പാറശാല:പാറശാല, കൊല്ലയിൽ, ചെങ്കൽ പഞ്ചായത്തുകൾ ചേരുന്ന കൊറ്റാമം ജംഗ്‌ഷനിലെ റവന്യു വകുപ്പിന്റെ ഭൂമിയും കെട്ടിടവും കാട് കയറി നശിച്ചിട്ടും അധികാരികൾക്ക് യാതൊരു കുലുക്കവുമില്ല. ദേശീയപാതയ്ക്കരികിലെ സർക്കാർ വക 15 സെന്റോളം കാടുകയറിയ ഭൂമിയിലെ സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾ കാരണം പൊറുതിമുട്ടുന്നത് നാട്ടുകാരാണ്. സർക്കാർ രേഖകളിൽ ഇപ്പോഴും ഇവിടെ കെട്ടിടമുണ്ട്. എന്നാൽ കാടുകയറിയ ഇവിടെ കെട്ടിടത്തിന്റെ ഏതാനും ചുമരുകൾ മാത്രമാണ് അവശേഷിക്കുന്നത്. മുൻകാലത്ത് സർക്കാർ റവന്യൂ ഫർക്ക ഒഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടം ഏകദേശം 35 വർഷത്തോളമായി അധികൃതരുടെ അനാസ്ഥമൂലം കാടുകയറി നശിക്കുകയാണ്.

അനാഥമായ ഭൂമി

റവന്യു ഫർക്ക ഓഫീസ് പ്രവർത്തനം നിലച്ചതോടെ എം. സത്യനേശൻ എം.എൽ.എയുടെ കാലത്ത് ഇവിടുത്തെ കെട്ടിടം അറ്റകുറ്റപ്പണികൾ തീർത്ത് പുതുക്കിപണിതിരുന്നു. പുതുക്കിയ കെട്ടിടം ഖാദിബോർഡിന് കൈമാറി ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നെങ്കിലും കേന്ദ്രംപ്രവർത്തനം ആരംഭിക്കാത്തതുമൂലം സ്ഥലം വീണ്ടും നാഥനില്ലാത്ത അവസ്ഥയിലായി.

ഇനി ചുമര്മാത്രം

സ്ഥലം നാഥനില്ലാതായതോടെ കെട്ടിടത്തിന്റെ മേൽക്കുര ഉൾപ്പടെയുള്ള ജന്നലുകളും വാതിലുകളും ഇവിടുത്തുകാർ അടർത്തിമാറ്റി. തേക്കിൻതടിയിൽ നിർമ്മിച്ചിട്ടുള്ള ജന്നലുകളും വാതിലുകളും നഷ്ടപ്പെട്ടതോടെ ഇപ്പോൾ അവശേഷിക്കുന്നത് കുറെ ചുമരുകൾ മാത്രമാണ്. ഇപ്പോൾ തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയിൽ കൊറ്റാമം ജംഗ്ഷനിൽ സർക്കാർ വക കാടാണ് കാണാൻ കഴിയുന്നത്.

എല്ലാം ഉപയോഗ ശൂന്യം

കോമ്പൗണ്ടിനുള്ളിൽ തെങ്ങ്, മാവ്, പ്ലാവ്, പുളിമരം ഉൾപ്പടെ കായ്ഫലമുള്ള നിരവധി വൃക്ഷങ്ങൾ ഉണ്ട്. എന്നാൽ സർക്കാർ വക മറ്റ് സർക്കാർ വക സ്ഥലങ്ങളിലെ കായ്ഫലം എടുക്കാൻ ലേലം നടത്താറുള്ളതുപോലെ ഇവിടെ ലേലം നടത്താറില്ല. മാത്രമല്ല കടുത്ത വേനലിലും ശുദ്ധജലം ലഭിക്കുന്ന കിണറുണ്ട്. എന്നാൽ കാടുകയറി നശിച്ചതുകാരണം കിണർ ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. ഇപ്പോൾ ഇഴജന്തുക്കളുടെ താവളമാണ് ഇവിടം. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന പാറശാല പരശുവക്കൽ വില്ലേജ് ഓഫീസ് അടുത്ത കാലത്തായി ഈ സ്ഥലത്ത് സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ കൊല്ലയിൽ പഞ്ചായത്തിന്റെ ഭാഗമായ ഇവിടേക്ക് വില്ലേജ് ഓഫീസ് മാറ്രുന്നത് നാട്ടുകാർ എതിർത്തതോടെ പദ്ധതി ഉപേക്ഷിച്ചു. സ്ഥലം ഉപകാരപ്രദമാകണമെന്ന് ആവശ്യപ്പെട്ട് നിലവിലെ എം.എൽ.എ.എ.ക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.