കാട്ടാക്കട: അതിർത്തി ചെക് പോസ്റ്റ് വഴി തമിഴ്നാട്ടിൽ നിന്നും കടത്തുന്ന ലഹരി പിടിക്കാൻ കർശന പരിശോധനകൾ ഇല്ലാത്തത് മലയോര മേഖലകളെ മുഴുവൻ കഞ്ചാവ്- മദ്യ- മയക്കുമരുന്ന് മാഫിയയുടെ പിടിയിലാക്കുന്നു. ജി.എസ്.ടി വന്നതോടെ തുറന്നിട്ട കള്ളിക്കാട്,നെയ്യാർഡാം, മണ്ഡപത്തിൻകടവ് തുടങ്ങിയ ചെക് പോസ്റ്റുകൾ വഴി എത്തുന്ന ലഹരി കടത്തുകാരെ നിയന്ത്രിക്കാൻ ഡ്യൂട്ടിയിലുള്ള ചുമതലയുള്ള ഉദ്യോഗസ്ഥരും മെനക്കെടാറില്ല.രാത്രികാലങ്ങളിൽ വരുന്ന വലിയ വാഹനങ്ങൾ മാത്രമാണ് ചെക്പോസ്റ്റുകളിൽ പരിശോധിക്കുന്നത്. ഇരു ചക്രവാഹനങ്ങളെ പരിശോധിക്കാത്തതിനാൽ മദ്യ മാഫിയാ സംഘങ്ങൾ കടത്തിന് സ്കൂട്ടർ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. ബൈക്കിന് പുറകിൽ സ്ത്രീകൾ കൂടിയുണ്ടെങ്കിൽ പിന്നെ പരിശോധനയേയില്ല.

ആര്യനാട് ,കാട്ടാക്കട എക്സൈസ് റേഞ്ച് മേഖലകളിൽ വമ്പൻ കച്ചവടക്കാർ നിരവധിയാണ്. ഇവർ എത്തിച്ചു നൽകുന്ന സാധനങ്ങളാണ് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വില്പനയ്ക്കായി എത്തിക്കുന്നത്. 18നും 21നും മദ്ധ്യേ പ്രായമുള്ള യുവാക്കളിൽ പലരും പണത്തിന് വേണ്ടിയാണ് ആദ്യം കാരിയർമാർ ആകുന്നതെങ്കിലും താമസിയാതെ ഇവരും കഞ്ചാവ്-മയക്കുമരുന്നുകൾക്ക് അടിമകളാകും. കഞ്ചാവുമായി പിടിക്കപ്പെടുന്നവരിൽ നിന്നും പ്രധാന ഉറവിടം കണ്ടെത്താനാകുമെങ്കിലും തുടരന്വേഷണം ഉണ്ടാകാത്തത് കച്ചവട ലോബിക്ക് സഹായകമാകുന്നുണ്ട്.

ആര്യനാട്, നെയ്യാർഡാം, കാട്ടാക്കട സ്റ്റേഷനുകളിലും അടുത്ത സമയത്ത് നിരവധി കഞ്ചാവ് വില്പനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് വെള്ളറട വഴി വരുന്ന കടത്തുകാർക്ക് സുഖമായി പോകാനും നെയ്യാർഡാം തന്നെ പ്രധാന കവാടം. സ്കൂൾ കോളജുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനക്കെത്തുന്നവരിൽ പിടിയിലാകുന്നത് ചെറുകച്ചവടക്കാരാണ്.നെടുമങ്ങാട് -കാട്ടാക്കട, ആര്യനാട്, നെയ്യാറ്റിൻകര എക്സൈസൈസ് സംഘങ്ങൾ റെയിഡുകൾ വ്യാപകമാക്കിയപ്പോഴാണ് സംഘങ്ങൾ പിടിയിലാകാൻ തുടങ്ങിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആര്യനാട്- കാട്ടാക്കട റേഞ്ച് പരിധിയിൽ ചെറു പൊതികളുമായി പിടിക്കപ്പെട്ടവർ നിരവധിയാണ്. എന്നാൽ ഇത്തരക്കാരിൽ ഭൂരിപക്ഷവും പെട്ടെന്ന്പുറത്തിറങ്ങി കച്ചവടം വീണ്ടും തുടരുകയാണ് പതിവ്. സ്പിരിറ്റ്‌ ഒഴുക്ക് ഒരു പരിധി വരെ നിയന്ത്രിക്കപ്പെട്ടന്ന് കരുതിയിരിക്കുമ്പാഴാണ് കഞ്ചാവ് മാഫിയ ശക്തമായി രംഗത്തെത്തിയത്.