കാട്ടാക്കട: അതിർത്തി ചെക്കുപോസ്റ്റുകളിൽ പരിശോധന കാര്യക്ഷമമാകാത്തതുകാരണം മലയോര മേഖലകൾ കഞ്ചാവ്-മദ്യ-മയക്കുമരുന്ന് മാഫിയയുടെ പിടിയിലായി. തമിഴ്നാട്ടിൽ നിന്നാണ് ലഹരിവസ്തുക്കൾ ചെക്ക്പോസ്റ്റുകൾ വഴി ഗ്രാമങ്ങളിലേക്ക് എത്തുന്നത്. രാത്രികാലങ്ങളിൽ വരുന്ന വലിയ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. ഇരുചക്ര വാഹനങ്ങൾ പലപ്പോഴും പരിശോധനയിൽപ്പെടാറില്ല. ഇതു മുതലെടുത്താണ് ലഹരി കടത്തു സംഘങ്ങൾ ബൈക്കുകൾ ഉപയോഗിക്കുന്നത്. നിരോധിത പാൻ മസാലകളുടെ വില്പനയും തകൃതിയാണ്. ആര്യനാട്, കാട്ടാക്കട എക്സൈസ് റെയ്ഞ്ച് മേഖലകളിലും നിരവധി ലഹരി കച്ചവടക്കാരുണ്ട്. ഇവർ എത്തിച്ചു നൽകുന്ന സാധനങ്ങളാണ് സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കച്ചവടത്തിനായി എത്തിക്കുന്നത്. പലരും പണത്തിന് വേണ്ടിയാണ് കടത്തുകാരാകുന്നതെങ്കിലും താമസിയാതെ ഇവരും ലഹരിക്ക് അടിമകളാകാറുണ്ട്. പലരും കഞ്ചാവുമായി പിടിക്കപ്പെടുന്നുണ്ടെങ്കിലും നിയമത്തിന്റെ പഴുതിലൂടെ പ്രതികൾ രക്ഷപ്പെടാറാണ് പതിവ്. കഞ്ചവ് മാഫിയയെ അമർച്ച ചെയ്യാൻ എക്സൈസിന്റേയും പൊലീസിന്റെയും ശക്തമായ ഇടപെടലുകളും യുവതലമുറയ്ക്കായി ബോധവത്കരണ ക്ളാസുകളും അനിവാര്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേസുകൾ നിരവധി
ആര്യനാട്, നെയ്യാർഡാം, കാട്ടാക്കട സ്റ്റേഷനുകളിൽ അടുത്തിടെ നിരവധി കേസുകളിലായി കഞ്ചാവ് വില്പനക്കാരെ അറസ്റ്റു ചെയ്തിട്ടുണ്ട്. നെടുമങ്ങാട് - കാട്ടാക്കട, ആര്യനാട്, നെയ്യാറ്റിൻകര എക്സൈസൈസ് സംഘങ്ങൾ റെയ്ഡ് വ്യാപകമാക്കിയപ്പോഴാണ് ലഹരി കടത്ത് സംഘങ്ങൾ പിടിയിലാകുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആര്യനാട്- കാട്ടാക്കട റെയ്ഞ്ച് പരിധിയിൽ കഞ്ചാവിന്റെ ചെറു പൊതികളുമായി പിടിക്കപ്പെട്ടവർ നിരവധിയാണ്. പലപ്പോഴും ഇവർ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാറാണ് പതിവ്