ലോകത്തിലുള്ള എല്ലാ മുസ്ളിങ്ങളും അറബി ഭാഷയിലാണ് പ്രാർത്ഥന ചൊല്ലാറ്. ഖുർ -ആൻ പാരായണം ചെയ്യുന്നതും അപ്രകാരം തന്നെ. ഖുറാനിലെ ഇൗ വാക്കുകളെല്ലാം ദൈവത്തിൽനിന്ന് അവതരിച്ചതാണ് താനും. അപ്പോൾ ഒരു കുസൃതിചോദ്യം ഉള്ളിൽ തോന്നി. ദൈവം അറബിഭാഷ സംസാരിക്കുന്ന അറബിയായിരുന്നോ:? അറബിയാണോ?
ഭാരതീയരുടെ വേദങ്ങൾ സംസ്കൃതത്തിലാണ്. അവ അപൗരുഷേയങ്ങളുമാണ്. അതായത്, ഇൗശ്വരകൃതയാണ്. അപ്പോൾ ദൈവം സംസ്കൃതഭാഷ സംസാരിക്കുന്ന ആളാണോ?
അതുപോലെ യഹൂദമതത്തിലെയും ക്രിസ്തുമതത്തിലെയും ആധാരഗ്രന്ഥങ്ങൾ അനേകം പ്രവാചകന്മാർക്ക് ദൈവസന്ദേശം ലഭിച്ചതിന്റെ കഥകളാണ്. അപ്പോൾ ദൈവം ഹീബ്രു ഭാഷ സംസാരിക്കുന്ന യഹൂദനായിരുന്നോ? ഏകനായ ദൈവം ഇൗ ഭാഷകൾക്കെല്ലാം അതീതനായിരുന്നിരിക്കണം. ഇപ്പറഞ്ഞ ഭാഷകളെല്ലാം മനുഷ്യകൃതമാണ്. അപ്പോൾ ഏതാണ് ദൈവത്തിന്റെ ഭാഷ?
ബൈബിളിലെ യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നത്, ''ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടൊപ്പമായിരുന്നു. വചനം ദൈവമായിരുന്നു"" എന്നു പറഞ്ഞുകൊണ്ടാണ്. ആ വചനമാണ് ദൈവത്തിന്റെ ഭാഷ. അത് ദൈവത്തിന്റെ ഭാഷയല്ല. ആ ഭാഷ (വചനം) തന്നെയാണ് ദൈവം. അതിന് സമാനമായി ഭാരതീയർക്കുള്ളതാണ്. ഏകാക്ഷരമായ ഒാം.
ദൈവത്തിന്റെ ഇൗ ഭാഷ, മനുഷ്യരുടെ ഇടയിലുള്ള പ്രവാചകന്മാർക്കും ഗുരുക്കന്മാർക്കും പകർന്നുകിട്ടുന്നത് അതത് പ്രവാചകനും ഗുരുവിനും പരിചിതമായ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ നിലയിലാണ് . അതുകൊണ്ട് അവരിൽ ഒാരോരുത്തരും ദൈവവചനം തന്റെ ചുറ്റിനുമുള്ള ജനങ്ങൾക്ക് പകർന്നു നൽകുന്നത് തനിക്കും അവർക്കും പരിചിതമായ ഭാഷയിൽ പരിഭാഷപ്പെടുത്തിയ രൂപത്തിലാണ്.
ദൈവം അപ്പോഴും മനുഷ്യരുടെ വാക്കുകൾക്കും മനസിനും പ്രാപ്യമല്ലാതെയും ഭാഷകൾക്കെല്ലാം ആദികാരണമായ ആദിമവചനമായും തുടരും. അതുകൊണ്ടാണല്ലോ ഉപനിഷത്തിൽ ദൈവത്തെപ്പറ്റി പറയുന്നത്.
'യതോ വാചോ നിവർത്തന്തേ"
അപ്രാപ്യ മനസാ സഹ " എന്ന്.
യാതൊരിടത്തു നിന്നാണോ മനുഷ്യരുടെ വാക്ക് മനസിനോടൊപ്പം, അതിനെ എത്തിപ്പിടിക്കാനാവാതെ തോറ്റു പിൻവാങ്ങുന്നത് ആ ഇടം ആണ് ദൈവം അഥവാ ദൈവത്തിന്റെ ഭാഷ എന്നർത്ഥം.