agricultur

നെടുമങ്ങാട്: ചെല്ലഞ്ചിയിലെ കർഷകരുടെ സ്വപ്നങ്ങൾക്ക് മേൽ നിഴൽ വീഴ്ത്തി ഇനിയും ട്രാക്ടർ എത്തിയില്ല. കർഷകർ വരമ്പൊരുക്കി കാത്തിരിക്കുകയാണ്, ട്രാക്ടറിന്റെ വരവിനായി. പക്ഷേ മാസങ്ങൾ കഴിഞ്ഞിട്ടും ട്രാക്ടറെത്തിയില്ല. ഇപ്പോൾ പലരും നെൽക്കൃഷി വിട്ട് മറ്റു വിളകളിലേക്ക് തിരിഞ്ഞു. ഭൂരിഭാഗം പേരും വയലിൽ കൃഷിയിറക്കാതെ തരിശിട്ടു. ആനകുളം-പനവൂർ ഏലായിലെ കരാർ കർഷകർ ഇതര കൃഷികൾ ചെയ്യുന്നതിനാൽ ദൗത്യം ഉപേക്ഷിക്കാനാണ് ത്രിതല പഞ്ചായത്ത് ഭരണസമിതികൾ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

നഗരസഭയിലും ആനാട് ഗ്രാമപഞ്ചായത്തിലും തരിശ് ഏലാകൾ ഏറെയാണ്. നഗരസഭയിലെ പ്രധാന വയലായിരുന്ന പതിനൊന്നാംകല്ല് ഏലാ മണ്ണിട്ടു മൂടുന്നതിന്റെ തിരക്കിലാണ് അധികൃതർ. മിക്ക പഞ്ചായത്തുകളിലും ഒന്നോ രണ്ടോ ഹെക്ടറിൽ താഴെയാണ് വയലുള്ളത്. കുറഞ്ഞത് അഞ്ച് ഹെക്ടറെങ്കിലും ഉണ്ടെങ്കിലേ പാടശേഖരസമിതിക്ക് രജിസ്‌ട്രേഷനും സർക്കാർ ആനുകൂല്യങ്ങളും ലഭിക്കൂ. ചെല്ലഞ്ചിയിൽ പാട്ടക്കൃഷി ചെയ്യുന്ന കർഷകരാണ് കൂടുതൽ. ട്രാക്ടർ, കൊയ്ത്തു മെതിയന്ത്രം, കളയെടുക്കൽ യന്ത്രം എന്നിവ ഉൾപ്പെടുന്ന യന്ത്രവത്കൃത യൂണിറ്റ് ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ, വർഷത്തിൽ ഒരു കൃഷി മാത്രം ചെയ്യുന്ന പ്രദേശങ്ങളിൽ ലക്ഷങ്ങൾ മുടക്കി യന്ത്രങ്ങൾ വാങ്ങി നൽകുന്നത് നഷ്ടക്കച്ചവടമാണെന്നാണ് അധികൃതരുടെ നിലപാട്. കൃഷിയിറക്കുന്നതോടെ ട്രാക്ടറും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയുണ്ടാവുമെന്ന് കൃഷിഭവൻ ഉദ്യോഗസ്ഥർ പറയുന്നു.

മുളയിലേ നുള്ളി അധികൃതർ

നെടുമങ്ങാട് താലൂക്കിൽ നെൽക്കൃഷി വിപുലീകരണ പദ്ധതിയോട് ജനപ്രതിനിധികളും പാടശേഖര സമിതികളും മുഖം തിരിച്ചെന്നാണ് പരാതി. മുപ്പത് ഹെക്ടറിൽ നെൽക്കൃഷി തിരികെ കൊണ്ടുവരാനുള്ള മാതൃകാ ദൗത്യമാണ് ആനാട്, പനവൂർ പഞ്ചായത്തുകൾ മുളയിലേ നുള്ളിയത്. ഹരിതകേരളം ടീമിന്റെയും വാമനപുരം, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തുകളുടെയും സ്വപ്നപദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്. ഇരുപത് ഹെക്ടറിൽ ഇപ്പോഴും നെൽക്കൃഷി സംരക്ഷിക്കുന്ന പെരിങ്ങമ്മലയിലും, 3 ഹെക്ടർ അവശേഷിക്കുന്ന ചെല്ലഞ്ചിയിലും നിലമുഴാൻ ക്രമീകരണമില്ലെന്നതാണ് കുഴക്കുന്നത്.