീരെ തുച്ഛമായ പെൻഷനേ ഇപ്പോൾ ലഭിക്കുന്നുള്ളൂ.
ഉയർന്ന പെൻഷൻ നിഷേധിക്കുന്ന 2014 ഇ.പി.എഫ് ഭേദഗതി നിയമം കഴിഞ്ഞദിവസം കേരള ഹൈക്കോടതി അപ്പാടെ റദ്ദാക്കിയിരിക്കുകയാണ്. ലക്ഷോപലക്ഷം പേർക്ക് ഉയർന്ന നിരക്കിൽ പി.എഫ്. പെൻഷൻ വാങ്ങാൻ ഇതോടെ വഴി തെളിഞ്ഞിരിക്കുകയാണ്. ഒാരോരുത്തരുടെയും ശമ്പളത്തിനനുസൃതമായി ഇനിമുതൽ പെൻഷൻ ലഭിക്കും. സർവീസിലെ അവസാന പന്ത്രണ്ടുമാസ ശമ്പളത്തിന്റെ ശരാശരിയാകും പെൻഷൻ നിർണയിക്കാൻ ആധാരമാക്കുക. യഥാർത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷന് ഒാപ്ഷൻ നൽകുന്നതിന് തടസമായിരുന്ന ഇ.പി.എഫ് ട്രസ്റ്റി ബോർഡിന്റെ എല്ലാ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ഉയർന്ന ശമ്പളം കണക്കാക്കിത്തന്നെ വേണം ഇനി പി.എഫ്. പെൻഷൻ നിശ്ചയിക്കാൻ. ഉയർന്ന ശമ്പളം വാങ്ങിയവർ പുതിയ ഒാപ്‌ഷൻ നൽകി അധിക തുക അടച്ച് ഉയർന്ന തോതിലുള്ള പെൻഷന് അർഹത നേടാവുന്നതാണ്. ഒാപ്ഷന് കാലപരിധിയില്ലെന്ന് കോടതിവിധിയിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ആവശ്യമായ കരുതൽ ശേഖരമില്ലെന്ന് കള്ളം പറഞ്ഞാണ് ഇ.പി.എഫ് അധികൃതർ ഇത്രകാലവും പി.എഫ് വരിക്കാരെ കബളിപ്പിച്ചുകൊണ്ടിരുന്നത്. അവകാശികളില്ലാതെ 32000 കോടി രൂപയാണ് വർഷങ്ങളായി കെട്ടിക്കിടക്കുന്നത്. അഞ്ചുകോടിയോളം വരിക്കാരിൽനിന്നും ഒാരോ വർഷവും പെൻഷൻ വിഹിതമായും ഭീമമായ സംഖ്യ എത്തുന്നുണ്ട്. ഇതിന് ആനുപാതികമായി തൊഴിലുടമകളിൽ നിന്നുള്ള വിഹിതവുമുണ്ട്. അക്ഷയ ഖനിയെന്നപോലെ എടുക്കുന്തോറും നിക്ഷേപം വർദ്ധിച്ചുകൊണ്ടിരിക്കും. അതിനാൽ ഒാരോരുത്തരുടെയും ശമ്പളത്തിനനുസരിച്ച് പെൻഷൻ നൽകുന്നതുകൊണ്ട് ആർക്കും ഒരു നഷ്ടവും വരാൻ പോകുന്നില്ല.
വർഷങ്ങളോളം ജോലി ചെയ്ത് പലവിധ സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗപീഡകളുമായി ശിഷ്ടകാലം ജീവിക്കാൻ വിധിക്കപ്പെട്ടവരെ പരമാവധി സഹായിക്കുന്നതിന് പകരം അവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന സമീപനമാണ് കേന്ദ്ര സർക്കാർ ഇൗ വിഷയത്തിൽ കാണിച്ചത്. ഇ.പി.എഫ് ഭേദഗതി നിയമം അപ്പാടെ റദ്ദാക്കി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച വിധിയിലും ചൂണ്ടിക്കാണിച്ചത് ഇൗ യാഥാർത്ഥ്യമാണ്. ഇ.പി.എഫ് വരിക്കാർക്ക് ഗുണകരമാകേണ്ട ഒരു പദ്ധതി എങ്ങനെ അട്ടിമറിക്കാമെന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ് പി.എഫ്. പെൻഷൻ വിഷയത്തിൽ കേന്ദ്രം പിന്തുടർന്ന നയസമീപനം. സർക്കാർ സർവീസിലെ ഒരു ക്ളാസ് ഫോർ ജീവനക്കാരന് ഭേദപ്പെട്ട പെൻഷൻ വാങ്ങാനുള്ള സാഹചര്യമുള്ളപ്പോൾ പി.എഫ്. വരിക്കാരൻ പിച്ചക്കാശിന് തുല്യമായ പെൻഷൻ വാങ്ങി കുടുംബം പുലർത്തണമെന്ന് പറയുന്നതിലെ നീതികേട് രണ്ട് പതിറ്റാണ്ടുകഴിഞ്ഞിട്ടും രാജ്യം ഭരിക്കുന്നവർക്കു ബോദ്ധ്യമാകാത്തത് 'അധികാരമത്ത് 'കൊണ്ടാകണം. പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം അനുസ്യൂതമായി ഒഴുകിക്കൊണ്ടേയിരിക്കുന്നതിനാൽ പെൻഷൻ നൽകാനാകാത്ത സ്ഥിതിയിലെത്തുമെന്ന ആശങ്കയ്ക്ക് ഒരടിസ്ഥാനവുമില്ല. ഫണ്ട് കൈകാര്യം ചെയ്യുന്നവരുടെ ധാർഷ്ട്യവും സമൂഹത്തിലെ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള വൈമനസ്യവുമാണ് പി.എഫ് പെൻഷൻ പദ്ധതി ഇക്കാലമത്രയും തൊഴിലാളി വിരുദ്ധമായി തുടരാൻ കാരണം.
പി.എഫ് വരിക്കാരുടെ താത്പര്യങ്ങൾ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഇ.പി.എഫ് ഒാർഗൈനേഷൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ പരമോന്നത കോടതി നേരത്തെ ഇൗ വിഷയത്തിൽ തൊഴിലാളികൾക്കനുകൂലമായി എടുത്ത നിലപാടുകൾ പ്രത്യാശപകരുന്നതാണ്. രാജ്യത്തെ പല ഹൈക്കോടതികളിലും പി.,എഫ് പെൻഷനുമായി ബന്ധപ്പെട്ട അനവധി ഹർജികൾ ഫയൽ ചെയ്യപ്പെട്ടിരുന്നു. ഹർജികൾക്ക് ആധാരമായ എല്ലാ സംശയങ്ങളും പരാതികളും ദൂരീകരിക്കാൻ സഹായകമായ വിധി പ്രസ്താവമാണ് കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ നിന്നുണ്ടായിരിക്കുന്നത്. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രവിധിതന്നെയാണ്. നിലവിൽ ആയിരം രൂപ മുതൽ മൂവായിരം രൂപവരെ ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ മാന്യമായ നിലയിലേക്ക് ഉയരാൻ ഇൗ വിധി സഹായകമാകുമെന്ന് പ്രതീക്ഷിക്കാം. അതിനായി തൊഴിലാളി സംഘടനകളും അവരോട് താത്പര്യമുള്ള രാഷ്ട്രീയ നേതാക്കളും തുടർന്നും ജാഗരൂകത പുലർത്തേണ്ടതുണ്ട്.